ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എംപിമാര്‍ക്കും നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെയാണ് പോലീസ് മര്‍ദ്ദിച്ചത്.
പോലീസ് കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കെസി വേണുഗോപാലിനെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
കുഴഞ്ഞു വീണ അദ്ദേഹത്തെ പിന്നീട് തുഗ്ലക് ലെയിന്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്.
കേരളത്തില്‍ നിന്നുള്ള എംപിമാരെയും പോലീസ് മര്‍ദ്ദിച്ചു. എംപിമാരായ വികെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് നേരെയും പോലീസ് അതിക്രമമുണ്ടായി. ഇവരടക്കം പ്രതിഷേധനത്തില്‍ പങ്കെടുത്ത നിരവധി കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.
അശോക് ഗെഹ്‌ലോട്ട്, രണ്‍ദീപ് സിങ് സുര്‍ജെവാല, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേല്‍ അടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.