ഡൽഹി: നാഷണല്‍ ഹെറാൾഡ് കേസില്‍ ചെയ്യലിനായി ഇഡിക്ക് മുന്നിൽ അഞ്ചാം ദിവസവും രാഹുല്‍ ഗാന്ധി ഹാജരായി. രാവിലെ 11 മണിക്കാണ് രാഹുല്‍ പ്രിയങ്കയ്ക്കൊപ്പമെത്തിയത്.
ചോദ്യം ചെയ്യലിനായി രാഹുല്‍ ഇഡി ഓഫീസിലേക്ക് കയറിയതോടെ പ്രിയങ്ക മടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് നാലാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ഇന്നും ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളും.
ഇന്നലെ വരെ രാഹുലിനെ 42 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. രാഹുൽ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നില്ല എന്നാണ് ഇഡി പറയുന്നത്.
ചില തെളിവുകൾ ഹാജരാക്കാൻ രാഹുൽ ഗാന്ധി കൂടുതൽ സമയം തേടിയെന്നും വിവരമുണ്ട്. എന്നാൽ ഇത് ഇഡി അംഗീകരിച്ചിട്ടില്ല.
അതേ സമയം ഇ ഡി നടപടിക്കെതിരെ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് ഇന്നും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയെ ആവർത്തിച്ച് ചോദ്യം ചെയ്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ഇഡിയുടെ ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം. രാഹുലിനെ ചോദ്യം ചെയ്യലിന് വിളിക്കുന്ന എല്ലാ ദിവസവും പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം.