ന്യൂ ഡൽഹി: ഭക്ത മനസുകൾക്ക് പുണ്യം പകർന്ന് നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 24-ാമത് വലിയ പൊങ്കാല മഹോത്സവം സമാപിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഇത്തവണ പൊങ്കാല അരങ്ങേറിയത്.
നിർമ്മാല്യ ദർശനത്തിനു ശേഷം മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊങ്കാലയോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.
താലപ്പൊലിയുടെയും ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ വായ്ക്കുരവകളുടെ ധ്വനി ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു.
തുടർന്ന് ഭക്തജനങ്ങൾ സ്വയം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളും കോടമഞ്ഞിൻ കണികകളും ഇരുൾ പരത്തിയ അന്തരീക്ഷം ശ്രീമൂകാംബിക കീർത്തന സംഘത്തിന്റെ മധുര ഗാനാമൃതങ്ങളാൽ ഭക്തി സാന്ദ്രമാക്കി.
തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ ഒരു വർഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ സുകൃതവുമായി ഭക്തർ തിരുനടയിലെത്തി ദർശനവും കാണിക്യയുമർപ്പിച്ചു അന്നദാനത്തിലും പങ്കെടുത്ത് മടക്കയാത്ര നടത്തി.
എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ഒരുക്കിയിരുന്നു.
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻ കുട്ടി, രാജ്‌ബാല ഹൂഡ (സേവാ ഭാരതി), പികെ സുരേഷ് (ബാലഗോകുലം), ശ്രീനാരായണ കേന്ദ്ര ജനറൽ സെക്രട്ടറി എൻ ജയദേവൻ, എൻഎസ്എസ് വൈസ് പ്രസിഡന്റ് ശിവപ്രസാദ്, എസ്എൻഡിപി ഡൽഹി യൂണിയൻ കൗൺസിൽ അംഗം പികെ പ്രകാശ്, ഡൽഹി മലയാളി വിശ്വകർമ്മ സഭാംഗം ഷീലാ രാജേന്ദ്രൻ, പാഞ്ചജന്യം ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം പ്രസിഡന്റ് ആർപി പിള്ള, വൈസ് പ്രസിഡന്റ്മാരായ കെജി സുനിൽ, വികെഎസ് നായർ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനിൽ കുമാർ, മധുസൂധനൻ, ട്രെഷറർ അനീഷ് നായർ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, ഇന്റെർണൽ ഓഡിറ്റർ ഇ ഡി അശോകൻ, വനിതാ അംഗങ്ങളായ ശോഭാ പ്രകാശ്, ലതാ മുരുകേശൻ, ശ്യാമളാ കൃഷ്‌ണകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.