Advertisment

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനവും തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? മാണി കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നോടിച്ചുവിട്ടതു മുതലുള്ള സംഭവങ്ങള്‍ ഓരോന്നോരോന്നായി വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തണം. സി.പി ജോണ്‍ ഇപ്പോഴും യുഡിഎഫിലുണ്ടോ എന്നു അന്വേഷിക്കണം. ഇന്നിപ്പോള്‍ യുഡിഎഫിന്‍റെ തലപ്പത്ത് ആരൊക്കെയുണ്ട് ? ഓരോ തവണ പ്രതിപക്ഷത്താകുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തവണ ഭരണത്തില്‍ വരാന്‍ കഴിഞ്ഞതെങ്ങനെ ? ഇക്കാര്യങ്ങൾ വി ഡി സതീശൻ അറിയണം; അന്വേഷിക്കണം ! പ്രതിപക്ഷത്തിന്‍റെ നൂറൂ നാളുകൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

പ്രതിപക്ഷത്തിന്‍റെ പക്ഷമേത് ? പ്രതിപക്ഷത്തിന്‍റെ പക്ഷം ജനപക്ഷം തന്നെയാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പക്ഷം. സര്‍ക്കാരിന്‍റെ നൂറു ദിവസത്തിനിടയില്‍ പ്രതിപക്ഷം ജനപക്ഷമാണെന്നു തെളിയിക്കാന്‍ സാധിച്ചുവെന്നാണ് വി.ഡി സതീശന്‍ പറയുന്നത്. ഭരണ പക്ഷം ഭരണത്തിന്‍റെ ആദ്യ നൂറു ദിവസം ആഘോഷിക്കുമ്പോള്‍ പ്രതിപക്ഷത്തിനും അതാഘോഷിക്കാന്‍ അവകാശമുണ്ട്. പ്രതിപക്ഷത്തിനുമുണ്ട് ആദ്യത്തെ നൂറു ദിവസം. അതിന്‍റെ ആഘോഷവും.

ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിനു വലിയ സ്ഥാനമുണ്ട്. ബ്രിട്ടീഷ് ജനാധിപത്യത്തില്‍ പ്രതിപക്ഷ മന്ത്രിസഭ തന്നെയുണ്ട്. ഷാഡോ കാബിനറ്റ് എന്നു പേര്. ഭരണപക്ഷത്ത് മന്ത്രിസഭയും ഭരണത്തിനു വേണ്ടി ഒരുക്കിയ വിവിധ വകുപ്പുകളും വകുപ്പുകള്‍ക്കു മന്ത്രിമാരും ഉള്ളതുപോലെ ഓരോ മന്ത്രിയുടെയും നയപരിപാടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പ്രതിപക്ഷത്തിനുമുണ്ടാകും ബദല്‍ മന്ത്രിമാര്‍. പേര് ഷാഡോ മിനിസ്റ്റര്‍. അമേരിക്കയിലും ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും പക്വതയാര്‍ന്ന ജനാധിപത്യ സംവിധാനങ്ങളും ജനാധിപത്യ രീതികളുമാണുള്ളത്.

കേരളത്തിലും ജനാധിപത്യ സബ്രദായങ്ങള്‍ക്കു കുറവൊന്നുമില്ല തന്നെ. 1957 മുതല്‍ നിലനില്‍ക്കുന്ന ജനാധിപത്യ ഭരണം. ഇന്ത്യയ്ക്കുതന്നെ മാതൃകയായി വന്ന ഐക്യമുന്നണി മാതൃക. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചു. എതിര്‍ പാളയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും.

മലബാര്‍ പ്രദേശത്ത് ശക്തമായിക്കഴിഞ്ഞിരുന്ന മുസ്ലിംലീഗും തിരുവിതാംകൂറില്‍ ഏറെ പ്രചാരം നേടിയിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും (പി.എസ്.പി) ഒറ്റയ്ക്കു തന്നെ മത്സരിച്ചു. അന്നേ കടുത്തൊരു കമ്യൂണിസ്റ്റ് വിരുദ്ധനായി സ്വയം പ്രഖ്യാപിച്ചു പ്രചരണത്തിനിറങ്ങിയ ഫാദര്‍ വടക്കന്‍ ' കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി' എന്നൊരു സംഘടന രൂപീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചരണത്തിനിറങ്ങി.

ഫാദര്‍ വടക്കന്‍റെ പ്രസ്ഥാനം വളരെയധികം പേരേ ആകര്‍ഷിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന സ്വാധീനം ഫാദര്‍ വടക്കന്‍ നേരത്തേ തന്നെ ഗ്രഹിച്ചു. കമ്യൂണിസ്റ്റ്കാരെ തോല്‍പ്പിക്കണമെങ്കില്‍ മുസ്ലിംലീഗ്, പി.എസ്.പി എന്നീ കക്ഷികളെയും കൂടെ കൂട്ടി മുന്നണിയുണ്ടാക്കണമെന്ന് ഫാദര്‍ വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഉപദേശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കണ്ടിട്ടാണ് ആ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ഇങ്ങനെയൊരു ഉപദേശം കോണ്‍ഗ്രസിനു നല്‍കിയത്.

