ഡല്‍ഹി: ഉദയ്പൂര്‍ ചിന്തന്‍ ശിബിറിലെ ഏറ്റവും വലിയ പ്രഖ്യാപനമായി മാറേണ്ടിയിരുന്ന കേണ്‍ഗ്രസിലെ തലമുറമാറ്റത്തിന് എതിരുനിന്നത് മുതിര്‍ന്ന നേതാക്കള്‍. 65 വയസ് കഴിഞ്ഞാല്‍ നേതാക്കള്‍ മത്സര രംഗത്തുനിന്നും സംഘടനാ രംഗത്തുനിന്നും മാറി നില്‍ക്കണമെന്നായിരുന്നു രാഷ്ട്രീയ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്.
എന്നാല്‍ ഈ തീരുമാനത്തെ പല മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. എന്നാല്‍ 65 വയസ് എന്നത് 75 എങ്കിലും ആക്കണമെന്ന അഭിപ്രായം ഇതോടെ ഉയര്‍ന്നു. എന്നാല്‍ അതിനെയും പ്രവര്‍ത്തക സമിതിയിലെ പ്രധാന നേതാക്കള്‍ എതിര്‍ത്തു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ എന്നിവരായിരുന്നു പ്രധാനമായും ഈ നിര്‍ദേശത്തെ എതിര്‍ത്തത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായി മാറേണ്ടയിരുന്ന തീരുമാനമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.
അശോക് ഗെഹ്ലോട്ട് ഇനിയും രാജസ്ഥാനില്‍ തനിക്കൊരു അങ്കത്തിന് ബാല്യമുണ്ടെന്ന നിലപാടില്‍ ആണ്. കമല്‍നാഥിനും ഇത്തരം മോഹങ്ങളുണ്ട്. അതുതന്നെയാണ് ഇരുവരെയും ഇതിനു തടസ്സം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
പ്രവര്‍ത്തക സമിതിയില്‍ ഇവര്‍ നിലപാട് കടുപ്പിച്ചതോടെ സോണിയയും അയഞ്ഞു. ഇതോടെ നേതാക്കള്‍ക്ക് പ്രായപരിധിയെന്ന നിബന്ധന പൊളിഞ്ഞു. ഇതോടെ ഒരു കാര്യം വ്യക്തം. ഇനിയും കണ്ണുകാണാത്ത, ചെവി കേള്‍ക്കാത്ത നേതാക്കള്‍ വടിയും കുത്തി വോട്ടു ചോദിച്ചെത്തുന്ന സംഭവം കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കും.
നേരത്തെ സിപിഎമ്മും ബിജെപിയും തങ്ങളുടെ സംഘടനാ രംഗത്ത് പ്രായപരിധി നിശ്ചയിച്ചിരുന്നു. കോണ്‍ഗ്രസും ഇതു മാതൃകയാക്കണമെന്ന മുറവിളി ഉയരുന്നതിനിടെയായിരുന്നു ചിന്തന്‍ ശിബിര്‍ നടന്നത്.
പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ കോണ്‍ഗ്രസ് അണികള്‍ വലിയ ആവേശത്തിലായിരുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്ന 75 പിന്നിട്ട വൃദ്ധനിരയില്‍ നിന്നും പാര്‍ട്ടി കക്ഷപെടുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍. എന്നാല്‍ പ്രവര്‍ത്തക സമിതി തീരുമാനം പുറത്തുവന്നപ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.