/sathyam/media/post_attachments/K49cxOm4yQttUm3GKBQp.jpg)
ഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും കോൺഗ്രസ് മെലിയുന്നു. സംസ്ഥാന ഭരണത്തിൽ നിന്നും ശോഷിച്ചതോടെയാണ് രാജ്യസഭയിലും കോൺഗ്രസിൻ്റെ നില പരുങ്ങലിലായത്. ഈ സ്ഥിതി തുടർന്നാൽ അടുത്ത നാലുവർഷത്തിനുള്ളിൽ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും കോൺഗ്രസിനില്ലാതാകും.
നിലവിൽ ഭരണകക്ഷിയായ ബിജെപിക്ക് 97 സീറ്റാണ് രാജ്യസഭയിൽ ഉള്ളത്. പ്രതിപക്ഷ നേതൃസ്ഥാനമുള്ള കോൺഗ്രസിന് 34 പേരുമുണ്ട്. ഏപ്രിൽ രണ്ടിന് ഒഴിവു വരുന്ന 13 സീറ്റിൽ ഏഴെണ്ണമെങ്കിലും കോൺഗ്രസിന് നഷ്ടം വരും.
മൂന്നു സീറ്റ് ഒഴിവുള്ള കേരളത്തിൽ നിന്നും ഒരു സീറ്റ് മാത്രമെ കോൺഗ്രസിന് വിജയിക്കാനാകൂ. പഞ്ചാബിൽ അഞ്ച് സീറ്റാണ് ഒഴിവു വന്നിട്ടുള്ളത്.
നിലവിലെ സ്ഥിതി പ്രകാരം ഒരു സീറ്റ് പോലും ഇവിടെ നിന്നും കോൺഗ്രസിന് കിട്ടാനിടയില്ല. ഒന്നും രണ്ടും സീറ്റ് ഒഴിവുള്ള മറ്റിടത്തെയും സ്ഥിതി അതു തന്നെയാണ്. അസം - 2, ഹിമാചൽ പ്രദേശ്, നാഗാലാൻ്റ്, ത്രിപുര എന്നിവിടങ്ങളിൽ ഓരോ സീറ്റ് ആണ് ഒഴിവുള്ളത്.
ഇതോടെ ഇത്തവണ കോൺഗ്രസ് പ്രാതിനിധ്യം കേരളത്തിൽ മാത്രം ഒതുങ്ങാനാണ് സാധ്യത. അതും ഒരു സീറ്റിൽ.
ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും, അടുത്ത വർഷം നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിലും പിടിച്ചു നിൽക്കാനായില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവിയും കിട്ടാതെ വരും. ആകെ അംഗ സംഖ്യയുടെ 10 ശതമാനം സീറ്റ് ഉണ്ടെങ്കിലേ പ്രതിപക്ഷ നേതൃപദവി ലഭിക്കൂ.
ഈ സ്ഥിതി തുടർന്നാൽ ആ പദവിയും കോൺഗ്രസിന് നഷ്ടമാകാൻ അധികം വൈകില്ല.