നേതാവ് തെക്ക് വടക്ക് നടന്നാല്‍ കോണ്‍ഗ്രസ് കരകയറുമോ ? വിജയത്തിന് കുറുക്കുവഴിയില്ലെന്ന് പറഞ്ഞതുപോലെ വിജയിക്കാന്‍ ഉത്തരവാദിത്വമുള്ള നേതൃത്വവും വേണമെന്ന് രാഹുലിനോടും സോണിയയോടും കോൺഗ്രസ്‌ നിരീക്ഷകർ ! ലോക്‌സഭയിലെ പരാജയശേഷം തുടര്‍ തോല്‍വികളെ കുറിച്ച് പഠിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇന്നും എഐസിസി അലമാരയില്‍ പൊടിപിടിച്ചിരിക്കുമ്പോള്‍ ഉദയ്പൂര്‍ പ്രഖ്യാപനവും അങ്ങനെ തന്നെ ആകുമോ ? ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ എത്തിക്കാനും താഴെതട്ടില്‍ പ്രവര്‍ത്തിക്കാനും ആളില്ലെങ്കില്‍ എന്താകും സ്ഥിതിയെന്നും ചോദ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി:വിജയത്തിന് കുറുക്കുവഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയം വേണമെങ്കില്‍ ഉത്തരവാദിത്വമുള്ള നേതൃത്വം വേണമെന്ന കാര്യം മറക്കുന്നുവെന്ന് ആക്ഷേപം. പ്രവര്‍ത്തകരും ചെറിയ നേതാക്കളും മാത്രമല്ല, ഉന്നത നേതാക്കളടക്കമുള്ളവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷകർ പറയുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞത്. പിന്നാലെ പലരും അദ്ദേഹത്തെ പദവി ഏറ്റെടുക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പദവി വീണ്ടും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതോടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ പദവിയിലേക്ക് വന്നു.

ഇടക്കാല അധ്യക്ഷ മൂന്നു വര്‍ഷമായി പദവിയില്‍ തുടരുകയാണ്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമിച്ചിരുന്ന സോണിയാ ഗാന്ധിക്ക് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ എത്രമാത്രം ഇടപെടാനാകും എന്ന ചോദ്യം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അതും പ്രസക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പലതും നടന്നു. ഭരണമുണ്ടായിരുന്ന സ്ഥലത്തും ഭരണത്തില്‍ വരാന്‍ വലിയ സാധ്യതകളുണ്ടായിരുന്ന സ്ഥലത്തും വലിയ തോല്‍വികളുണ്ടായി.

ഇതേകുറിച്ച് പഠിച്ച സമിതികളുടെ റിപ്പോര്‍ട്ട് ഇന്നും എഐസിസിയുടെ അലമാരയില്‍ ഉറങ്ങുകയാണ്. പലപ്പോഴും സമിതി അധ്യക്ഷനായിരുന്ന എ കെ ആന്റണി വിരമിക്കുകയും ചെയ്തു.

അതേ സ്ഥിതിയാകും ഉദയ്പൂരിലെ പ്രഖ്യാപനങ്ങള്‍ക്ക് ഉണ്ടാകുകയെന്ന് ഏതെങ്കിലും പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞാല്‍ അതിനെ സാധൂകരിക്കേണ്ടിവരും. അതുമാത്രമല്ല നിര്‍ണായക തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ഒളിച്ചോടുന്നരാഹുലിന്റ നേതൃത്വം പരാജയമാണെന്ന സത്യം അംഗീകരിക്കേണ്ടിയും വരും.

യാഥാര്‍ത്ഥ്യങ്ങള്‍ ഇതാണെന്നിരിക്കെ തെക്ക് വടക്ക് യാത്ര നടത്തിയാല്‍ കോണ്‍ഗ്രസ് നന്നാകില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പക്ഷം. യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ല. താഴേതട്ടില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരില്ല.

നേതൃ ബാഹുല്യമല്ല, മറിച്ച് പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടത്. അതില്ലെങ്കില്‍ വീണ്ടും പരാജയം തന്നെയാകും ഉണ്ടാകുക. അതിനാൽ മാറ്റങ്ങൾ തുടരുകയെന്നതാകും പാർട്ടിയുടെ മുൻപിലുള്ള പോംവഴി.

Advertisment