/sathyam/media/post_attachments/xOhokunSQNI4EZbLeOLE.jpg)
ഡല്‍ഹി: അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പാളയത്തില്‍ പട പ്രതിസന്ധിയാകുന്നു. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി ഏറെയുമുള്ളത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്- മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തര്‍ക്കവും ഗുജറാത്തില്‍ പിസിസി അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേല്‍ ഉയര്‍ത്തുന്ന വിമത പ്രവര്‍ത്തനവുമാണ് പ്രതിസന്ധി.
രാജസ്ഥാനില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ അശോക് ഗെഹ്ലോട്ട് - സച്ചിന്‍ പൈലറ്റ് തര്‍ക്കമാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിന് തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതുയര്‍ത്തി കലാപത്തിനാണ് സച്ചിന്‍ ക്യാമ്പിന്റെ ശ്രമം.
ഇടക്കാലത്ത് സച്ചിനും സംഘവും പാര്‍ട്ടി വിടാനൊരുങ്ങിയതാണ്. അന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. അന്ന് ചില വാഗ്ദാനങ്ങള്‍ സച്ചിന് നല്‍കിയിരുന്നു.
ഇതൊന്നും പാലിച്ചില്ലെന്നു മാത്രമല്ല സച്ചിനെ ഗെഹ്ലോട്ട് അപമാനിക്കുന്നുവെന്നാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി സ്ഥാനം കിട്ടുകയോ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കുകയോ ചെയ്തില്ലെങ്കില്‍ സച്ചിന്‍ വിമതനാകുമോയെന്നാണ് ആശങ്ക.
യുവപ്രാതിനിധ്യവും നേതൃത്വവും വ്യക്തമാക്കി സച്ചിന് മുഖ്യമന്ത്രി പദവി നല്‍കാന്‍ എല്ലാവര്‍ക്കും സമ്മതമാണെങ്കിലും അശോക് ഗെഹ്ലോട്ട് തയ്യാറല്ല. ഇതുതന്നെയാണ് രാജസ്ഥാനിലെ പ്രതിസന്ധി. സച്ചിനെ റാഞ്ചാന്‍ ബിജെപി കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
ഗുജറാത്തില്‍ സ്ഥിതി കുറച്ചുകൂടി വ്യത്യസ്തമാണ്. പിസിസി അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേലിന്റെ പ്രശ്‌നം നരേഷ് പട്ടേലിന്റെ പാര്‍ട്ടി പ്രവേശനമാണ്. നരേഷ് പട്ടേല്‍ വരുന്നതോടെ തന്റെ പ്രസക്തി കുറയുമോയെന്നും അദ്ദേഹം ഭയപ്പെടുന്നു.
അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുണ്ട്. എഎപിയോ ബിജെപിയോ ആകും അദ്ദേഹത്തിന്റെ തട്ടകമെന്നും പറയപ്പെടുന്നു.