ഡൽഹി:അഞ്ചു ദിവസം ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഇന്ന് പ്രവർത്തകരെ സംബോധന ചെയ്ത് രാഹുൽ ഗാന്ധി. ഇ ഡിയെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാഹുൽ തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് ഇന്ന് പ്രതികരിച്ചത്. താൻ നേരിട്ട ചോദ്യം ചെയ്യലിനും അപ്പുറം ദേശിയ രാഷ്ട്രീയം തന്നെയാണ് പ്രധാനമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡി 55 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ ഇതാദ്യമായി രാഹുൽ പ്രവർത്തകരെ കാണുമ്പോൾ വൈകാരികമായി പ്രതികരിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാൽ അതിനെ പൂർണമായി തള്ളുന്നതായിരുന്നു രാഹുലിൻ്റെ പ്രതികരണം.
സ്വന്തം കാര്യത്തിനപ്പുറം രാഷ്ട്രിയം തന്നെ പറയാനായിരുന്നു രാഹുൽ ശ്രമിച്ചത്. ഇഡിയുടെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി തന്നെ അവതരിപ്പിക്കാനും രാഹുലിനായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ഉണ്ടായ പോലിസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് നടന്ന പ്രതിഷേധങ്ങൾക്ക് രാഹുൽ നേതൃത്വം നൽകി.
എത്ര മണിക്കൂർ ചോദ്യം ചെയ്താലും താൻ ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തും. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്.
രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല.
സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു.