സിസ്റ്റർ സെഫിയുടെ കന്യകാത്വം പരിശോധിച്ച സിബിഐ കുടുങ്ങും ! ഭരണഘടനാവിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമാണെന്ന് ഡൽഹി ഹൈക്കോടതി. കേസ് തീരുമ്പോൾ നഷ്ടപരിഹാരത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാമെന്നും കോടതി

New Update

publive-image

ന്യൂഡൽഹി:സിസ്റ്റർ അഭയ കൊലക്കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വം പരിശോധിച്ചത് ഭരണഘടനാവിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമാണെന്ന് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

Advertisment

അഭയ കൊലക്കേസിലെ വ്യവഹാര നടപടികൾ അവസാനിക്കുമ്പോൾ സിസ്റ്റർ സെഫിക്ക് നഷ്‌ടപരിഹാരത്തിനായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കം അനുയോജ്യമായ ഫോറങ്ങളെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് ജ‌ഡ്‌ജി സ്വരാന കാന്ത ശർമ്മ വ്യക്തമാക്കി. സിസ്റ്ര‌ർ സെഫി 2009ൽ സമ‌ർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.


ജീവിക്കാനുളള മൗലികാവകാശവും, വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം പൊലീസിന്റെ അന്വേഷണ കാലയളവിൽ മരവിപ്പിക്കാനാവില്ല. കസ്റ്റഡിയിലുളള വ്യക്തിയുടെ അടിസ്ഥാനപരമായ അന്തസ് ഉയർത്തിപ്പിടിക്കേണ്ടതാണ്. പ്രതിയാണെങ്കിലും ഇരയാണെങ്കിലും കന്യകാത്വ പരിശോധന പാടില്ല.

സ്‌ത്രീ കസ്റ്റഡിയിലുള്ളപ്പോഴും ഇതു ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന സിസ്റ്റർ സെഫിയുടെ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് അധികാരമില്ലെന്ന സി.ബി.ഐയുടെ വാദവും തളളി.

കേന്ദ്രസർക്കാരും സി.ബി.ഐയും ദേശീയ മനുഷ്യാവകാശ കമ്മിഷനും ഡൽഹിയിലാണ്. ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് പൂർണ അധികാരമുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.


1992ലാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം സിസ്റ്രർ സെഫിയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയയാക്കിയത്. 2020 ഡിസംബറിൽ തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി പ്രതികളായ തോമസ് കോട്ടൂരിനെയും, സിസ്റ്റർ സെഫിയെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു.


കഴിഞ്ഞവർഷം ജൂണിൽ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. രണ്ട് പേരുടെയും അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവെന്നത് ശ്രദ്ധേയമാണ്.

സെഫി ഇക്കാര്യം കേരള ഹൈക്കോടതിയിലും ഉന്നയിച്ചേക്കും. കേസ് അന്വേഷണ വേളയിൽ പൊലീസ്, അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള പ്രതിയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് നേരേയുളള കടന്നുകയറ്റമാണെന്നാണ് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്. പ്രതിയാണെങ്കിലും ഇരയാണെങ്കിലും കന്യകാത്വ പരിശോധന നടത്താൻ കഴിയില്ല

Advertisment