/sathyam/media/post_attachments/rB1TDAVl2mjfZW7w3bD0.jpg)
ഡൽഹി: കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പാർലമെൻ്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
ചെറുത്തുനിൽപ് പോലും കടുത്ത പരീക്ഷണം നേരിടുകയാണ്. പാർട്ടിയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശാക്തീകരിക്കാൻ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും അത് നടപ്പാക്കുമെന്നും സോണിയ ഗാന്ധി പാർലമെൻറി പാർട്ടി യോഗത്തിൽ പറഞ്ഞു.
/sathyam/media/post_attachments/cB3WY499McKMeWE3KlFH.jpg)
ചിന്തൻ ശിബിർ ഉടനെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്താനുളള ഒരുപാട് നിർദ്ദേശങ്ങൾ തന്റെ മുൻപിൽ ലഭിച്ചിട്ടുണ്ട്. അതിൽ ചിലത് പ്രാവർത്തികമാക്കാനുളള ശ്രമത്തിലാണെന്നും അവർ പറഞ്ഞു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ എല്ലാവരും എത്രത്തോളം നിരാശരാണെന്ന് അറിയാമെന്നും സോണിയ തുറന്നുപറഞ്ഞു. തോൽവി ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ നിന്ന് വിരമിച്ച പാർട്ടിയുടെ സീനിയർ നേതാക്കളോട് സോണിയ നന്ദി അറിയിച്ചു. മുതിർന്ന നാല് നേതാക്കളാണ് കഴിഞ്ഞ മാസം വിരമിച്ചതെന്ന് അവർ പറഞ്ഞു. മറ്റ് രീതികളിലൂടെ അവരുടെ പൊതുജീവിതവും രാഷ്‌ട്രീയ പ്രവർത്തനവും തുടരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും അവരുടെ നേതാക്കളെയും നിരന്തരം ലക്ഷ്യം വെയ്‌ക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.