ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ ഷൈന്‍ എഴുന്നേറ്റു; പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് തുറക്കാന്‍ ശ്രമിച്ചത് കോക്ക്പിറ്റിന്റെ വാതില്‍! ഷൈന്‍ ടോം ചാക്കോ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി സോഹന്‍ സീനുലാല്‍

New Update

publive-image

ദുബായ്: നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി സംവിധായകന്‍ സോഹന്‍ സീനുലാല്‍. ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായാണ് ഷൈന്‍ ദുബായിലെത്തിയത്.

Advertisment

പ്രചരണത്തിന്റെ ഭാഗമായുള്ള ടൈറ്റ് ഷെഡ്യൂള്‍ മൂലം ഷൈന്‍ ക്ഷീണിതനായിരുന്നുവെന്ന് സോഹന്‍ പറയുന്നു. വിമാനത്തില്‍ കയറിയപ്പോള്‍ ഷൈന്‍ മയങ്ങി. എന്നാല്‍, ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു.

ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങിയെന്നും സോഹന്‍ പറഞ്ഞു. വിസിറ്റ് വിസ ആയതിനാല്‍ അതില്‍ എക്സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് തെറ്റായ വാര്‍ത്തകള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഷൈനിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ശക്തമാണ്. കയറിയ ഉടനെ പുറത്തേക്ക് പോകാന്‍ ഇത് ബസ് ആണോയെന്നാണ് ഒരു ചോദ്യം. ഫ്‌ളൈറ്റില്‍ നമ്മള്‍ തന്നെ വാതില്‍ തുറന്ന് ഇറങ്ങുന്നതാണോ ഇപ്പോഴത്തെ പരിഷ്‌കാരങ്ങളെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ആദ്യമായിട്ടല്ലല്ലോ ഷൈന്‍ വിമാനത്തില്‍ കയറുന്നതെന്നും, വിമാനത്തില്‍ ഇതുവരെ കയറാത്തവര്‍ പോലും ഈ ന്യായീകരണം വിശ്വസിക്കുന്നില്ലെന്നും തരത്തില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

Advertisment