സിറോ മലബാര്‍ സഭാ ഭൂമിയിടപാടിലെ വിമതരുടെ വാദങ്ങള്‍ പൊളിഞ്ഞു; കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കി സര്‍ക്കാര്‍ ! എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭൂമിയിടപാടിലെ നടപടിക്രമങ്ങള്‍ എല്ലാം കാനോന്‍ നിയമപ്രകാരം ! ഫൈനാന്‍സ് സമിതി ഉള്‍പ്പെടെ സഭയുടെ മൂന്നു കമ്മറ്റികളും വിശദമായി ചര്‍ച്ച ചെയ്‌തെന്ന് മിനുട്ട്‌സിലുണ്ടെന്നും സര്‍ക്കാരന്റെ സത്യവാങ്മൂലം. ഭൂമിവിറ്റ പണം വന്നത് അതിരൂപതയുടെ അക്കൗണ്ടിലേക്ക് തന്നെയെന്നും സര്‍ക്കാര്‍

New Update

publive-image

ഡല്‍ഹി:എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. നേരത്തെ പോലീസും കര്‍ദിനാളിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Advertisment

റോമന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവുമാണ് എല്ലാ ആലോചനകളും നടത്തിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൃത്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചര്‍ച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന്റെ സി- ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.

മറ്റൂരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിന് ഭൂമി വില്‍ക്കാനുള്ള തീരുമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും സര്‍ക്കാര്‍ പറയുന്നുണ്ട്.

വായ്പാ തിരിച്ചടവിന് സഭ വിറ്റ ഭൂമിക്ക് സെന്റിന് 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 2.43 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയും. 36 പേരാണ് ഭൂമി വാങ്ങിയത്.

ഇവര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. നിയമവിരുദ്ധമായ ഒരു പണമിടപാടും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

പ്രമാണത്തില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ തുക ആരും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 83 പേരില്‍നിന്ന് മൊഴി എടുത്തതായും 57 രേഖകള്‍ പരിശോധിച്ചതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുണ്ട്.

Advertisment