റോജി എം ജോണ്‍ മുതൽ രമ്യ ഹരിദാസ് വരെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുന്നു? കേരളത്തില്‍ നിന്നും ദേശീയ നേതൃ നിരയിലേയ്ക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരില്‍ റോജിയും ഹൈബി ഈഡനും. ഡല്‍ഹിയിലേക്ക് പറിച്ചു നട്ടാല്‍ റോജിയും ലോക്‌സഭയിലേക്ക് മത്സരിക്കും. ഡീന്‍ കുര്യാക്കോസും രമ്യാ ഹരിദാസും കേന്ദ്ര നേതൃത്വത്തിലേക്ക് വരാന്‍ സാധ്യത ! ചിന്തന്‍ ശിബിരിലെ ചിന്തകള്‍ യുവാക്കള്‍ക്ക് അനുകൂലം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: കേരളത്തില്‍ നിന്നും യുവ നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തി റോജി എം ജോണ്‍ മുതൽ രമ്യ ഹരിദാസ് വരെയുള്ള യുവ നേതാക്കൾ കോണ്‍ഗ്രസ് ദേശീയ നേതൃ നിരയിലേയ്ക്ക് പരിഗണിക്കപ്പെട്ടേക്കും. എൻഎസ്‌യുഐ പ്രസിഡന്റ് അടക്കം വിവിധ പദവികളില്‍ ഇരുന്ന റോജി, ഹൈബി ഈഡൻ മുതലുള്ള യുവ നേതാക്കൾ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടേക്കാം .

റോജിയെ ഇത്തവണ ചിന്തന്‍ ശിബിരിലും കോണ്‍ഗ്രസ് കാര്യമായി ഉപയോഗിച്ചിരുന്നു. യുവാക്കളുടെ സമിതിയില്‍ റോജിക്ക് ശ്രദ്ധേയമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇതോടെയാണ് റോജി കേന്ദ്ര നേതൃത്വത്തിലേക്ക് എത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. നിലവില്‍ റോജി അങ്കമാലി എംഎല്‍എയാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റോജിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും പ്രാതിനിധ്യം കിട്ടാനിടയുള്ള മറ്റൊരു യുവനേതാവ് ഹൈബി ഈഡനാണ്.

ഹൈബിയേയും കേന്ദ്രത്തിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. എൻഎസ്‌യു അധ്യക്ഷനായിരുന്നെന്ന പാരമ്പര്യം തന്നെയാണ് ഹൈബിക്കും ഗുണമാകുന്നത്. രമ്യ ഹരിദാസ് എംപിയാണ് ദേശീയ നേതൃത്വത്തിലേയ്ക്ക് വരാനിടയുള്ള മറ്റൊരു നേതാവ്. വനിതയെന്നതും പിന്നോക്കമെന്നതും യുവത്വവും രമ്യയ്ക്ക് തുണയാകും.

രമ്യയെ രാഹുലിനും പ്രിയങ്കയ്ക്കും വലിയ താല്‍പര്യമാണ്. കേന്ദ്ര ഭാരവാഹിത്വത്തിലും അമ്പതു ശതമാനം യുവാക്കള്‍ക്ക് മാറ്റി വയ്ക്കുന്നതിലൂടെ വലിയ പരിഗണന കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസാണ് ദേശീയ നേതൃത്വം പരിഗണിക്കുന്ന യുവാക്കളില്‍ മറ്റൊരാള്‍. എഐസിസി ഭാരവാഹിത്വത്തിലേയ്ക്കും ‍ഡീനിനെ പരിഗണിച്ചേക്കാം.

ചുരുക്കത്തില്‍ കേരളത്തിലെ യുവനിരയെ സംബന്ധിച്ച് ചിന്തന്‍ ശിബരിലെ ചിന്തകള്‍ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. യുവത്വത്തിന്‍റെ പ്രസരിപ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് പ്രയോജനപ്പെടുത്താനാണ് തീരുമാനം.

Advertisment