ന്യൂഡൽഹി: മുമ്പെങ്ങുമില്ലാത്ത വിധം വിമതസ്വരം ഉയരുന്നതിനിടെ, ഗുജറാത്തിൽ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തും. നവംബർ 19 ശനിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി എട്ട് തിരഞ്ഞെടുപ്പ് റാലികളെ മോഡി അഭിസംബോധന ചെയ്യും. തെക്കൻ ഗുജറാത്തിലെ വൽസാഡിലാണ് ആദ്യറാലി.
അടുത്ത ദിവസം രാവിലെ സോമനാഥ് ക്ഷേത്രം സന്ദർശിക്കുന്ന മോദി വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലെ നാല് റാലികളിൽ പങ്കെടുക്കും. തുടർന്ന് അഹമ്മദാബാദിലെത്തുന്ന മോദി രാജ്ഭവനിൽ തങ്ങും. തിങ്കളാഴ്ച, അദ്ദേഹം സുരേന്ദ്രനഗർ, ജംബുസാർ, നവസാരി എന്നിവിടങ്ങളിലെ മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിൽ പങ്കെടുത്തിരുന്നു.
അതേസമയം, മോഡിയുടെ കാടിളക്കിയുള്ള പ്രചാരണത്തെ നേരിടാൻ രമേശ് ചെന്നിത്തല അടക്കം 40 താരപ്രചാരകരെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എംപി അടക്കം 40 നേതാക്കളുടെ പട്ടിക കോൺഗ്രസ് പുറത്തു വിട്ടു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, എ.ഐ.സി.സി നേതാവ് പ്രിയങ്കാ ഗാന്ധി, സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല, പ്രമുഖ നേതാക്കളായ ദിഗ്‌വിജയ് സിംഗ്, കമൽനാഥ്, ഭൂപീന്ദർ സിംഗ് ഹൂഡ, അശോക് ചവാൻ, താരിഖ് അൻവർ, സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരും പട്ടികയിലുണ്ട്.
വിമത ശല്യമാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന വിമതരെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വം നീക്കം തുടങ്ങി. അതൃപ്തിയുള്ള നേതാക്കളുമായി നേരിട്ട് ചർച്ച നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പദ്ധതി. സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല. തുടർന്നാണ് ഷാ നേരിട്ട് ഇടപെടുന്നത്. വിമത നേതാക്കൾ നേതൃത്വത്തിനെതിരെ പ്രതിഷേധവും രോക്ഷ പ്രസ്‌താവനകളും പുറപ്പെടുവിക്കുന്ന സാഹചര്യത്തിലാണിത്.
വിമത വിഷയം ചർച്ച ചെയ്യാൻ ഗാന്ധിനഗറിൽ അമിത് ഷാ, സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീലിനൊപ്പം ഉന്നതതല യോഗം വിളിച്ചിരുന്നു. വിമതർ ഏറക്കൊലമായി ബി.ജെ.പി കുടുംബവുമായി അടുത്ത് പ്രവർത്തിക്കുന്നവരാണെന്നും അവരെ സ്‌നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണമെന്നുമാണ് ഷായുടെ നിലപാട്.
നവംബർ 12 ന് വോട്ടെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും ബി.ജെ.പിക്ക് ആഭ്യന്തര കലഹം നേരിടേണ്ടി വന്നിരുന്നു. 68 സീറ്റുകളിൽ 21 എണ്ണത്തിലും വിമതർ മത്സരിച്ചു. പ്രധാനമന്ത്രി മോദി ഫോണിലൂടെ നേരിട്ട് അഭ്യർത്ഥിച്ചിട്ടും അവർ വഴങ്ങിയില്ല.
ഡിസംബർ 1, 5 തീയതികളിൽ വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വിമതസ്വരം ഉയരുന്നുണ്ടെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഉടൻ പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും അവർ പറയുന്നു. കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയുമുള്ള തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം വേണ്ടെന്നാണ് മുതിർന്ന നേതാക്കൾ നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പ്.