Advertisment

നിയമങ്ങളും ചട്ടങ്ങളും മാറേണ്ടതുതന്നെ, പക്ഷെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യം മാറേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം വളരെ മുമ്പിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണ്. ഡല്‍ഹിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവും പോലെ കേരളത്തില്‍ നമുക്കെന്തുണ്ട് ? ഇതിനേക്കാള്‍ വളരെയധികം മികച്ച കോഴ്സുകളും നല്ല കോളജുകളിലും പഠിക്കാന്‍ അര്‍ഹതയുള്ളവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. യെസ് ടീച്ചര്‍... ടീച്ചറെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജിന്‍റെ തുറന്നെഴുത്ത്

New Update

publive-image

Advertisment

സര്‍വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റം വരുത്താന്‍ നിയമ പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞിരിക്കുന്നു . പരീക്ഷാ നടത്തിപ്പിന്‍റെ രീതികള്‍ മാറ്റാന്‍ പരീക്ഷാ പരിഷ്കരണ കമ്മിഷനും രൂപീകരിക്കും.

യെസ് ടിച്ചര്‍. നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി മാറ്റേണ്ടതുതന്നെയാണ്. പക്ഷെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറേണ്ടത് വിദ്യാഭ്യാസം തന്നെയാണെന്നോര്‍ക്കണം. നല്ല വിദ്യാഭ്യാസ പദ്ധതി വേണം. അതു വിദഗ്ദ്ധമായി പഠിപ്പിക്കാനുള്ള പദ്ധതിയും വേണം.

സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുമ്പിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണെന്ന കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഓര്‍മിപ്പിക്കുന്നു.

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം 1957 ല്‍ത്തന്നെ ശ്രദ്ധയൂന്നി തുടങ്ങിയതാണ്. അന്ന് പ്രൊഫസര്‍ ജോസഫ് മുണ്ടശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തിന്‍റെ മനസു നിറയെ വിദ്യാഭ്യാസ പരിഷ്കരണമായിരുന്നു. അന്നത്തെ പ്രധാന വെല്ലുവിളി വിദ്യാഭ്യാസത്തെ സ്വകാര്യ മേഖലയില്‍ നിന്നു മോചിപ്പിച്ച് സ്വതന്ത്രമാക്കുകയെന്നതായിരുന്നു.

ഐക്യ കേരളം രൂപപ്പെട്ടയുടനേ നടന്ന തെരഞ്ഞെടുപ്പാണ്. അന്ന് നാട്ടില്‍ അധികവും സ്വകാര്യ സ്കൂളുകളാണുണ്ടായിരുന്നത്. അതിലേറെയും കത്തോലിക്കാ മാനേജ്മെന്‍റുടമസ്ഥതയിലും. ജോസഫ് മുണ്ടശേരിയാകട്ടെ, തൃശൂരില്‍ കത്തോലിക്കാ മാനേജ്മെന്‍റ് ഉടമസ്ഥതയിലുണ്ടായിരുന്ന സെന്‍റ് തോമസ് കോളജില്‍ നിന്നു പുറത്താക്കപ്പെട്ട അധ്യാപകനും.

ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ രംഗത്തെ വന്‍ പരിഷ്കരണത്തിനിറങ്ങിത്തിരിച്ചു. സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭയും സമരത്തിനിറങ്ങി. പിന്നെ വിമോചന സമരം. ഇഎംഎസ് സര്‍ക്കാരിന്‍റെ തകര്‍ച്ച. 1972 -ല്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും കൂടിയാണ് കത്തോലിക്കാ സഭയ്ക്കെതിരെ തിരിഞ്ഞത്.

ഇത്തവണ വിഷയം ഉന്നത വിദ്യാഭ്യാസം. കോളേജധ്യാപകര്‍ക്കു നേരിട്ടു ശമ്പളം നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സമരത്തെ മഴുത്തായകൊണ്ടു നേരിടുമെന്നാണ് തൃശൂര്‍ ബിഷപ്പ് കുണ്ടുകുളം ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം അവിടെനിന്ന് ഏറെ വളര്‍ന്നു.

കഴിഞ്ഞ സര്‍ക്കാരിന്‍റെ ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥും കോളേജധ്യാപകനായിരുന്നു. അതും തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ത്തന്നെ. വിഷയം കെമിസ്ട്രി. പക്ഷെ അദ്ദേഹത്തിന്‍റെ അധികം ശ്രദ്ധയും സ്കൂള്‍ വിദ്യാഭ്യാസത്തിലായിരുന്നു. ആ സമയത്തു തന്നെ നിസാന്‍ പോലെയുള്ള വലിയ ആഗോള സ്ഥാപനങ്ങള്‍ കേരളത്തിലെത്തി.

