/sathyam/media/post_attachments/fRlmcWV4yfO2JXPOlTaI.jpg)
ഡല്‍ഹി: രാജ്യസഭയില്‍ നിന്നും 13 അംഗങ്ങള്‍ വിരമിട്ടതോടെ കോണ്‍ഗ്രസിന്റെ ശക്തി രാജ്യസഭയില്‍ കുറയുന്നു. നിലവില്‍ 34 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് പുതിയ അംഗങ്ങള്‍ വിജയിച്ചു വന്നാലും 29 പേര്‍ മാത്രമാകും ഇനിയുണ്ടാകുക. ഭരണകക്ഷിയായ ബിജെപിക്ക് ആകട്ടെ അംഗ ബലം 97ല്‍ നിന്നും 94ലേക്കും താഴും.
രാജ്യസഭയില്‍ നിന്നും വിരമിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ നിരവധി മുന്‍നിര നേതാക്കളുണ്ട്. അതില്‍ തന്നെ പ്രധാനം ആനന്ദ് ശര്‍മ്മയും എകെ ആന്റണിയുമാണ്. ആനന്ദ് ശര്‍മ്മയുടെ വിരമിക്കല്‍ കോണ്‍ഗ്രസിന് കടുത്ത നഷ്ടം തന്നെയാണ്.
ഹിമാചലില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ്മ മുന്‍ കേന്ദ്രമന്ത്രി കൂടിയാണ്. വിവിധ വിഷയങ്ങളില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ആക്രമണ നിരയിലെ മുന്‍നിര പോരാളിയായിരുന്നു ആനന്ദ് ശര്‍മ്മ.
ആനന്ദ് ശര്‍മ്മയക്ക് പുറമെ പ്രതാപ് സിങ് ബജ്വ, ഷാകേര്‍സിങ് ഡുല്ല എന്നിവരുടെ കാലാവധിയും തീരും. പഞ്ചാബില്‍ ഒഴിവുവന്ന അഞ്ചില്‍ നാലു പേരും കോണ്‍ഗ്രസില്‍ നിന്നാണ്. പക്ഷേ ഇത്തവണ ഒരാളെ പോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലാതായതോടെ ആരും രാജ്യസഭയിലേക്ക് മടങ്ങിയെത്തില്ല.
സിപിഎമ്മിന് കേരളത്തിന് പുറത്തുണ്ടായിരുന്ന ഏക രാജ്യസഭാ എംപിയും ഇത്തവണ വിരമിക്കുകയാണ്. ത്രിപുരയില്‍ നിന്നുള്ള ഝര്‍ണ ദാസ് ബൈട്യയാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ത്രിപുരയില്‍ നിന്നും ഒരാളെ ജയിപ്പിക്കാനുള്ള ശേഷി സിപിഎമ്മിന് ഇപ്പോഴില്ല.
ഇതോടെ സിപിഎമ്മിന്റെ രാജ്യസഭയിലെ പ്രാതിനിധ്യം കേരളത്തില്‍ നിന്നുമാത്രമാകും.