ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ദിനാഘോഷങ്ങൾ ആർകെ പുരം സെക്ടർ-4ലെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറി. ആഘോഷങ്ങളോടനുബന്ധിച്ചു ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സിനിമാ താരവും ജീവകാരുണ്യ പ്രവർത്തകയുമായ ഡോ സോണിയ മൽഹർ, വിശിഷ്ടാതിഥിയായി മലയാള സാഹിത്യകാരനും കഥാകൃത്തുമായ ബിഎം ജിതേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കെജെ സ്വാഗതം ആശംസിച്ചു. ഡിഎംഎ വൈസ് പ്രെസിഡണ്ട്മാരായ മണികണ്ഠൻ കെവി, രാഘുനാഥൻ നായർ കെജി, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗവും പ്രോഗ്രാം കൺവീനറുമായ സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കേന്ദ്ര നിർവാഹക സമിതി അംഗമായ അനിലാ ഷാജി ചൊല്ലിക്കൊടുത്ത ഭാഷാ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി.
ഡിഎംഎ ദ്വാരക ഏരിയയുടെ കേരള നടനം, പശ്ചിമ വിഹാറിന്റെ കോമഡി സ്‌കിറ്റ്, മെഹ്‌റോളി ഏരിയയുടെ ഒപ്പന, ബദർപ്പൂർ ഏരിയ അവതരിപ്പിച്ച നാടൻ പാട്ട്, മയൂർ വിഹാർ ഫേസ്-3 അവതരിപ്പിച്ച നൃത്തശില്പം, ദിൽഷാദ് കോളനിയുടെ കോമഡി ഷോ, പട്ടേൽ നഗർ ഏരിയയുടെ വഞ്ചിപ്പാട്ട്, ഭാഷാധ്യാപകർ അവതരിപ്പിച്ച തിരുവാതിര കളി, മലയാളം മിഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപനത്തിൽ സമ്മാനാർഹയായ ബർഖാ നായർ ആലപിച്ച കവിത എന്നിവ ആഘോഷ പരിപാടികൾ അവിസ്‌മരണീയമാക്കി. സ്നേഹഭോജനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ദിനാഘോഷങ്ങൾ ജീവകാരുണ്യ പ്രവർത്തകയും സിനിമാ താരവുമായ ഡോ സോണിയ മൽഹാർ ഭദ്രദീപം കൊളുത്തി ഉഘാടനം ചെയ്യുന്നു. (ഇടത്തു നിന്ന്) സാഹിത്യകാരനും കഥാകൃത്തുമായ ബിഎം ജിതേന്ദ്രകുമാർ, ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, കേന്ദ്ര നിർവാഹക സമിതി അംഗവും പ്രോഗ്രാം കൺവീനറുമായ സുജാ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ കെജി, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി തുടങ്ങിയവർ സമീപം.