ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി വരുമോ ? ഈ ചോദ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നിരീക്ഷിക്കുന്നവരുടെ പ്രധാന ചോദ്യം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചിന്തന്‍ ശിബിരത്തിന് ഇന്നു തുടക്കമാകുമ്പോള്‍ രാഹുലിന്റെ നിലപാടിലും ഏറെ പ്രാധാന്യമുണ്ട്.
നേരത്തെ 2013ല്‍ ജയ്പൂരില്‍ നടന്ന ചിന്തിന്‍ ശിബിരത്തിലൂടെയാണ് രാഹുല്‍ ദേശീയ നേതൃനിരയലേക്ക് കടന്നു വരുന്നത്. അതിനു സമാനമായി ഇത്തവണ രാജസ്ഥാനിലെ തന്നെ ഉദയ്പൂരില്‍ മറ്റൊരു ചിന്തന# ശിബിര്‍ നടക്കുമ്പോള്‍ രാഹുലിന്റെ രണ്ടാം വരവിന് കളമൊരുങ്ങുമൊയെന്നാണ് ഉയരുന്ന ചോദ്യം.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പ്രസിഡന്റ് പദവി സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെങ്കിലും ചര്‍ച്ചകളുണ്ടാകുമെന്ന് ഉറപ്പാണ്. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള അശോക് ഗെഹ്ലോട്ട് അടക്കമുള്ളവര്‍ രാഹുലിനായി വാദിക്കുമെന്ന് ഉറപ്പാണ്. കേരള ഘടകത്തിലെ എല്ലാ നേതാക്കളും രാഹുല്‍ നേതൃത്വത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഇക്കാര്യം പല പ്രതിനിധികളും തുറന്ന് സമ്മതിക്കുന്നുണ്ട്. രാഹുല്‍ നേതൃപദവിയിലേക്ക് വരണമെന്ന രീതിയിലുള്ള വാഴ്ത്തി പാടലുകള്‍ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ നേതാക്കള്‍ മാത്രമല്ല, സച്ചിന്‍ പൈലറ്റ്, ഡികെ ശിവകുമാര്‍ തുടങ്ങിയവരും രാഹുലിനായി മുറവിളി കൂട്ടുന്നവരാണ്.
അതേസമയം ജി23 നേതാക്കള്‍ ഈ വിഷയത്തില്‍ എന്തു നിലപാടെടുക്കുന്നു എന്നതും ശ്രദ്ധേയമാകും. രാഹുലിന്റെ നേതൃത്വത്തോട് അവരില്‍ പലര്‍ക്കും താല്‍പര്യമില്ല. രാഹുലിന്റെ നയങ്ങളോടല്ല മറിച്ച് അദ്ദേഹത്തിന്റെ ചില സ്വഭാവത്തെയാണ് തങ്ങള്‍ അംഗീകരിക്കാത്തതെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ തനിച്ചാക്കി രക്ഷപെടുന്ന രാഹുല്‍ ശൈലി അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയരുമോയെന്നും കണ്ടറിയണം.