ഡല്‍ഹി: പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെതാണ് വിലക്ക്. സഭ്യമല്ലാത്തത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ വാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അഴിമതിക്കാരന്‍, വഞ്ചന, പീഡനം, ലജ്ജാകരം, അസത്യം തുടങ്ങിയ വാക്കുകളെല്ലാം സഭ്യമല്ലാത്തതായി കണക്കാക്കപ്പെടുമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കിയ കൈപ്പുസ്തകം പറയുന്നു. കോവിഡ് പരത്തുന്നവന്‍, കാപട്യക്കാരന്‍, മന്ദബുദ്ധി, മുതലക്കണ്ണീര്‍, പീഡിപ്പിക്കുന്നു, ഇതൊന്നും രേഖകളില്‍ ഉണ്ടാവില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയയേറ്റിന്റെ കൈപ്പുസ്തകം പറയുന്നത്.
ഏകാധിപതി, കഴിവുകെട്ടവന്‍, അരാജകവാദി, ശകുനി, വിനാശകാരി, ഖലിസ്ഥാനി തുടങ്ങിയവയെല്ലാം ചര്‍ച്ചകളില്‍ പ്രയോഗിച്ചാല്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും. പാര്‍ലമെന്റന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് ഈ പദ പ്രയോഗങ്ങള്‍ക്ക് വലിക്കേര്‍പ്പെടുത്തിയത്.
അതേസമയം ഈ തീരുമാനം വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തില്‍ സഭാധ്യക്ഷന്‍മാര്‍ക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് തീരുാമനിച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ സഭാരേഖകളില്‍ നിന്ന് വാക്കുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്തിമതീരുമാനം അധ്യക്ഷന്‍മാരാണ് എടുക്കുന്നത്. അണ്‍പാര്‍ലമെന്ററി പദങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകാറില്ല. അതു നീക്കം ചെയ്യുകയാണ് പതിവ്.
അഴിമതിക്കാരന്‍, കള്ളന്‍, കാപട്യക്കാരന്‍ എന്നി പദങ്ങളൊക്കെ സഭയില്‍ എംപിമാര്‍ സ്ഥിരം പ്രയോഗിക്കുന്നവയാണ്. ഇതടക്കം ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയത് പ്രതിപക്ഷ വിമര്‍ശനത്തെ തടസ്സപ്പെടുത്താനാണെന്ന് ആക്ഷേപം ശക്തമായിരിക്കുകയാണ്.