Advertisment

കോൺഗ്രസിനെ പ്രകോപിപ്പിച്ച് തരൂർ ! തരൂരിന്റെ വെട്ടിൽ വീണും വീഴാതെയും പ്രതിരോധം തീർത്ത് സംസ്ഥാന ഘടകവും. തരൂരിന് പിന്നിൽ  കോൺഗ്രസിതര ലക്ഷ്യങ്ങളോ ? തരൂരിന്റെ സന്ദർശനം ആഘോഷമാക്കാൻ കോടികളൊഴുക്കി പിആർ കമ്പനികളും രംഗത്ത്

New Update

publive-image

Advertisment

ഡല്‍ഹി: കേരള രാഷ്ട്രീയത്തിലിപ്പോൾ തരൂരാണ് താരം. തരൂരിനായി തരൂർ തന്നെ സൃഷ്ടിക്കുന്ന ഒരു കർമ്മ പദ്ധതി ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. കോൺഗ്രസിനെ പ്രകോപിപ്പിച്ചു അണികളിൽ ആവേശം വിതറിയാണ് തരൂരിന്റെ യാത്ര.

അതോടെ കേരളത്തിൽ മുഖ്യമന്ത്രിയും വിവാദങ്ങളും കത്തുകളും ഗവർണറുമൊക്കെ അപ്രസക്തരായി. അതിനിടെയിലും വന്‍ ജനപിന്തുണയുമായി മുന്നേറുന്ന ഡോ. ശശി തരൂരിന്‍റെ നീക്കങ്ങളെ സംശയദൃഷ്ടിയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

കോണ്‍ഗ്രസിന്‍റെ നേതൃത്വം പിടിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ അപ്പാടെ അവഗണിച്ച് ബദല്‍ സംഘടനാ സംവിധാനം സൃഷ്ടിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന തരൂരിന്‍റെ നീക്കം കോണ്‍ഗ്രസിതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. തരൂരിന് പിന്നില്‍ കേരളം ബാലികേറാമലയായി കാണുന്ന ദേശീയ രാഷ്ട്രീയത്തിലെ വമ്പന്‍ ശക്തികളുടെ പിന്‍ബലമുണ്ടെന്ന സംശയങ്ങളാണ് ഉയരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച് ആയിരത്തിലേറെ വോട്ടുകള്‍ നേടിയ തരൂര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിപ്രകടനം നടത്തിയത് കഴിഞ്ഞ മാസമാണ്. ഹൈക്കമന്‍റ് പിന്തുണയുണ്ടായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെയെക്കെതിരെ ആയിരത്തിലേറെ വോട്ടുകള്‍ നേടിയ തരൂരിന്‍റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു.


ഈ പോരാട്ടത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനകത്തുനിന്നും പുറത്തുനിന്നും തരൂരിന് ലഭിച്ച പിന്തുണ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തരൂരിന്‍റെ നീക്കങ്ങളെയും ജനഹിതത്തെയും ഏറ്റവും സുക്ഷ്മമായി നിരീക്ഷിച്ച പാര്‍ട്ടിയും കോണ്‍ഗ്രസായിരുന്നില്ല. ബിജെപിയായിരുന്നു.


അതിന്‍റെ അനന്തരഫലമാണ് തരൂരിനെ കേരളത്തില്‍ കളത്തിലിറക്കിയ 'തരൂര്‍-കരള പായ്‌ക്കേജ്' എന്ന സംശയമാണ് പുറത്തുവരുന്നത്. അതിനാലാണ് ശശി തരൂര്‍ തന്ത്രപൂര്‍വ്വം കോണ്‍ഗ്രസ് പാര്‍ട്ടിയെ മനപൂര്‍വ്വം അവഗണിച്ച് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണ നേടാന്‍ ശ്രമിക്കുന്നത്.

publive-image

പാര്‍ട്ടിയില്‍ ഒരു പ്രബല വിഭാഗത്തെയം ജനങ്ങളെയും ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിനെ അവഗണിച്ചുകൊണ്ടുള്ള ഒരു മൂന്നാം മുന്നണിതന്നെയാണ് ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. ആ അപകടം മണത്തറിഞ്ഞാണ് തരൂരിന്‍റെ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേൃത്വം രംഗത്തെത്തിയിട്ടുള്ളതും.

തരൂര്‍ കോഴിക്കോട്ടും കോട്ടയത്തുമൊക്കെ പങ്കെടുത്തതും പങ്കെടുക്കുന്നതുമായ പരിപാടികളൊക്കെ സാധാരണനിലയില്‍ കോണ്‍ഗ്രസിന് അവഗണിക്കാന്‍ പറ്റാത്തതും പാര്‍ട്ടി നയങ്ങളുമായി ഒത്തുപോകുന്നതുമാണ്. ഈ പരിപാടികളില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ച് അദ്ദേഹം ബന്ധപ്പെട്ട കമ്മറ്റികളെ അറിയിച്ചാല്‍ പിന്നെ വിവാദങ്ങള്‍ക്കവിടെ സ്ഥാനമില്ല.

