ഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കൂടുന്നതിനാല്‍ നാളെ മുതല്‍ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും. നേരത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തില്‍ പെട്രോള്‍-ഡീസല്‍ വില നാലുമായി കൂടിയിരുന്നില്ല. ഇതിനാണ് നാളെ മുതല്‍ മാറ്റം ഉണ്ടാകുക.
കഴിഞ്ഞ നവംബര്‍ മൂന്നിനു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ വില വര്‍ധനവില്‍ ചെറിയ ആശ്വാസം ലഭിച്ചിരുന്നു.
യുപി അടക്കമുള്ള അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ ഇടപെടല്‍. പിന്നീടു രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോഴും കഴിഞ്ഞ 2 മാസത്തോളമായി റെക്കോര്‍ഡ് വിലക്കയറ്റമുണ്ടായപ്പോഴും വില അനങ്ങാതെ നിന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വില കൂട്ടാനുള്ള നീക്കത്തിലാണ് എണ്ണ കമ്പനികള്‍.
നിലവിലെ നഷ്ടം നികത്താന്‍ ഒറ്റയടിക്കു വില കൂട്ടാതെ ഘട്ടം ഘട്ടമായി വില വര്‍ധന നടപ്പാക്കാനാണ് പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ലിറ്ററിന് 30 രൂപ വരെ കൂട്ടണമെന്നാണ് എണ്ണ കമ്പനികളുടെ നിലപാട്. ഒറ്റയടിക്ക് വില കൂട്ടില്ലെന്നു തന്നെയാണ് സൂചന.
അതോടൊപ്പം എക്‌സൈസ് നികുതിയില്‍ നേരിയ ഇളവു നല്‍കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ജനങ്ങള്‍ക്ക് വലിയ ഭാരം അനുഭവപ്പെടാതിരിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
നേരത്തെ നവംബര്‍ മൂന്നിന് എക്‌സൈസ് നികുതി കുറയ്ക്കുന്നതിനു മുന്‍പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. 2020ല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്രനികുതി ഒറ്റയടിക്ക് കൂട്ടിയിരുന്നു.
രണ്ടു തവണയായി പെട്രോളിനു 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്ര നികുതി 2020ല്‍ കൂട്ടിയത്. 2014ല്‍ ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്രനികുതി.
ഇപ്പോള്‍ യഥാക്രമം 27.90 രൂപയും 21.80 രൂപയുമാണ് പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചപ്പോള്‍ കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളും സംസ്ഥാന നികുതിയിലും കുറവു വരുത്തിയിരുന്നു. വില കൂടുന്നതനുസരിച്ച് നികുതിയിലും വര്‍ധനവ് ഉണ്ടാകും.