Advertisment

വീണ്ടും ബിജെപിയുടെ മനസിലിടം നേടാനുള്ള തന്ത്രങ്ങളെറിഞ്ഞു ഏ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഇത്തവണ രാമനെതന്നെ കൂട്ടുപിടിച്ചു ? അനിലിന് കൈ കൊടുക്കാതെ ബിജെപിയും

New Update

publive-image

Advertisment

ഡല്‍ഹി: ബിജെപിയുടെ മനസിലിടം നേടാനുള്ള തുടര്‍ച്ചയായ പ്രയത്നങ്ങളിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. ഇക്കാര്യം കോണ്‍ഗ്രസ് നേതാവും ആന്‍റണിയുടെ സഹപ്രവര്‍ത്തകനുമായ ജയറാം രമേശുതന്നെ ഇന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്.


തുടര്‍ച്ചയായ ബിജെപി പുകഴ്ത്തലുകള്‍ക്കും കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കുമിടയില്‍ ഇന്ന് രാമനവമി ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അനില്‍ ആന്‍റണി. ശ്രീരാമന്‍റെ ചിത്രത്തോടൊപ്പമാണ് അനിലിന്‍റെ ആശംസ.


നേരത്തെ ഗുജറാത്ത് കപാലം സംബന്ധിച്ച ബിബിസി ഡോക്യുമെന്‍ററിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍ വിവാദത്തിലായത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് വിമര്‍ശനം ഉന്നയിച്ച സ്മൃതി ഇറാനിയെ പുകഴ്ത്തിയും രംഗത്തെത്തി.

അതിനുപിന്നാലെയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയണമെന്നും രാഹുല്‍ ഗാന്ധിയുടെ വിഡ്ഢിത്തരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കരുതെന്നും വിമര്‍ശിച്ചത്. ഏറ്റവും പുതിയ തന്ത്രമാണ് രാമനവമി ആശംസ.

ബിജെപി നേതൃത്വത്തിന്‍റെ മനസിലിടം നേടാനുള്ള അനിലിന്‍റെ നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ലെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ സംസാരം. പൊതുജനാഭിപ്രായമില്ലാത്ത നേതാക്കളെ പാര്‍ട്ടിക്കു വേണ്ടെന്നതാണ് ബിജെപി നിലപാട്. അണികളില്ലാതെ നേതാക്കളെ മാത്രം കിട്ടിയതുകൊണ്ട് നേട്ടമില്ലെന്നതാണ് ബിജെപിയുടെ വിലയിരുത്തല്‍.

എകെ ആന്‍റണിയുടെ മകനെന്നതിലപ്പുറം രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കാന്‍ അനിലിന് കഴിഞ്ഞിട്ടില്ലെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അനിലിന്‍റെ ബിജെപി മോഹം എത്രകണ്ട് പൂവണിയുമെന്ന് കണ്ടറിയണം.

Advertisment