ആ വഴി സ്വീകരിക്കാതെ വേറിട്ട വഴികളിലൂടെ പരിപാടികള്‍ സൃഷ്ടിച്ച് അത് വിവാദമാക്കി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ തരൂരിന്‍റെ തന്ത്രം വ്യക്തമാണ്.


തരൂരിന്‍റെ പരിപാടികള്‍ വിവാദവാര്‍ത്തയാക്കാനും പരിപാടികളുടെ പാര്‍ട്ടി ബഹിഷ്കരണം വിവാദമാക്കാനും മാധ്യമങ്ങള്‍ക്കിടയില്‍ ഇടപെടല്‍ നടത്തുന്നതും വന്‍ പിആര്‍ ഓപ്പറേഷന്‍ വഴിയാണ്. അതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വസ്തത നേടാനും ബിജെപിയെ സംശയിക്കാതിരിക്കാനും വേണ്ടിയാണ് വര്‍ഗീയതയ്ക്കെതിരെയുള്ള സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍.


ബിജെപിയെ സംബന്ധിച്ച് അവരുടെ ബാലികേറാമലയാണ് കേരളം. സംസ്ഥാനത്ത് ബിജെപി നടത്തിയ രാഷ്ട്രീയ പരിക്ഷണങ്ങളൊക്കെ വേരോടെ പാളി.

കോണ്‍ഗ്രസ് പാര്‍ട്ടിയിലും പുറത്തും വന്‍ സ്വാധീനമുള്ള തരൂരിനേപ്പോലുള്ള ഒരാളെ ഒപ്പം കിട്ടുന്നത് അവര്‍ക്ക് ബംബര്‍ നേട്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ തകരാന്‍ കോണ്‍ഗ്രസിലൊന്നും അവശേഷിക്കുന്നില്ലാത്തതിനാല്‍ തരൂര്‍ എന്ന വജ്രായുധം കേരളത്തില്‍ പ്രയോഗിക്കുന്നത് ബിജെപി തന്ത്രമാണെങ്കില്‍പോലും അതിശയിക്കാനില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്.


രാജ്യത്ത് ഇന്നും കോണ്‍ഗ്രസിന് അടിത്തട്ടില്‍ വേരോട്ടമുള്ള ഏക സംസ്ഥാനമാണ് കേരളം. എക്കാലത്തെയും ബിജെപിയുടെ സ്വപ്നംകൂടിയാണ് കേരളം. പക്ഷേ അതെങ്ങനെ മുസ്ലിംലീഗിനെനേയും മറ്റും ഒപ്പം നിര്‍ത്തിക്കൊണ്ട് സാധ്യമാകും എന്നതൊരു ചോദ്യം തന്നെയാണ്. ആ ചോദ്യം അവിടെ സൃഷ്ടിക്കപ്പെട്ടതാണെങ്കിലോ എന്ന മറുചോദ്യവുമുണ്ട് അപ്പുറത്ത്.


തരൂരിനേപ്പോലെ പബ്ലിക് റിലേഷന്‍സിന്‍റെ ആഗോള സാധ്യതകള്‍ പരീക്ഷിക്കുന്ന വിശ്വപൗരന്മാര്‍ കളത്തിലിറങ്ങി കളിക്കുമ്പോള്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടി വരും.

കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്ക് വിലക്ക് ഉണ്ടാകും മുമ്പ് തരൂരിന്‍റെ പാണക്കാട് സന്ദര്‍ശനം വിവാദമാക്കാന്‍ മാധ്യമങ്ങള്‍ക്കുമേല്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്. തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചതുതന്നെ അതു വാര്‍ത്തയാക്കാനായിരുന്നുവെന്ന് വ്യക്തം.

publive-image


കോണ്‍ഗ്രസ് മടുത്തെന്ന് നാളുകളായി പറഞ്ഞുനടക്കുന്ന എംപിയാണ് തരൂര്‍ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്.


എന്തായാലും ശശി തരൂര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. തരൂരിനേപ്പോലൊരു വിശ്വപൗരന്‍ കേരളത്തെ നയിക്കണം എന്ന് ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തില്‍ രൂപപ്പെട്ടുവരുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധി തന്നെ. തള്ളാനും കൊള്ളാനും വയ്യാത്ത കയ്പായി കോണ്‍ഗ്രസിന് തരൂര്‍ മാറുകയാണ്. അതിന്‍റെ നേട്ടം ആര്‍ക്കാണെന്ന് കണ്ടറിഞ്ഞാല്‍ മതി.

 

Advertisment