/sathyam/media/post_attachments/8Eeud6ajtnFarqKmWAfG.jpg)
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അത് നിലവില്‍ പ്രവചിക്കപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാണെങ്കില്‍ ഒരു കാര്യം ഉറപ്പ് - ദേശീയ രാഷ്ട്രീയത്തില്‍ പുതിയ താരോദയമായി അരവിന്ദ് കെജരിവാള്‍ മാറും.
ഇക്കാലമത്രയും എഎപിയുടെ വിജയം 'ഡല്‍ഹിയിലെ മാത്രം ഒരു പ്രത്യേക പ്രതിഭാസം' എന്ന തലത്തില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ പരീക്ഷണ വിജയം നേടുന്ന പുത്തന്‍ പ്രതിഭാസമായി മാറുകയാവും ഫലം.
ആം ആദ്മിക്ക് തല്‍ക്കാലമോ സമീപഭാവിയിലോ ഒരു ദേശീയ ബദലായി മാറാന്‍ കഴിഞ്ഞില്ലെങ്കിലും ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയെ നയിക്കാന്‍ പ്രാപ്തമായ സ്വീകാര്യനായ നേതാവായി കെജരിവാള്‍ മാറിക്കൂടായ്കയില്ല. അത്തരം ഒരു നിരീക്ഷണം ശക്തമാണ്.
ഇടതു പാര്‍ട്ടികളും മമതയും എസ്‌പി ബിഎസ്‌പി പാര്‍ട്ടികളും ബിജു പട്നായിക്കും ചന്ദ്രശേഖര റാവുവുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ ബദല്‍ രൂപം കൊള്ളുകയും അരവിന്ദ് കെജരിവാള്‍ അതിനെ നയിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ജനത അംഗീകരിക്കാനിടയുള്ള സഖ്യമായി മാറും. കോണ്‍ഗ്രസിനും അവശിഷ്ട യുപിഎ ഘടകകക്ഷികള്‍ക്കും ആ ബദലിനെ മനസില്ലാ മനസോടെ പിന്തുണയ്ക്കേണ്ടിയും വരും.
അത്ര എളുപ്പമല്ലെങ്കിലും ബിജെപിയെ പ്രതിരോധിക്കാന്‍ ചില്ലറ കളികള്‍ പോരെന്ന യാഥാര്‍ഥ്യം മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അംഗീകരിക്കേണ്ടി വരും.
അത് കെജരിവാളിലേയ്ക്ക് വഴി തുറക്കും. ഡല്‍ഹി മോഡല്‍ വികസനം പൊതുസമൂഹത്തെ അത്രമേല്‍ സ്വാധീനിച്ചു തുടങ്ങി എന്നത് യാഥാര്‍ഥ്യമാണ്.
അങ്ങനെയെങ്കില്‍ പത്താം തീയതി പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ ഒരു ഫ്രതിഫലനമായി മാറുമെന്നുറപ്പിക്കാം. കെജരിവാള്‍ എന്ന യാഥാര്‍ഥ്യത്തെ ബിജെപിയും അംഗീകരിക്കേണ്ടി വരും.