/sathyam/media/post_attachments/q5juhCNN97SskqKHDEAO.jpeg)
ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ അസമിൽ സസ്പെൻസ്. രണ്ടു അംഗങ്ങളുടെ ഒഴിവിലേക്ക് ഭരണകക്ഷിയായ ബിജെപി സഖ്യം രണ്ടു പേരെയും പ്രതിപക്ഷത്തു നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് വോട്ടുകൾ മുഴുവൻ തങ്ങളുടെ തന്നെ സ്ഥാനാർത്ഥിക്ക് കിട്ടുമോയെന്നാണ് ഉയരുന്ന പ്രധാന ആശങ്ക.
കണക്കിലെ ബലം വച്ചു നോക്കിയാൽ ഭരണ പ്രതിപക്ഷത്തിന് ഓരോ അംഗങ്ങളെ വിജയിപ്പിക്കാം. 126 അംഗ നിയമസഭയിൽ ബിജെപി സഖ്യത്തിന് 82 പേരുടെ പിന്തുണയുണ്ട്. ബിജെപി -63, അസം ഗണ പരിഷിത്ത്-9, യു പി പി എൽ - 7, ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് -3 എന്നിങ്ങനെയാണ് കക്ഷി നില.
മറുവശത്ത് പ്രതിപക്ഷത്തിന് കോൺഗ്രസ് -27, എഐയുഡിഎഫ്- 15 , സി പി എം - 1, റൈജർ ദൾ - 1 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസ് സ്ഥാനാർത്ഥി റിപുൺ ബോറയ്ക്ക് ജയിക്കാൻ ആവശ്യമായ വോട്ട് ഉണ്ടെന്ന് വ്യക്തം.
43 ആദ്യ വോട്ടാണ് ജയിക്കാൻ ആവശ്യമുള്ളത്. ബിജെപി സഖ്യത്തിൻ്റെ ആദ്യ സ്ഥാനാർത്ഥിക്ക് 43 നൽകിയാൽ ബാക്കി 39 വോട്ടുകൾ രണ്ടാം സ്ഥാനർത്ഥിക്ക് കിട്ടും. ഇതു കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന എം എൽ എമാരിൽ നിന്നും കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
കോൺഗ്രസിലെ രണ്ട് എം എൽ എമാർ നിലവിൽ പാർട്ടി സസ്പെൻഷൻ നേരിടുന്നുണ്ട്. ഇവരെ കൂടെ നിർത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെ നേരിട്ട് രംഗത്തുണ്ട്.
ഇതിനെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലേൽ ഇത്തവണ കോൺഗ്രസ് പ്രാതിനിധ്യം കേരളത്തിലെ ഒരു സീറ്റിൽ ഒതുങ്ങും.