ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിച്ചതു മുതല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വലിയ തിരക്കാണ്. രാജ്യത്തെ എല്ലാ പ്രമുഖ നേതാക്കളും എഐസിസി ആസ്ഥാനത്താണ്. രാഹുലിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ കേസില്‍ കുടുക്കുന്നു എന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് കോണ്‍ഗ്രസിന് പുത്തനുണര്‍വ് നല്‍കാന്‍ രാഹുലിന്റെ ഇഡി ചോദ്യം ചെയ്യല്‍ സഹായകരമായി എന്നുതന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്.
സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും അഭാവത്തിൽ പ്രിയങ്ക ഗാന്ധിയാണ് നേതൃനിരയിൽ മുന്നിലുള്ളത്. രാഹുലിനൊപ്പം ഇഡി ഓഫിസിൽ പോകുന്നതും പ്രവർത്തകരെ ആവേശഭരിതരാക്കുന്നതും പ്രിയങ്ക തന്നെയാണ്.
കോണ്‍ഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാര്‍ - രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂബേഷ് ബാഗല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിമാര്‍ മൂന്നു ദിവസവും ഡല്‍ഹിയില്‍ താമസിച്ചാണ് പ്രതിഷേധം നടത്തിയത്.
വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയും തെരുവില്‍ ഇറങ്ങിയും നേതാക്കളെല്ലാം സമര രംഗത്തുണ്ട്. എംപിമാരും സമരത്തിന്റെ മുന്‍ നിരയിലുണ്ട്. എല്ലാ സമരത്തിന്റെയും മുന്‍ നിരയിലുള്ളത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്.
പ്രതിഷേധത്തിന്റെ ആദ്യ ദിവസം തന്നെകാര്യമായ മര്‍ദനമേറ്റെങ്കിലും പ്രക്ഷോഭത്തില്‍ നിന്നും അണുവിട പിന്നോട്ടു പോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കെസിയുടെ നേതൃത്വത്തിലാണ് പലപ്പോളും പ്രവർത്തകരുടെ തെരുവിലെ പോലീസുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്.
ആദ്യ ദിവസം കസ്റ്റഡിയിൽ മർദനമേൽക്കുകയും കുഴഞ്ഞു വീഴുകയും ചെയ്ത വേണുഗോപാലിന് വിശ്രമം നിർദേശിച്ചിരുന്നു. എന്നാൽ അതു വേണ്ടന്ന് വച്ചാണ് അടുത്ത മൂന്നു ദിവസവും അദ്ദേഹം സമരരംഗത്ത് സജീവമായത്.
സച്ചിന്‍ പൈലറ്റ് അടക്കമുള്ള മറ്റു നേതാക്കളും സമര രംഗത്ത് സജീവമാണ്. ഇനി സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞാല്‍ അവിടെയും കേന്ദ്ര വിരുദ്ധ സമരത്തിന് ശക്തി പകരാന്‍ നിലവിലെ സാഹചര്യം സഹായിച്ചിട്ടുണ്ട്. അടുത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സമരം സജീവമാണ്. ഇത് ബിജെപി കേന്ദ്രങ്ങളെയും അല്പമൊന്നു ചിന്തിപ്പിക്കാൻ കാരണമായിട്ടുണ്ട്.