പ്രശാന്ത് കിഷോറിന്റെ 'പുനർജനി' യിൽ മൂന്നാം ദിവസവും സോണിയയുടെ അധ്യക്ഷതയിൽ നടക്കുന്നത് മാരത്തണ്‍ ചർച്ചകൾ ! ഇനിയുമൊരു തോൽവിക്കുകൂടിയുള്ള കരുത്ത് പാർട്ടിക്കില്ലെന്ന യാഥാര്‍ത്ഥ്യം നേതാക്കളെ ബോധ്യപ്പെടുത്തി പ്രശാന്ത് കിഷോര്‍. 150+ സീറ്റെന്ന ലക്ഷ്യം മിനിമം അജണ്ടയാക്കാനും ധാരണ ! ഓരോ സംസ്ഥാനങ്ങളിലെയും നേതാക്കളെ നേരിട്ട് കണ്ട് തന്ത്രങ്ങള്‍ മെനയും. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ തന്ത്രങ്ങള്‍ ഇങ്ങനെ ! പ്രശാന്ത് കിഷോറിന്റെ യോഗത്തിലും ജി 23 നേതാക്കള്‍ പുറത്തു തന്നെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രമവശേഷിക്കെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എത്തിച്ച് തന്ത്രങ്ങള്‍ മെനയാനാണ് പാര്‍ട്ടി നീക്കം. പ്രശാന്ത് കിഷോര്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടക്കുന്നത്.

ഇനി ഏറ്റവും അടുത്തതായി തെരഞ്ഞെടുപ്പുകള്‍ വരുന്നത് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ്. ഇവിടെ രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് ഭരണം പിടിക്കാനായാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ഏതുവിധേനെയും ഇവിടങ്ങളില്‍ ഭരണം പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ഇതിനു പുറമെ 2024ന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങളുണ്ട്. ഇതില്‍ പ്രധാനം മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമാണ്. ഇതില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണമുണ്ട്. പക്ഷേ അതു നിലനിര്‍ത്തുക വലിയ വെല്ലുവിളിയാണ്.

ഈ വെല്ലുവിളി മറികടക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കാനാണ് പ്രശാന്ത് കിഷോറിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതിനായുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും ചര്‍ച്ചകളുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് സജീവമായത്. സംസ്ഥാനങ്ങളില്‍ നില മെച്ചപ്പെട്ടാല്‍ മാത്രമെ കോണ്‍ഗ്രസിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാകു.

പ്രശാന്ത് കിഷോര്‍ ഇതിനായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും നേതാക്കളെ എഐസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ചര്‍ച്ച. പ്രശാന്ത് കിഷോറിന്റെ ഈ ചര്‍ച്ചയില്‍ വിശ്വസ്തരായ നേതാക്കളെയും സോണിയാ ഗാന്ധി വിളിച്ചു വരുത്തുന്നുണ്ട്.

കോണ്‍ഗ്രസിന് 150+ എന്ന നമ്പറിലേക്ക് എത്താനായാല്‍ മാത്രമെ ഭരണം കിട്ടാനാകു എന്നു വ്യക്തമാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ മൂന്നിലൊന്ന് പോലും നേടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. രണ്ടു വര്‍ഷത്തേക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയാല്‍ മാത്രമെ ഇതിന്റെ പകുതി സീറ്റെങ്കിലും നേടാനാകൂ.

ഈ യാഥാര്‍ത്ഥ്യം നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് പ്രശാന്ത് ആദ്യം ചെയ്തത്.അതു മനസിലാക്കി തന്നെയാണ് അനാരോഗ്യം മറന്നും സോണിയാ ഗാന്ധി തന്നെ എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രശാന്ത് കിഷോര്‍ കാണുമെന്നാണ് സൂചന.

അതേസമയം കോണ്‍ഗ്രസിലെ വിരുദ്ധ ഗ്രൂപ്പായ ജി23 നേതാക്കളെ ഇതുവരെയും ചര്‍ച്ചകളിലേക്ക് സോണിയ വിളിച്ചിട്ടില്ല. നേരത്തെ ജി23 നേതാക്കളെ രാഹുല്‍ ഗാന്ധി കാണുമെന്ന ചില വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് ഇനിയും നടന്നിട്ടില്ല. ജി23 നേതാക്കളെ നേരത്തെ സോണിയ ഗാന്ധി കണ്ടിരുന്നു.

ചര്‍ച്ചകളില്‍ തൃപ്തിയായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ അതിനു ശേഷവും ചര്‍ച്ചകളിലോ തീരുമാനങ്ങളെടുക്കുന്നതിലോ അവരെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ജി23 നേതാക്കള്‍ യോഗം ചേരുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Advertisment