അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കുന്നു; എല്ലാ കണ്ണുകളും യുപിയില്‍ ! യോഗിയോ അഖിലേഷോ യുപിയുടെ പുതിയ നായകന്‍. ചിത്രത്തിലേ ഇല്ലാതെ കോണ്‍ഗ്രസും ബിഎസ്പിയും ! പഞ്ചാബില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസും ആംആദ്മിയും. മണിപ്പൂരില്‍ ബിജെപി വീഴുമോ അതോ വാഴുമോ ? ഗോവയില്‍ 21 എന്ന മാന്ത്രിക നമ്പറില്‍ ആരെത്തും ! ഉത്തരാഖണ്ഡില്‍ ഉള്‍പ്പോരില്‍ ആരു നേട്ടമുണ്ടാക്കും. വോട്ടെണ്ണല്‍ 10ന് ! എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്നു കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്. പഞ്ചാബില്‍ ഭരണം പോയാല്‍ അതു കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഇല്ലാതാക്കും. വൈകീട്ട് ആറ് മണിക്ക് ശേഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതുമ്പോള്‍ ഏറെ പ്രാധാന്യം യുപിക്ക് തന്നെയാണ്. കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി സംഭവം, ഉന്നാവിലെയും ഹാത്രസിലെയും പീഡന കേസുകള്‍ തുടങ്ങി നിരവധി വിഷയങ്ങള് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്ന് കണ്ടറിയണം. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും പൂര്‍വ്വാഞ്ചലിലുമായി നടന്ന ആറ് ഘട്ടങ്ങളില്‍ അഞ്ചിലും പോളിംഗ് ശതമാനം കുറഞ്ഞിരുന്നു.

മുന്‍തവണത്തെ പ്രകടനം ആവര്‍ത്തിക്കാനാവില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. യോഗിക്ക് പഴയ സ്വീകാര്യതയില്ലെങ്കിലും പൂര്‍ണമായി നഷ്ടമായിട്ടില്ലെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ.

അതേസമയം നേര്‍ക്കുനേര്‍ പോരാട്ടമെന്ന പ്രതീതീയുണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബിഎസ്പിയും കോണ്‍ഗ്രസുമൊന്നും തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ല. പ്രതിപക്ഷ ഐക്യമുണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് എതിരെ ഗുണം ചെയ്‌തേനെയെന്ന് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.

publive-image

പഞ്ചാബില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അത്ര പന്തിയല്ലെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അവസാനഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റം തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ചന്നിയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തില്‍ ദളിത് വോട്ടുകള്‍ പെട്ടിയില്‍ വീഴുമെങ്കിലും പാര്‍ട്ടിയിലെ അനൈക്യം തിരിച്ചടിയാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

അതേസമയം ആംആദ്മിക്ക് എടുത്തുകാട്ടാന്‍ തക്ക നേതാക്കളില്ലാത്തത് തിരിച്ചടിയാകും. പാര്‍ട്ടി സംവീധാനത്തിന്റെ പോരായ്മയും അവര്‍ക്കുണ്ട്. ക്യാപ്റ്റന് പട്യാലയില്‍ അടിതെറ്റുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.

കേവല ഭൂരിപക്ഷമെന്ന 21 സീറ്റ് ബാലികേറാമലയായി കാണുന്ന ഗോവയില്‍ ഫലത്തിന് ശേഷമുള്ള സഖ്യ നീക്കങ്ങളിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കണ്ണുകള്‍. നാളെ മുതല്‍ വിജയിക്കാനിടയുള്ള നേതാക്കളെ സംരക്ഷിക്കുക എന്നതും വെല്ലുവിളി തന്നെ. അതേസമയം ബിജെപിയിലെയും കോണ്‍ഗ്രിസിന്റെയും ഉള്‍പ്പോരിന്റെ ഫലം കൂടിയാണ് ഉത്തരാഖണ്ഡിലെയും മണിപ്പൂരിലെയും ജനവിധി.

ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താമെന്ന് ബിജെപിയും തിരിച്ചുവരുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. മണിപ്പൂരില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.

Advertisment