ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ രാം നാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി ആര് എത്തുമെന്ന ചോദ്യം സജീവമായി. ഭരണ-പ്രതിപക്ഷ മുന്നണികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ചര്‍ച്ച സജീവമാക്കി. ഇത്തവണ വനിതയെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്.
പ്രതിപക്ഷം സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ചര്‍ച്ചകളും ഉണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായമുണ്ടാക്കാന്‍ എന്‍ഡിഎ ഇതര കക്ഷികളുടെ യോഗം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച വിളിച്ചിട്ടുണ്ട്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ മത്സരിപ്പിക്കണമെന്ന് ബിജെപിയില്‍ ആവശ്യവുണ്ട്. അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയില്‍ തന്നെയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം നിര്‍ണായകമാണ്.
പരിഗണനാ പട്ടികയിലെ പ്രമുഖ വനിതകള്‍ തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദര്‍രാജനും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രുപദി മുര്‍മുവുമാണ്. ഇവരില്‍ തന്നെ സാധ്യത ഏറെയുള്ളത് തമിളിസൈ സൗന്ദര്‍രാജനാണ്. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആസാം ഗവര്‍ണര്‍ ജഗദീഷ് മുഖി എന്നിവരെയും പരിഗണിക്കുന്നുണ്ട്.
പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥികളില്‍ പ്രഥമ പരിഗണന ഗുലാം നബി ആസാദിനാണ്. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്രമന്ത്രി പദവികളൊക്കെ വഹിച്ചിട്ടുള്ള ഗുലാം നബി മികച്ച സ്ഥാനാര്‍ത്ഥിയാണ്. അതിനിടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി ഭരണപക്ഷം ഗുലാം നബിയുടെ പേര് മുമ്പോട്ടുവയക്കുമെന്ന സംസാരവും സജീവമാണ്.
എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍, മുന്‍ സ്പീക്കര്‍ മിരാ കുമാര്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബംഗാളില്‍ നിന്നുള്ള ആരെയെങ്കിലും മുമ്പോട്ടുവയ്ക്കുമോ എന്നും ആകാംഷയുണ്ട്. ഭരണപക്ഷത്തെ കക്ഷികളുടെ വോട്ടു കൂടി നേടാന്‍ കഴിവുള്ള ആരെയെങ്കിലും മത്സരിപ്പിച്ച് കടുത്ത പോരാട്ടം നടത്തണമെന്നാണ് പ്രതിപക്ഷത്തെ പൊതു വികാരം.
അതിനു പറ്റിയ നേതാവ് ശരത്പവാറാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും മുന്‍ കേന്ദ്രമന്ത്രിയെന്ന നിലയിലും രാജ്യമെമ്പാടും ശരത് പവാറിന് ബന്ധങ്ങളുണ്ട്. എതിര്‍പാളയത്തില്‍ നിന്നും വോട്ട് ചോര്‍ത്താനുള്ള മികവും അദ്ദേഹത്തിനുണ്ടെന്നാണ് വിലയിരുത്തല്‍.