Advertisment

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ ഡൽഹിയെ പ്രതിനിധീകരിച്ച് ഡിഎംഎയുടെ കളരിപ്പയറ്റ് കളരിയിലെ കുട്ടികൾ

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: പ്രവാസികളായ ഡൽഹി മലയാളികൾക്ക് അഭിമാനമായി സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഡൽഹി സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളരിപ്പയറ്റ് സംഘത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ കളരിപ്പയറ്റ് കളരിയിലെ കുട്ടികളും കച്ചമുറുക്കി അങ്കത്തട്ടിലെത്തുന്നു. 2023 ഫെബ്രുവരി 8 മുതൽ 10 വരെ മധ്യപ്രദേശ് ഗ്വാളിയറിലെ ലക്ഷ്‌മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എൽഎൻഐപിഇ) സമുച്ചയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

കളരിപ്പയറ്റിന്റെ പ്രൗഢി വീണ്ടെടുക്കുവാനും മുഖ്യധാരയിലേക്ക് എത്തിക്കുവാനുമുള്ള ലക്ഷ്യത്തോടെ കളരി ഗുരുക്കന്മാരും കളരി ഫെഡറേഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ മത്സരങ്ങളുമൊക്കെ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്തിയത്.

പി ബി സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിലുള്ള പിഎസ് അനാമിക, മാളവിക ബിബിൻ, മേധാ ശർമ്മ, നിരഞ്ജൻ വി നായർ, പിഎസ് മാളവിക, എസ് ശ്രേയ, എം സ്നേഹ, കെബി ആദിനാഥ്, അഭിനവ് എച്ച് നായർ, എം ആദിത്യ, കൈലാസ് കെ അജയ്, സൂര്യാൻശ് വിശ്വകർമ്മ, എം അതുൽ കൃഷ്‌ണ, എഎം ആരോൺ, നവീൻ കൃഷ്‌ണ, അംബരീഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ ജ്യോതിക മാട്ടുമ്മൽ എന്നീ പതിനാറു കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ആയോധനകലകളുടെ മാതാവ് എന്നറിയപ്പെടുന്ന കേരളത്തിൻ്റെ തനത് കലയായ കളരിപ്പയറ്റ് മെയ് വഴക്കത്തോടൊപ്പം ഏകാഗ്രതയും ആത്മവിശ്വാസവും നൽകുന്നവയാണ്. ആരോഗ്യകരമായ ജീവിത ശൈലിയും കലാകായിക വിനോദങ്ങളുമൊക്കെയായി വളരേണ്ട കുട്ടികളും യുവാക്കളുമൊക്കെ ആധുനികതയുടെ സ്വാധീന വലയത്തിൽ കുടുങ്ങി സംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന കളരിപ്പയറ്റു പോലെയുള്ള കലാകായിക വിനോദങ്ങൾക്ക് ഇന്ദ്രപ്രസ്ഥത്തിൽ പ്രസക്തിയേറുകയാണ്.

ഈ സാഹചര്യത്തിലാണ് ഡൽഹി മലയാളി അസോസിയേൻ, പിബി സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിലുള്ള സത്വം കളരി സംഘവുമായി ചേർന്ന് താല്പര്യമുള്ള കുട്ടികൾക്കായി കളരിപ്പയറ്റ് അഭ്യസിപ്പിക്കുവാൻ തങ്ങളുടെ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ സൗകര്യമൊരുക്കിയത്. എല്ലാ ഞായറാഴ്ച്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്‌ളാസുകൾ നടക്കുന്നത്. പരിശീലനം നടത്തുന്ന കുട്ടികൾ ഇതിനോടകം നിരവധി പരിപാടികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുവാൻ പ്രാവീണ്യമുള്ളവരായതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന 4-ാമത് സംസ്ഥാന കളരിപ്പയറ്റ് ടൂർണമെൻ്റിലും തിരുവനന്തപുരത്ത് നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലും ഡൽഹി സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരിൽ ഏറെയും ഡിഎംഎയിൽ പരിശീലനം സിദ്ധിച്ചവരായിരുന്നു .

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് മത്സരത്തിനുള്ള പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡൽഹി മലയാളി അസോസിയേഷൻ.

Advertisment