ഡല്‍ഹി: ഗോവയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 11 എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ ചേരുമെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍. തെരഞ്ഞെടുപ്പിന് മുമ്പ് പള്ളിയിലും അമ്പലത്തിലും കൊണ്ടുപോയി കോണ്‍ഗ്രസ് നേതൃത്വം സത്യമിടീയിച്ച എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയില്‍ പോകാന്‍ കാത്തിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരോട് ധൃതിയില്‍ പാര്‍ട്ടിയിലേക്ക് വരേണ്ട എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ആവശ്യമായി വരുന്ന പക്ഷം ഈ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ഇപ്പോള്‍ ബിജെപി എടുത്തിരിക്കുന്ന തീരുമാനം.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് അടക്കമുള്ളവര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എംഎല്‍എമാരും വ്യവസായികളാണ്.
ഗോവയിലെ വന്‍കിട ഹോട്ടലടക്കമുള്ള ബിസിനസ് ഉള്ളവരാണ് എംഎല്‍എമാര്‍ ഏറെയും. ഇവരുടെ ഹോട്ടലുകള്‍ക്ക് എന്നും റെയ്ഡും നോട്ടീസും കിട്ടുകയാണ്. കോണ്‍ഗ്രസില്‍ നിന്നാല്‍ തങ്ങളുടെ വ്യവസായം പൂട്ടേണ്ടി വരും എന്ന സ്ഥിതിയാണ് ഇവര്‍ക്ക്.
അതുകൊണ്ടു കൂടിയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ തങ്ങളുടെ ബിസിനസ് അവസാനിപ്പിക്കേണ്ടി വരും. അതുകൊണ്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും ഇവര്‍ പറയുന്നു.
40 അംഗ നിയമസഭയില്‍ ബിജെപിക്ക് 20, കോണ്‍ഗ്രസ് 11, ആംആദ്മി-2, എംജിപി -2, സ്വതന്ത്രര്‍ -5 എന്നിങ്ങനെയാണ് കക്ഷിനില.