കോണ്‍ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി ! മൂന്നു വര്‍ഷമായിട്ടും മുഴുവന്‍ സമയ അധ്യക്ഷനില്ലാത്ത ലോകത്തെതന്നെ ഏക ദേശീയ പാര്‍ട്ടി ! രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രിയേയും സർക്കാരിനെയും തെരഞ്ഞെടുക്കാന്‍ വെറും 45 ദിവസം മാത്രമെടുക്കുമ്പോള്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തെരെഞ്ഞെടുപ്പിനു വേണ്ടത് മൂന്നു വര്‍ഷം. ശശി തരൂർ, സച്ചിൻ പൈലറ്റ്, മനീഷ് തിവാരി തുടങ്ങിയ ജനപ്രിയ നേതാക്കളെ ഇനിയെങ്കിലും കോൺഗ്രസ് അംഗീകരിക്കുമോ ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കനത്ത തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ വരാനിരിക്കുന്നത് കലഹത്തിന്റെ നാളുകള്‍തന്നെയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പരസ്യമായി ചോദ്യം ചെയ്യാന്‍ തന്നെയാകും ജി 23 നേതാക്കളുടെ തീരുമാനം.

നേതൃമാറ്റം ഉടന്‍ ഉണ്ടാകണമെന്നു തന്നെയാണ് നേതാക്കള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്. അതിനൊപ്പമായിരിക്കും പാർട്ടിയുടെ പൊതുവികാരം എന്നതാണ് നേതൃത്വം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

നിലവിലെ സാഹചര്യത്തിൽ അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല എന്നതു എല്ലാ നേതാക്കള്‍ക്കും ബോധ്യമുള്ളതായിരുന്നു. പലവട്ടം ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ നേതാക്കൾ ശ്രമിച്ചപ്പോഴും അവരെ അപമാനിക്കുകയായിരുന്നു നേതൃത്വം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയൊഴിഞ്ഞതോടെ അനാഥമായി കിടക്കുകയാണ് ആ പദവി. ലോകത്ത് ഏതെങ്കിലും ഒരു ദേശീയ പാര്‍ട്ടി അവരുടെ അധ്യക്ഷന്റെ പദവി മൂന്നു വര്‍ഷം ഒഴിച്ചിട്ട ചരിത്രമുണ്ടോയെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.

താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗന്ധി വന്നെങ്കിലും ദൈനംദിന കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നില്ല. അതിനുള്ള ആരോഗ്യ സ്ഥിതി അവർക്കില്ല. ഇതിനു പുതിയ സംവീധാനം ഉണ്ടാകണം എന്നു തന്നെയാണ് ജി 23 നേതാക്കള്‍ തുടര്‍ച്ചയായി വാദിച്ചിരുന്നത്. അത് രാഹുൽ ആയാൽ പോലും അവർക്ക് എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ ഇനി രാഹുലിനെ അവർ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം.

ഏറ്റവും ഒടുവില്‍ പാര്‍ട്ടി പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പക്ഷേ രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രിയേയും മന്ത്രിമാരെയും എംപിമാരെയും അടക്കം വെറും 45 ദിവസം കൊണ്ട് തെരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പഴയ ജനാധിപത്യ പാര്‍ട്ടി അതിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മൂന്നാം വർഷം വരെ നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഖ്യാപിച്ചതില്‍ കടുത്ത അസംതൃപ്തിയാണ് ഉയരുന്നത്. ഈ പാർട്ടിക്ക് ഇനിയും നന്നാകാൻ ഉദ്ദേശ്യമില്ലെന്ന വിളംബരം പോലെയായി ഈ സംഘടനാ തെരെഞ്ഞെടുപ്പ് പ്രക്രിയ.

എന്തായാലും ഈ തിരിച്ചടി കോണ്‍ഗ്രസിന് പുതിയ നേതൃമാറ്റത്തിലേക്കും നവീകരിക്കാനുമുള്ള അവസാന അവസരമാണെന്നു പറയാം. ശശി തരൂർ, സച്ചിൻ പൈലറ്റ്, മനീഷ് തിവാരി, ഡികെ ശിവകുമാർ പോലുള്ള ഇനിയും പാർട്ടിയിൽ അവശേഷിക്കുന്ന ജനപ്രിയ മുഖങ്ങളെ പാർട്ടി തലപ്പത്തേയ്ക്ക് എത്തിച്ചാൽ പ്രതീക്ഷയ്ക്ക് വകയെങ്കിലും ഉണ്ടാകും.

അതല്ല ഏറാൻമൂളികളായ അധീർ ബെൻ ചൗധരി പോലുള്ള റിമോട്ട് കൺട്രോൾ നേതൃത്വമാണ് രാഹുലും സോണിയയും ഉദ്ദേശിക്കുന്നതെങ്കിൽ കോൺഗ്രസിനോട് സഹതപിക്കാൻ മാത്രമേ ആ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് കഴിയുകയുള്ളൂ. ഇനിയും ഈ തിരിച്ചടികളില്‍ നിന്നും പഠിച്ചില്ലെങ്കില്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇനി അധികദൂരമുണ്ടാകില്ല.

ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ അവശേഷിക്കുന്ന രാജസ്ഥാൻ , ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകൾക്കും അധികനാൾ ബാക്കിയില്ലെന്ന കാര്യം കോൺഗ്രസ് മറക്കാതിരുന്നാൽ മതി. ബിജെപിക്ക് അത് നല്ല ഓർമ്മയുമുണ്ട്.

Advertisment