ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. മയൂർ വിഹാർ ഫേസ്-1, പോക്കറ്റ്-4, റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (ആർ.ഡബ്ള്യു.എ) ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ കമ്മിറ്റി രൂപീകരണത്തിനായി ചുമതലപ്പെടുത്തിയ കേന്ദ്രക്കമ്മിറ്റി ജോയിന്റ് ട്രെഷറർ പി എൻ ഷാജി അധ്യക്ഷത വഹിച്ചു.
അഡ്‌ഹോക് കമ്മിറ്റി കൺവീനറായി ഇകെ ശശിധരൻ, ജോയിന്റ് കൺവീനർമാരായി വി രഘുനാഥൻ, ശ്രീനി നായർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സി കെ പ്രിൻസ്, ജോസ് മത്തായി, ബിജു വർഗീസ് എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് കെ ജി രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, റിസോഴ്സ് കമ്മിറ്റി കൺവീനർ രവീന്ദ്രൻ പിരിയാട്ട്, മുൻ പ്രസിഡന്റ് സി കേശവൻ കുട്ടി, ഏരിയ മുൻ വൈസ് ചെയർമാൻ ടി കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയയിലെ ആജീവനാന്ത അംഗങ്ങളും അഭ്യുദയകാംക്ഷികളും ഡിഎംഎയിൽ ചേർന്നു പ്രവർത്തിക്കാനും അംഗങ്ങളാകാനും ആഗ്രഹിച്ച ധാരാളം പേർ യോഗത്തിൽ പങ്കെടുത്തു.