പക്ഷെ കോണ്‍ഗ്രസ് അതനുസരിച്ചില്ല. പരാജയം തന്നെയായിരുന്നു ഫലം. ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചരിത്ര വിജയം. ഇ.എം.എസ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് പ്രതിപക്ഷത്ത്. പി.ടി ചാക്കോ പ്രതിപക്ഷ നേതാവ്. കത്തോലിക്കാ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷംകൂടി അണിനിരന്നതോടെ വിമോചന സമരം കനക്കുകയും ഇ.എം.എസ് സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു.

1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജാഗ്രത കാട്ടി. മുസ്ലിം ലീഗിനെയും പി.എസ്.പിയെയും കൂട്ടി മുന്നണിയുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതിനെ മുക്കൂട്ടുമുന്നണിയെന്നു വിളിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആക്ഷേപിച്ചു.

പക്ഷെ 60 -ല്‍ മുന്നണി ജയിച്ചു. അതിലുണ്ടായിരുന്നത് മൂന്നു കക്ഷികള്‍ മാത്രം - കോണ്‍ഗ്രസും പി.എസ്.പിയും ലീഗും. കോണ്‍ഗ്രസ് ആയിരുന്നു നേതൃ പാര്‍ട്ടിയെങ്കിലും പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

മുസ്ലിം ലീഗുമായി അകല്‍ച്ചയില്‍ തുടരാനാഗ്രഹിച്ച കോണ്‍ഗ്രസ് നേതൃത്വം തര്‍ക്കങ്ങള്‍ക്കൊടുവില്‍ സീതിസാഹിബിനെ സ്പീക്കര്‍ സ്ഥാനത്തൊതുക്കി. അങ്ങനെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പട്ടം മുഖ്യമന്ത്രിയായി ഒരു ഭരണം. "ഞങ്ങള്‍ 1957 ല്‍ പറഞ്ഞത് 60 ല്‍ കോണ്‍ഗ്രസ് നടപ്പാക്കി", ഫാദര്‍ വടക്കന്‍ പറഞ്ഞു.

ഓരോ തവണ പ്രതിപക്ഷത്താകുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തവണ ഭരണത്തില്‍ വരാന്‍ കഴിഞ്ഞു. അതിന് അതതു പ്രതിപക്ഷ നേതാക്കള്‍ പെടാപ്പാടുപെട്ടു. പ്രത്യേക തന്ത്രങ്ങള്‍ മെനഞ്ഞു. സംഘടന ശക്തമാക്കി. പ്രവര്‍ത്തകര്‍ ഉഷാറായി രംഗത്തിറങ്ങി. മുമ്പില്ലായിരുന്ന ഐക്യം തിരികെ കൊണ്ടുവന്നു. മുന്നണി ബന്ധം ശക്തമാക്കി. മുന്നണി നേതൃത്വം യഥാര്‍ത്ഥ ഐക്യമുന്നണി നേതൃത്വമായി പ്രവര്‍ത്തിച്ചു. യുഡിഎഫിന് എക്കാലത്തും കരുത്തുള്ള ഒരു നേതൃത്വമുണ്ടായിരുന്നു. പക്ഷെ ഇത്തവണ കോണ്‍ഗ്രസിനു കിട്ടിയത് ചരിത്ര പരാജയം.

ഇക്കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനവും തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ എങ്ങനെയായിരുന്നുവെന്ന് വി.ഡി സതീശന്‍ ശരിക്കു പഠിക്കണം. മാണി കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നോടിച്ചു വിട്ടതു മുതലുള്ള സംഭവങ്ങള്‍ ഓരോന്നോരോന്നായി വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തണം.

പ്രധാന ഘടകകക്ഷിയായ ആര്‍.എസ്.പി ഇന്നെവിടെ നില്‍ക്കുന്നുവെന്നു പരിശോധിക്കണം. സി.പി ജോണ്‍ ഇപ്പോഴും യുഡിഎഫിലുണ്ടോ എന്നു അന്വേഷിക്കണം. ജോണിനെ എപ്പോള്‍ വേണമെങ്കിലും ഫോണില്‍ കിട്ടും. യുഡിഎഫിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായ സി.പി ജോണിന് മത്സരിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ പോലും വയ്യാത്ത തരത്തില്‍ നേതൃത്വം ശിഥിലമായതെങ്ങനെയെന്ന് നോക്കണം.

1995 വരെ കെ. കരുണാകരന്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരായിരുന്നു യുഡിഎഫ് നേതൃത്വത്തിലെ നെടുന്തൂണുകള്‍. പിന്നെ കരുണാകരന്‍റെ സ്ഥാനം ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയും വരെ ആ മൂവര്‍ സംഘത്തിന്‍റെ കൈയിലൊതുങ്ങി മുന്നണി നേതൃത്വം. അതില്‍ പിന്നെ എന്നു പറ്റെയെന്നും പ്രതിപക്ഷ നേതാവു വി.ഡി സതീശന്‍ പഠിക്കണം.

ഇന്നിപ്പോള്‍ യുഡിഎഫിന്‍റെ തലപ്പത്ത് ആരൊക്കെയുണ്ടെന്നും നോക്കണം. നയ പരിപാടികള്‍ നിശ്ചയിക്കാനും തന്ത്രങ്ങള്‍ മെനയാനും യുഡിഎഫില്‍ ഐക്യം ഊട്ടിയുറപ്പിക്കാനും ഘടകകക്ഷികള്‍ക്ക് ