Middle East & Gulf

ദുബായ് എന്ന സ്വപ്ന നഗരിയില്‍ മലയാളി വിരുതന്മാരുടെ തട്ടിപ്പ് വീണ്ടും. പതിനാറായിരം പേരെ വഴിയാധാരമാക്കി പുതിയൊരു പ്രവാസി വ്യവസായിയും മുങ്ങിയെന്ന് സംശയം ? മലയാളിക്ക് നാണക്കേടുണ്ടാക്കുന്ന മലയാളികളുടെ എണ്ണം കൂടുമ്പോള്‍ മറ്റ് പ്രവാസികള്‍ക്കും ഗള്‍ഫ് ജീവിതം ബുദ്ധിമുട്ടാകും ?

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, October 12, 2021

ചെന്നൈ: സ്വപ്നനഗരിയിൽ ചില മലയാളികൾ ചെയ്‌തുകൂട്ടുന്ന അഭ്യാസങ്ങൾ ഒരു സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നതായി ആക്ഷേപം. മലയാളി അല്ലെങ്കിലും മലയാളിയായി അറിയപ്പെട്ടിരുന്ന ബിആർ ഷെട്ടിയാണ് അടുത്തിടെ അറബി രാജ്യത്ത് അവമതിപ്പുണ്ടാക്കി രാജ്യം വിട്ടത്.

അറബികളുടെ സോഷ്യൽ മീഡിയ ട്രോളുകളിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ സ്ഥാനം പിടിച്ചത് ഷെട്ടിയിലൂടെ ആയിരുന്നു. അത്രമാത്രം ട്രോളുകളാണ് അറബികളുടെ മൊബൈലിലൂടെ പ്രചരിച്ചത്.

കച്ചവടം ചെയ്യുമ്പോഴും, ജോലി ചെയ്യുമ്പോഴും അബദ്ധങ്ങൾ ആർക്കും സംഭവിക്കാം . കൈപ്പിഴകൾ ആർക്കും സംഭവിക്കാം. ചെയ്യാത്ത കുറ്റങ്ങൾക്ക് വരെ ശിക്ഷകൾ നേരിട്ടവരുണ്ട്.

പക്ഷെ നാടിന്റെ നന്മകൊണ്ട് മാത്രം എല്ലാറ്റിലും നിന്നും രക്ഷപ്പെട്ട അനേകായിരങ്ങൾ ജീവിച്ചുപോകുന്ന ദൈവത്തിന്റെ അനുഗ്രഹമുള്ള മണ്ണാണിതെന്ന് പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡ്രൈവ് ചെയ്യുമ്പോഴും പാർട്ടണർ ഷിപ്പിൽ കച്ചവടങ്ങൾ ചെയ്യുമ്പോഴും അറിഞ്ഞും അറിയാതെയും പലരും പെട്ടുപോകാറുണ്ട്. കൊലകയറിൽ നിന്നും വരെ രക്ഷപ്പെട്ട മലയാളികൾ അവിടെയുണ്ട്.

ഇന്നിപ്പോൾ നിരവധി ചെറുപ്പക്കാർ തങ്ങൾക്ക് താങ്ങാനാവുന്നതിൽ കൂടുതൽ ഭാരം തലയിൽ ഏറ്റിവെച്ചുകൊണ്ട് പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് ചാടുമ്പോൾ നഷ്ടപ്പെടുന്നത് കാലാകാലങ്ങളായി മലയാളി ഉണ്ടാക്കിയെടുത്ത സൽപ്പേരുകളാണ്.

മണിച്ചെയിൻറെയും ബിറ്റ് കോയിന്റെയും പേരിൽ പണം പിരിച്ചുകൊണ്ട് കുറെ ചെറുപ്പക്കാർ റോൾസ് റോയ്‌സ് കളികൾ കളിക്കുന്നത് കാണുമ്പോൾ സത്യത്തിൽ പേടിയാകുന്നു . അടുത്ത കുറെ പേരുടെ കരച്ചിലുകൾ കേൾക്കാറായി തുടങ്ങിയിരിക്കുന്നു.

കൂടാതെ പതിനാറായിരം പേരെ വഴിയാധാരമാക്കിക്കൊണ്ട് മറ്റൊരു ചെറുപ്പക്കാരൻ ദുബായിൽ നിന്നും മാൾട്ടയിലേക്ക് ഓടിയൊളിച്ചിരിക്കുന്നു. മാൾട്ടയാകുമ്പോൾ ഏതൊരു കള്ളനും സുഖമായി ജീവിക്കുവാനാകും എന്ന വിശ്വാസത്തിലാണ് ഈ ഭയങ്കരൻ നാട് വിട്ടിരിക്കുന്നത്.

നാട് വിട്ടിട്ടില്ല എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും നാട് വിട്ടു എന്നാണ് അറിയുന്നത്. നാട് വിട്ടാലും നാട് വിട്ടില്ലെങ്കിലും പാവങ്ങളായ പതിനാറായിരം പേരാണ് വിശപ്പുമായി ജീവിക്കുന്നത്.

