/sathyam/media/post_attachments/XCnsxlk1xrt2QVHaSmFd.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ എഎപി സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ഒരു ചരിത്രമുണ്ട് കോണ്‍ഗ്രസിന്, അതും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം. പക്ഷേ ഇപ്പോള്‍ അതേ എഎപിയും കോണ്‍ഗ്രസും ഒരു കാര്യത്തില്‍ തുല്യരായി മാറുകയാണ് - രണ്ടു പാര്‍ട്ടികള്‍ക്കും രാജ്യത്ത് 2 മുഖ്യമന്ത്രിമാര്‍ വീതമാണുള്ളത്. കോണ്‍ഗ്രസിന് രാജസ്ഥാനിഛത്തീസ്‌ഗഡിലും. എഎപിക്ക് ഡല്‍ഹിയിലും പഞ്ചാബിലും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഭരണപങ്കാളിത്തം ഉണ്ടെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം.
അടുത്ത കാലം വരെ രാജ്യത്തെ മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന കോണ്‍ഗ്രസിന്‍റെ സ്ഥിതിയാണിത്. പാര്‍ട്ടിക്ക് ഏറ്റവും ശക്തമായ അടിത്തറയുണ്ടായിരുന്ന കേരളത്തില്‍പോലും തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തായി. അടുത്ത പ്രാവശ്യം തിരികെ എത്താമെന്ന പ്രതീക്ഷയുമില്ല.
രാജ്യത്തെ രാഷ്ട്രീയവും പൊതുരംഗവും മാറിയിട്ടും അതുള്‍ക്കൊള്ളാത്തതാണ് കോണ്‍ഗ്രസിന്‍റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം. ഏറ്റവും ഒടുവില്‍ പഞ്ചാബില്‍ സംഭവിച്ചതും അതുതന്നെയാണ്. താരതമ്യേന ജനകീയനായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ബദലായി സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതുമുതല്‍ തകര്‍ച്ച തുടങ്ങി. വീണ്ടും അമരീന്ദറിനെ മാറ്റി ഛന്നിയെ മുഖ്യമന്ത്രിയാക്കിയപ്പോഴും ഛന്നിയും സിദ്ദുവും തമ്മിലായിരുന്നു പോര്. ആ പോര് തുടരുകയും ചെയ്യുന്നു.
എന്നിട്ടും എന്താണ് പരാജയകാരണം എന്ന് കോണ്‍ഗ്രസിനു മനസിലാകുന്നില്ലത്രെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള രാഷ്ട്രീയമല്ല 2022 -ലെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. 2022 -ലെ രാഷ്ട്രീയപരീക്ഷണമാണ് ആപ്പിന്‍റെ ജയം.