തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജി 23 നേതാക്കള്‍ നാളെ യോഗം ചേരും ! യോഗം ഗുലാംനബിയുടെ വീട്ടില്‍ വൈകിട്ട്. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യത്തിലുറച്ച് നേതാക്കള്‍ ! ദേശീയ നേതൃത്വം മാറണമെന്നും പ്രവര്‍ത്തക സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യം. ശശി തരൂരിനെ ലോക്‌സഭാ കക്ഷിനേതാവായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങി ജി 23 നേതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ യോഗം ചേരാനൊരുങ്ങി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍. ജി 23 നേതാക്കള്‍ നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേരും. അടിയന്തരമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം സോണിയാ ഗാന്ധിയെ അറിയിക്കാനാണ് ഇവരുടെ തീരുമാനം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ പുനസംഘടിപ്പിക്കുകയും പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്നുമാണ് ജി23 നേതാക്കള്‍ പറയുന്നത്. ദേശീയ നേതൃത്വം മാറി പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനാകുന്ന നേതാക്കള്‍ പദവിയില്‍ വരണമെന്നാണ് ഇവരുടെ ആവശ്യം. കടുത്ത ഭാഷയിലാണ് തെരഞ്ഞെടുപ്പ് പരാജയത്തോട് ഈ നേതാക്കള്‍ പ്രതികരിച്ചത്.

ഗുലാംനബി ആസാദ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഞാന്‍ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോല്‍വി കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നല്‍കി.

ഞാനും എന്റെ സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'.

തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമെന്ന് ശശി തരൂര്‍ എംപി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുയ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വേദനിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂര്‍ തുറന്നടിച്ചിരുന്നു.

നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ജി23 നേതാക്കളില്‍ പ്രമുഖരായ ഗുലാംനബി ആസാദിനെയും മനീഷ് തിവാരിയും താരപ്രചാരകരുടെ പട്ടികയില്‍ നിന്നും ഹൈക്കമാന്‍ഡ് ഒഴിവാക്കിയിരുന്നു. പഞ്ചാബില്‍ ഏറെ സ്വാധീനുമുള്ള മനീഷ് തിവാരിയെ വെട്ടി നിരത്തിയാണ് ദേശീയ നേതൃത്വം പഞ്ചാബിലെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എന്തായാലും തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും മാറ്റം വേണമെന്ന നിര്‍ദേശം ജി23 മുമ്പോട്ടു വയ്ക്കുന്നുണ്ട്. ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ ഉയര്‍ത്തിക്കാട്ടണമെന്നുതന്നെയാണ് ഇവരുടെ നിലപാട്.

അതിനിടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉടന്‍ വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.

Advertisment