മറ്റു കമ്പനികളും കുറെ നല്ലവരായ ആളുകളും ഉദ്യോഗസ്ഥരും ചേർന്നുകൊണ്ട് കുറെ ജോലിക്കാരെ ഏറ്റെടുത്തു എങ്കിലും ഇപ്പോഴും ആയിരക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമായിരിക്കുന്നത്.

കമ്പനി മുതലാളി തമിഴ്‌നാട് സ്വദേശി ആണെങ്കിലും മലയാളിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് ബിസിനസ് പാർട്ട്ണറുടെ വ്യാജ ഒപ്പിട്ടുകൊണ്ടായിരുന്നു കച്ചവടം ആരംഭിച്ചത്, പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.


കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ എട്ടോളം കമ്പനികളെയായിരുന്നു ഈ വിരുതൻ ഏറ്റെടുത്തത് . ആദ്യ റിസഷനിൽ പൂട്ടിപ്പോയ കമ്പനികളെ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം എങ്കിലും ആളൊരു ഷോ മാൻ ആയിരുന്നു .


കമ്പനി ഒന്നടങ്കം അലങ്കരിച്ചുകൊണ്ട് ബാങ്കുകാരെ പ്രീതിപ്പെടുത്തി ധാരാളം ലോണുകൾ സംഘടിപ്പിക്കുന്നതിൽ മിടു മിടുക്കൻ ആയിരുന്നു. അതുപോലെ മാർക്കറ്റ് നിരക്കിനേക്കാൾ വളരെ താഴ്ന്ന നിരക്കിൽ പ്രോജക്റ്റുകൾ നേടിയെടുക്കുന്നതിലും അഗ്രഗണ്യൻ ആയിരുന്നു.

പ്രോജക്ടുകൾക്ക് കിട്ടുന്ന പണം പ്രോജക്ടിന് വേണ്ടി ചിലവഴിക്കാതെ നേരെ മാൾട്ടയിലേക്ക് ചവിട്ടും. സബ്കോൺട്രാക്ടർമാർക്ക് പണം കൊടുക്കാതെ പകുതി പണിയെടുപ്പിക്കും. അപ്പോഴേക്കും അടുത്ത പ്രോജക്റ്റ് കാണിച്ചുകൊണ്ട് സബ് കോൺട്രാക്റ്റർമാരുടെ വായടപ്പിക്കും.

ദുബായിൽ സ്റ്റുഡിയോ സിറ്റിക്ക് സമീപം നൂറോളം കോടി ചിലവിട്ടാണ് ആഡംബര സൗധം പണി കഴിപ്പിച്ചിരിക്കുന്നത്. മാൾട്ടയിലും ഒരു വലിയ ബംഗ്ലാവ് നല്ല വിലക്ക് വാങ്ങിയിട്ടുണ്ട്.

നല്ല നല്ല പ്രോജക്റ്റുകൾ അതിന്റെ മാനേജർമാരെ സ്വാധീനിച്ചുകൊണ്ടാണ് തരപ്പെടുത്തിയിരുന്നത്. ആദ്യ ഗഡുവായി ലേശം കമ്മീഷൻ കൊടുക്കുമെങ്കിലും പിന്നീടുള്ള പണം അവർക്കും കൊടുത്തിരുന്നില്ല .

നിയമത്തിന്റെ പേടിയാൽ പലരും പണം ചോദിച്ചിരുന്നുമില്ല. സബ് കോൺട്രാക്റ്റർമാർക്കും ജോലിക്കാർക്കും ചേർന്ന് ആയിരത്തോളം കോടിയാണ് കൊടുത്തു തീർക്കുവാനുള്ളത്. അവരെല്ലാം നിയമത്തിന്റെ വഴിയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.

കമ്പനിയുടെ ആസ്തികൾ വിറ്റുകൊണ്ട് പണം സംഘടിപ്പിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കുവാൻ ശ്രമം നടക്കുന്നു എങ്കിലും പല കമ്പനികളും അഞ്ചോ ആറോ ഇരട്ടി വിലയാണ് അക്കൗണ്ടിൽ കാണിച്ചിരിക്കുന്നത്.

ആയതിനാൽ ആ ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കമ്പനിയുടെ ട്രക്കുകളും ബസുകളും ബാങ്കുകാർ ജപ്‌തി ചെയ്തു തുടങ്ങി. ഇതൊന്നും കൂസാതെ ഈ വിരുതൻ മാൾട്ടയിൽ അര്‍മാദിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

എന്തായാലും മലയാളിക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരക്കാരുടെ കളികൾ ഇനി അവസാനിച്ചില്ലെങ്കിൽ അത് മറ്റുള്ളവരിലും മൂക്ക് കയറു ഇടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ സംജാതമായേക്കാം.

×