ന്യൂഡൽഹി: ഒരു കിലോ ഗോതമ്പ് മാവിന് വില 160 രൂപ. ഒരു ഡോളർ കിട്ടാൻ 255രൂപ. ചിക്കൻ, മുട്ട, ധാന്യപ്പൊടി എന്നിവ കിട്ടാനില്ല. ഭക്ഷണത്തിന് ജനങ്ങൾ തമ്മിലടിക്കുന്നു. ഇന്ധനക്ഷാമവും അതിരൂക്ഷം. പമ്പുകളെല്ലാം അടയ്ക്കുന്നു. 12മണിക്കൂറിലേറെ പവർകട്ട്. വൈദ്യുത ഫാനുകളുടെ ഉത്പാദനം നിരോധിക്കുന്നു. ഇതാണ് ഇന്നത്തെ പാകിസ്ഥാൻ.
രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധിക്കാതെ ഇന്ത്യയെ തകർക്കാൻ മാത്രം തന്ത്രങ്ങൾ മെനഞ്ഞിരുന്ന അയൽരാജ്യം തകർന്നടിയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ പാകിസ്ഥാന് മരുന്നും ഭക്ഷണവും ഇന്ത്യ നൽകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പാകിസ്ഥാൻ കൂപ്പുകുത്തിയത്. ഭക്ഷ്യ വസ്തുക്കൾക്കായി തമ്മിലടിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ട്രക്കിൽ നിന്ന് താഴെ വീണ ഗോതമ്പ് ചാക്കുകൾ സ്വന്തമാക്കാൻ ആളുകൾ തമ്മിൽത്തല്ലുന്നതാണ് വീഡിയോയിലുള്ളത്.
വിളക്കുകൾ തെളിയാത്ത നഗരങ്ങൾ, അടച്ചുപൂട്ടിയ മാളുകൾ, അസ്ഥിരമായ സർക്കാർ, പെട്രോൾ പമ്പുകൾക്ക് മുന്നിലെ നീണ്ട ക്യൂ, മണിക്കൂറുകൾ നീണ്ട പവർ കട്ടുകൾ, തകർന്ന വിതരണ ശൃംഖല തുടങ്ങി പാകിസ്ഥാൻ പാപ്പരാകുന്ന തരത്തിലുള്ള റിപ്പോട്ടുകൾ പുറത്തുവരുന്നു.
ശ്രീലങ്ക നേരിട്ട സമാന അവസ്ഥയിലേക്ക് പാകിസ്ഥാനും പോകുന്നു എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 255 രൂപയായി പാക് കറൻസിയുടെ മൂല്യം ഇടിഞ്ഞു. അന്താരാഷ്ട്ര നാണയനിധിയിൽ (ഐ.എം.എഫ്) നിന്ന് ലഭിക്കാനുള്ള 6.5 ബില്യൺ ഡോളറിന്റെ സഹായത്തിനായി രാജ്യം ശ്രമിച്ചുവരികയാണ്.
ഡോളറിന്റെ ക്ഷാമം മൂലം 8,000ത്തിലധികം കണ്ടെയ്നർ ഭക്ഷ്യ വസ്തുക്കളും അസംസ്കൃത വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പണം നൽകാത്തതിനാൽ പ്രവർത്തനങ്ങൾ നിറുത്തുമെന്നാണ് ഷിപ്പിംഗ് കമ്പനികളുടെ ഭീഷണി.
ചിക്കൻ, മുട്ട, ധാന്യപ്പൊടി എന്നിവയുടെ വില കുതിക്കുന്നു. അവശ്യ വസ്തുവസ്തുക്കൾക്കായി പാകിസ്ഥാൻ പ്രധാനമായും ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. നേരത്തെ റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിൽ നിന്ന് 1.01 ബില്യൺ ഡോളറിന്റെ ഗോതമ്പ് പാകിസ്ഥാൻ ഇറക്കുമതി ചെയ്തിരുന്നു. യുക്രെയിനിലെ അധിനിവേശം തുടങ്ങിയതോടെ ഇത് മുടങ്ങി.
കിലോയ്ക്ക് 160 പാകിസ്ഥാനി രൂപ വരെയാണ് ഗോതമ്പ് മാവിന്റെ വില. 1947ലെ രൂപീകരണത്തിന് ശേഷം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തിയിരിക്കുന്നത്. പാക് സെൻട്രൽ ബാങ്കിന് 4.4 ബില്യൺ ഡോളർ കരുതൽ ശേഖരമാണുള്ളത്. ഇത് മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ തികയൂ.
അടുത്തിടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് 17 ശതമാനമായി ഉയർത്തി. 24 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതിനിടെ 25 ശതമാനം പണപ്പെരുപ്പ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
എണ്ണ വിപണന കമ്പനികൾ വിതരണം കുറച്ചു. ഇന്ധനക്ഷാമം. പെഷവാറിൽ പാകിസ്ഥാൻ സ്റ്റേറ്റ് ഓയിലിന്റേത് ഒഴികെ ഏറെക്കുറെ പമ്പുകൾ അടച്ചു. മരുന്നുകൾക്ക് ക്ഷാമം. അടിക്കടി പവർക്കട്ടുകൾ. കഴിഞ്ഞാഴ്ച രാജ്യത്തിന്റെ പലഭാഗത്തും 12 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഗ്രിഡ് തകരാറാണെന്നായിരുന്നു വിശദീകരണം.
ഊർജ മേഖലയിലെ അറ്റക്കുറ്റപ്പണികൾക്കായി ഇറക്കുമതി ചെയ്ത യന്ത്രങ്ങളും അനുബന്ധ വസ്തുക്കളും തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവ വിട്ടുകിട്ടാൻ പണമില്ല. മാളുകളും മാർക്കറ്റുകളും രാത്രി 8.30ന് അടയ്ക്കുന്നു. റെസ്റ്റോറന്റുകളും കല്യാണ ഹാളുകളും രാത്രി 10നകം പ്രവർത്തനരഹിതം.
സർക്കാർ ഓഫീസുകളിൽ ഊർജ ഉപയോഗം 30 ശതമാനം കുറയ്ക്കാൻ നിർദ്ദേശം. കാര്യക്ഷമമല്ലാത്ത വൈദ്യുത ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിരോധിക്കും. കഴിഞ്ഞ വർഷം ജൂണിനും ഓഗസ്റ്റിനുമിടെയിലുണ്ടായ പ്രളയം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. ഏകദേശം 1.1 കോടിയിലേറെ കന്നുകാലികളാണ് ചത്തത്. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലായി 94 ലക്ഷം ഏക്കർ കൃഷി ഭൂമി നശിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഫലമായി പാകിസ്ഥാനിലെ 60 ലക്ഷം ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നില കൂടുതൽ വഷളായെന്നുമാണ് ലോകബാങ്കിന്റെ റിപ്പോർട്ട്.