/sathyam/media/post_attachments/QkaZMjuJ1P0eOdNoYwFU.jpg)
ഡല്‍ഹി: രാജ്യ തലസ്ഥാനത്തിനപ്പുറം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും പഞ്ചാബ് പോലെ വലിയൊരു സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കഴിഞ്ഞതും ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നു. ഡല്‍ഹിക്കും പഞ്ചാബിനും അപ്പുറം ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് എഎപിയും അരവിന്ദ് കെജ്രിവാളും വളരുന്നു എന്നതാണ് ശ്രദ്ധേയം. അതായത് ബിജെപിക്ക് ബദലായി കെജ്രിവാളിനെ ജനം കണ്ടു തുടങ്ങി എന്നു വ്യക്തം.
ഡല്‍ഹിയില്‍ ആം ആദ്മി നേടിയ വിജയത്തെ കേവലം ഒരു സ്ഥലത്തെ മാജിക് എന്നു തന്നെയാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ വന്നതും എതിരാളികള്‍ ആഘോഷമാക്കി.
എന്നാല്‍ ഇതിലൊന്നും എഎപി തളര്‍ന്നില്ല. ഡല്‍ഹിയിലെ പോലെ തന്നെ പഞ്ചാബിലും ആപ്പ് ചൂലെടുത്തത് കോണ്‍ഗ്രസിനെ തൂത്തെടുക്കാനായിരുന്നു. ഇനി ആപ്പ് ലക്ഷ്യമിടുന്നത് ഹരിയാനയാണ്.
ഉത്തരേന്ത്യയിലെ 20 ലോക്‌സഭാ സീറ്റുകളില്‍ ഇപ്പോള്‍ തന്നെ സ്വാധീനം വര്‍ധിപ്പിച്ച കെജ്രിവാള്‍ ഇനി പ്രതിപക്ഷ ഐക്യത്തിന്റെ നേതാവാകുമോ എന്നു അറിയേണ്ടതുണ്ട്. മമതയ്ക്ക് ഒപ്പം ബിജെപിയെ എതിര്‍ക്കാനാകുന്ന ഒരു ദേശീയ നേതാവ് എന്ന നിലയിലേക്ക് അരവിന്ദ് കെജ്രിവാള്‍ ഉയര്‍ന്നു കഴിഞ്ഞു.
അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഇതര ബിജെപി ഇതര മുന്നണിക്ക് ഇനി സ്‌കോപ്പ് ഉണ്ടെങ്കില്‍ അതിന് നേതൃത്വം കെജ്രിവാളിലേക്ക് വരുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനെ കൊണ്ട് ഇനി ബിജെപിയെ നേരിടാനാകുമോയെന്ന ചോദ്യവും ഈ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പോടെ ഉയര്‍ന്നു കഴിഞ്ഞു