ഡല്‍ഹി: രണ്ടു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി രാഷ്ട്രീയ തട്ടകമാക്കിയ ഡല്‍ഹിയോട് എകെ ആന്റണി നാളെ വിടപറയും. കേരളത്തിലേക്ക് മടങ്ങിയെത്തി പാര്‍ട്ടിയില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ മാത്രമേ പ്രവര്‍ത്തക സമിതിയില്‍ തുടരുകയുള്ളൂവെന്നും ആന്റണി വ്യക്തമാക്കി. പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാഭവനില്‍ പ്രവര്‍ത്തിക്കാനാണ് ആന്റണിയുടെ തീരുമാനം. ഏറെ വൈകാരികമായാണ് അദ്ദേഹം തന്റെ തീരുമാനം എടുത്തത്.
രണ്ടു തവണ കോവിഡ് വന്നതും പ്രായാധിക്യവുമൊക്കെ ദേശീയ തലത്തില്‍ തുടര്‍ പ്രവര്‍ത്തനത്തിന് തടസമായെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാത്തിനും ഒരു സമയമുണ്ട്. സമയമായാല്‍ ആരായാലും പദവികളൊഴിയണം എന്നാണ് തന്റെ അഭിപ്രായമെന്നും ആന്റണി വ്യക്തമാക്കി.
തന്നെ ഇതേവരെ ഒരു പദവിയില്‍ നിന്നും ഇറക്കി വിട്ടിട്ടില്ല. അപ്പോള്‍ മാന്യമായി ഇറങ്ങാനുള്ള മനസ്സ് താന്‍ കാണിക്കണമെന്നും ആന്റണി പറഞ്ഞു. അടുത്ത ഡിസംബറില്‍ എകെ ആന്റണിക്ക് 82 വയസ് പൂര്‍ത്തിയാകുകയാണ്.
ഇന്ദിരാഗാന്ധി മുതലുള്ള എഐസിസി അധ്യക്ഷന്‍മാര്‍ക്കൊപ്പം ഇത്രകാലം പ്രവര്‍ത്തിച്ചു. സംഘടനാ തെരഞ്ഞെടുപ്പോടെ നേതൃതലത്തില്‍ നിന്നൊഴിയണം എന്നാണ് തന്റെ തീരുമാനം. പാര്‍ലമെന്ററി രാഷ്ട്രീയജീവിതം ഇതോടെ അവസാനിപ്പിച്ചു കഴിഞ്ഞു.
ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴും എകെ ആന്റണി നെഹ്‌റു കുടുംബത്തോടുള്ള തന്റെ പ്രതിബദ്ധത ഒരിക്കല്‍ കൂടി ഉറപ്പിച്ചാണ് മടങ്ങുന്നത്. ജി23ന്റെ വിപ്ലവങ്ങളെ ഈ മുതിര്‍ന്ന നേതാവ് പൂര്‍ണമായും തള്ളുകയാണ്.
കോണ്‍ഗ്രസിനെ നയിക്കാന്‍ നെഹ്‌റുകുടുംബത്തിനല്ലാതെ വേറെയാര്‍ക്കും സാധിക്കില്ലെന്നു തന്നെയാണ് ആന്റണിയുടെയും പക്ഷം. നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഭരണം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ സ്വപ്നജീവികളാണെന്നും ആന്റണി പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന ആന്റണി തിരുവനന്തപുരത്ത് തന്നെയാകും ഉണ്ടാകുക. ഏതെങ്കിലും പദവികളില്‍ ആന്റണിയുണ്ടാകില്ലെന്നു പറയുമ്പോഴും കുറെകാലത്തേക്ക് കൂടി കോണ്‍ഗ്രസിലെ അവസാന വാക്ക് എകെ ആന്റണി തന്നെയാകും.