ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തീഡ്രല്‍ ദേവാലയ സന്ദര്‍ശനത്തിന് പിന്നാലെ സമ്മര്‍ദ്ദ തന്ത്രവുമായി ഫരീദാബാദ് രുപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്. തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ 'റബര്‍ വില - 300' പ്രസ്താവനയുടെ മോഡലില്‍ രാജ്യത്ത് ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന പ്രസ്താവനയുമായാണ് മാര്‍ ഭരണിക്കുളങ്ങരയുടെ പുതിയ രംഗപ്രവേശം.
ഡല്‍ഹിയിലെ ക്രേസ്തവ ബിഷപ്പുമാര്‍ക്കിടയില്‍ മേല്‍ക്കൈ നേടുകയെന്ന തന്ത്രവുമായാണ് പുതിയ നീക്കം. മാത്രമല്ല, ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ തുറന്നു പറയുമ്പോള്‍, ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വം പ്രശ്നപരിഹാരം തേടി തന്നെ വന്നുകാണുമെന്നും ഇതോടുകൂടി കത്തോലിക്കാ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറാനാകുമെന്നും ഫരീദാബ്ദ് ബിഷപ്പ് കണക്കുകൂട്ടുന്നു.
വിവാദ പ്രസ്താവനകളിറക്കി രാഷ്ട്രീയ നേതൃത്വങ്ങളെ തങ്ങളുടെ മുമ്പിലെത്തിക്കാന്‍ ക്രിസ്ത്യന്‍, പ്രത്യേകിച്ച് കത്തോലിക്കാ ബിഷപ്പുമാര്‍ മല്‍സരിക്കുന്നതിനിടയിലാണ് മാര്‍ ഭരണിക്കുളങ്ങരയുടെ പുതിയ നീക്കം.
ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രിസ്തീയ സമൂഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നേരിടുന്നു, അവ പലപ്പോഴും സംഘടിതമായിട്ടുള്ളവയാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ തീർത്തും അപലപനീയമാണെന്നും ഇപ്പോൾ ഭരിക്കുന്ന പാർട്ടി ആശയപരമായ സംവാദങ്ങളിലൂടെ പരിഹാരം കണ്ടെത്തണമെന്നുമാണ് മാര്‍ ഭരണിക്കുളങ്ങര ചൂണ്ടിക്കാട്ടിയത്.
കത്തോലിക്കാ ബിഷപ്പുമാരില്‍ മാര്‍ ആന്‍റണി കരിയില്‍ കഴിഞ്ഞാല്‍ ഏറ്റവും ഒറ്റപ്പെട്ട ബിഷപ്പ് മാര്‍ ഭരണിക്കുളങ്ങരയാണ്. സഭാ വിമതരുടെ ആവശ്യ പ്രകാരം ജനാഭിമുഖ കുര്‍ബാന ഫരീദാബാദില്‍ നടപ്പിലാക്കാനൊരുങ്ങിയ മാര്‍ ഭരണിക്കുളങ്ങരയെ വൈദികരും സണ്‍ഡേ സ്കൂള്‍ അധ്യാപകരും അടക്കം വേദിയിലിരുത്തി മുഖത്തു നോക്കി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ വീഡിയോകള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്.
ഇതോടുകൂടി സ്വന്തം രൂപതയിലും ബിഷപ്പിന്‍റെ സ്വീകാര്യത സംശയത്തിന്‍റെ നിഴലിലാണ്. വിമത വൈദികര്‍ക്ക് ഒത്താശ ചെയ്തതിന്‍റെ പേരില്‍ സഭാ നേതൃത്വത്തിനും അദ്ദേഹം അനഭിമതനാണ്. അതിനാല്‍ തന്നെ മാര്‍ ഭരണിക്കുളങ്ങരയുമായി ചര്‍ച്ച നടത്തിയാല്‍ കാര്യങ്ങള്‍ വിപരീതമാകുമോ എന്നതാണ് ആശങ്ക.