ഡ്രൈവറില്ലാ കാറിന്‍റെയും ബാറ്ററിയില്‍ ഓടുന്ന കാറിന്‍റെയും വിവിധ ഗവേഷണ ധാരകള്‍ സമ്മേളിക്കുന്ന ആഗോള ഹബ്ബായിട്ടാണ് നിസാന്‍ മോട്ടോഴ്സ് കേരളത്തിലെത്തിയത്. അവര്‍ക്കു വേണ്ടിയിരുന്നത് ഏറ്റവും മികവുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളെയായിരുന്നു.

നേരത്തേതന്നെ തിരുവനന്തപുരത്തെത്തിയിരുന്ന ടോറസ് വലിയ കെട്ടിട സമുച്ചയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ഘട്ടവുമായിരുന്നു അത്. അവര്‍ക്കും വേണ്ടിയിരുന്നത് മിടുക്കരായ കുട്ടികളെ. കാര്യമറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ നടപടിയെടുത്തു.

ഒരു വെള്ളിയാഴ്ച ദിവസത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗം അപ്രതീക്ഷിതമായ ഒരു തീരുമാനം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പു രണ്ടാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൊഫ. സി. രവിന്ദ്രനാഥിന്. ഉന്നത വിദ്യാഭ്യാസം ഡോ. കെ.ടി ജലീലിനും. പ്രൊഫ. രവീന്ദ്രനാഥ് നാട്ടിലൊക്കെയും ഹൈടെക് ക്ലാസ് മുറികളൊരുക്കി സ്കൂളുകളുടെ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്തി. ആ നേട്ടം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായില്ല.

യെസ് ടീച്ചര്‍. ഇതാണ് ബിന്ദു ടീച്ചര്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മിടുക്കരാണ്. എന്തും പഠിക്കാന്‍ അവര്‍ക്കു ശേഷിയുണ്ട്. പക്ഷെ അവരുടെ യോഗ്യതയ്ക്കും കഴിവിനും മികവിനുമനുസരിച്ചുയരാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്കോ കോളജുകള്‍ക്കോ എഞ്ചിനീയറിങ്ങ് കോളജുകള്‍ക്കോ കഴിയുന്നില്ല.

എഞ്ചിനീയറിങ്ങ് കോളജുകളുടെ കാര്യമാണ് ഏറെ കഷ്ടം. അധ്യാപകര്‍ ക്ലാസില്‍ പഠിപ്പിക്കുന്നത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അവരുടെ അധ്യാപകരില്‍ നിന്ന് അവര്‍ പഠിച്ച പാഠങ്ങളാണ്. ലബോറട്ടറികളും പതിറ്റാണ്ടുകള്‍ പഴക്കമുള്ളത്.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഫ്ലൈടെക്സ്റ്റ് എന്നൊരു സ്ഥാപനമുണ്ട്. അവര്‍ക്കും വേണ്ടത് ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ. തുടക്ക ശമ്പളം തന്നെ ഒരു ലക്ഷത്തോളം രൂപ. കേരളത്തിലെ മുഴുവന്‍ എഞ്ചിനീയറിങ്ങ് കോളജുകളും അരിച്ചു പെറുക്കിയാലും കിട്ടുന്നത് 20 - 25 കുട്ടികളെ മാത്രമാണെന്ന് സ്ഥാപനത്തിന്‍റെ സിഇഒ ഡോ. വിനോദ് വാസുദേവന്‍ ഈയിടെ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ നേര്‍ചിത്രമാണിത്. കോളജുകളുടെ കാര്യവും ഇതുതന്നെ. ഡല്‍ഹിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി, ജെ.എന്‍.യു എന്നിങ്ങനെ ഏറ്റവും മികവുള്ള സര്‍വകലാശാലകളെവിടെ, കേരളത്തിലെ സര്‍വകലാശാലകളെവിടെ ?

അവിടെ ഇക്കണോമിക്സ്, ഹിസ്റ്ററി, കൊമേഴ്സ് തുടങ്ങിയ വിഷയങ്ങള്‍ വളരെ പ്രസിദ്ധമാണ്. കേരളത്തിലെ ഏതെങ്കിലുമൊരു കോളജില്‍ ഇതുപോലെ ഏതെങ്കിലും വിഷയം പേരു കേട്ടതായിട്ടുണ്ടോ ?

നാം വളരെ പിന്നിലാണു ബിന്ദു ടിച്ചര്‍. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇതിനേക്കാള്‍ വളരെയധികം മികച്ച കോഴ്സുകള്‍ പഠിക്കാന്‍ അര്‍ഹതപ്പെട്ടവരാണ്. നല്ല കോളജുകളില്‍ പഠിക്കാനും അര്‍ഹതയുണ്ടവര്‍ക്ക്.

കേരളത്തില്‍ വീണ്ടും പ്രഗത്ഭയായ ഒരു കോളജധ്യാപിക ഉന്നത വിദ്യാഭ്യാസ മന്ത്രിയായി വന്നിരിക്കുകയാണ്. ബിന്ദു ടീച്ചര്‍, ടീച്ചര്‍ വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു. രക്ഷിതാക്കളും.

-ചീഫ് എഡിറ്റര്‍

editorial
Advertisment