/sathyam/media/post_attachments/ii6RnaBQiXFuP9n3w7Oy.jpg)
ഡല്‍ഹി: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നതിന്റെ സൂചനകളാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. രാഹുല്‍ പ്രഭാവം എന്നതു മാത്രമല്ല സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനായില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എന്തായാലും വരും ദിവസങ്ങലില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള കലാപക്കൊടി ഉയരും.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയൊഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. പകരം അധ്യക്ഷനുമായിട്ടില്ല. രാഹുല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായതിനുശേഷം ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായിട്ടില്ല.
ഇത്തവണ യുപിയില്‍ രാഹുലിനെക്കാള്‍ പ്രിയങ്കയുടെ സാന്നിധ്യമായിരുന്നു കണ്ടത്. കോണ്‍ഗ്രസിന്റെ യുപിയിലെ മുഖം താനാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
എന്തായാലും ആ മുഖം വികൃതമാകുന്ന കാഴ്ചയാണ് യുപിയില്‍ കണ്ടത്. ഇനിയെങ്കിലും ഇവര്‍ മാറണമെന്ന ആവശ്യം ഇതോടെ പരസ്യമായി ഉയരും.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കും ലോക്‌സഭാ കക്ഷി നേതാവായും പുതിയ നേതാക്കള്‍ വരണമെന്നു തന്നെയാണ് ജി23 നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിലേക്ക് ഗുലാം നബി ആസാദും മനീഷ് തിവാരിയും കബില്‍ സിബലുമൊക്കെയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ശശി തരൂരുമൊക്കെ വരണമെന്ന ആവശ്യത്തിന് ഇതോടെ ശക്തിയേറുകയാണ്.
സോണിയാ ഗാന്ധിക്ക് പഴതുപോലെ അധ്യക്ഷ പദവിയില്‍ ഇടപെടല്‍ നടത്താനാകുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷന്‍ വൈകേണ്ടെന്നു തന്നെയാണ് നേതാക്കളുടെ പക്ഷം. തെരഞ്ഞെടുപ്പ് പ്രക്രിയ നടന്ന് പുതിയ അധ്യക്ഷന്‍ വരുന്നതുവരെ ഇടക്കാല അധ്യക്ഷനെ നിയമിച്ച് ഉടന്‍ തന്നെ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്നും ഇവര്‍ വാദിക്കുന്നു.
ഇതിനു കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ഒരു പിളര്‍പ്പിലേക്കു പോകാനുള്ള സാധ്യതയുമുണ്ട്. ജി 23 നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി വരാനുള്ള സാധ്യതയും തള്ളാനാകില്ല.