/sathyam/media/post_attachments/9BbX98C15cBrgzfmqibS.jpg)
ഡല്‍ഹി: കെ റെയിലിന് അനുമതി തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലം അറിയാന്‍ വൈകിയേക്കുമെന്ന് സൂചന. പദ്ധതിക്ക് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പിന്തുണ തേടിയെങ്കിലും സംസ്ഥാന ബിജെപി നേതൃത്വത്തിന്‍റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തലേദിവസം മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ കെ റെയിലിനെതിരെ ആഞ്ഞടിച്ചത് കേന്ദ്ര നിലപാട് സംബന്ധിച്ച സൂചനകൂടിയായി മാറി. നിലവില്‍ കേന്ദ്ര മന്ത്രാലയം പദ്ധതിക്ക് അനുകൂല നിലപാടല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയെ കാണാന്‍ പുറപ്പെട്ടതിനു പിന്നാലെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ലോക്സഭാ കക്ഷി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഒടുവില്‍ കൈയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ചയെ കടത്തിവെട്ടുന്ന വാര്‍ത്താ പ്രാധാന്യം എംപിമാരുടെ പ്രതിഷേധത്തിന് ലഭിച്ചതോടെ പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുകയും ചെയ്തു. വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
എന്തായാലും സില്‍വര്‍ ലൈനിന് അനുമതി കാത്തുള്ള കേരള നീക്കം കേന്ദ്രത്തില്‍ എത്രകണ്ട് വിജയകരമായിരിക്കുമെന്ന് കണ്ടറിയണം.