ഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിൽ. പരസ്യ പ്രചാരണത്തിന് രണ്ടു ദിവസം ശേഷിക്കെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെയും ആംആദ്മി പാർട്ടി (എ.എ.പി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഇറക്കി പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമത്തിലാണ്.
12 മണ്ഡലങ്ങളുള്ള സൂറത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും പ്രചാരണ റാലികൾ നടത്തി. വിമാനത്താവളത്തിൽ നിന്ന് റാലി വേദിയിലേക്കുള്ള 25 കിലോമീറ്റർ റോഡ് ഷോയ്ക്ക് ശേഷമാണ് സൂറത്തിലെ മോട്ട വരച്ചയിൽ മോദി റാലിക്കെത്തിയത്.
ബറൂച്ചിലെ നേത്രംഗിലും ഖേദ ജില്ലയിലുമായിരുന്നു മറ്റ് റാലികൾ. ടെക്‌സ്‌റ്റൈൽ, ഡയമണ്ട് വ്യവസായ കേന്ദ്രവും ദീർഘകാലമായി ബി.ജെ.പിയുടെ ശക്തികേന്ദ്രവുമായ സൂറത്തിൽ കെജ്‌രിവാൾ രണ്ടു ദിവസം തങ്ങിയാണ് പ്രചാരണം നയിക്കുന്നത്. ടെക്‌സ്‌റ്റൈൽ വ്യവസായ പ്രമുഖരുമായും രത്‌ന കരകൗശല വിദഗ്ദ്ധരുമായും അദ്ദേഹം ചർച്ച നടത്തി.
യോഗി ചൗക്കിൽ റാലിയിലും കതർഗാമിൽ റോഡ്‌ഷോയിലും പങ്കെടുത്തു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എ.എ.പി സൂറത്തിൽ വൻ മുന്നേറ്റം നടത്തിയിരുന്നു. രണ്ട് ദിവസത്തെ പ്രചരണത്തിനായി സംസ്ഥാനത്തെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നർമ്മദയിലും അഹമ്മദാബാദിലും പൊതുറാലികളിൽ പങ്കെടുത്തു.
ഭീകരത നടമാടിയ കോൺഗ്രസ് ഭരണകാലം തിരിച്ചു വരുന്നത് തടയാൻ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്ന് ഖേദയിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് കേന്ദ്രത്തിൽ ഭരിക്കുമ്പോൾ ഗുജറാത്തിൽ ഭീകരത നടമാടി. സൂറത്തിലും അഹമ്മദാബാദിലും സ്‌ഫോടനങ്ങളിൽ ഏറെപ്പേർ കൊല്ലപ്പെട്ടു. ഭീകരവാദത്തിന് തടയിടുന്നതിന് പകരം അവർ എന്നെയാണ് ലക്ഷ്യമിട്ടത്. ഭീകരവാദം കോൺഗ്രസിന് വോട്ടുബാങ്കാണ്.
2014ലെ ഒരു വോട്ട് രാജ്യത്ത് മാറ്റം കൊണ്ടുവന്നു. ഇന്ന് നമ്മെ ആക്രമിക്കുന്നതിന് മുമ്പ് ഭീകരൻമാർ ഒരുപാട് ചിന്തിക്കും. എന്നാൽ സർജിക്കൽ ആക്രമണത്തെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. കർഫ്യൂ എന്തെന്നറിയാത്തവരാണ് സംസ്ഥാനത്തെ 25 വയസിന് താഴെയുള്ളവർ. ബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് അവരെ രക്ഷിക്കണം. ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന് മാത്രമേ അതിനാകൂവെന്നും മോദി ആവർത്തിച്ചു.
ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 2023 ജനുവരി 31നകം പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും പാർട്ടിക്ക് വോട്ടു നൽകണമെന്നും അദ്ദേഹം സർക്കാർ ജീവനക്കാരോട് അഭ്യർത്ഥിച്ചു.
ഡൽഹി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യമായെന്നും ഗുജറാത്തിലും അത് സംഭവിക്കുമെന്നും സൂറത്തിൽ വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ പറഞ്ഞു.
27 വർഷത്തിന് ശേഷം ഗുജറാത്തിലെ പൗരന്മാർക്ക് ആശ്വാസം ലഭിക്കും. ആംആദ്മി പാർട്ടി സർക്കാർ രൂപീകരിക്കും എന്ന് കടലാസിൽ എഴുതി അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ കാണിച്ചു. തോൽവി തുറിച്ചു നോക്കുന്നതിനാൽ ബി.ജെ.പി അങ്കലാപ്പിലാണെന്നും കോൺഗ്രസ് ചിത്രത്തിൽ എവിടെയുമില്ലെന്നും കെജ്രിവാൾ പരിഹസരിച്ചു.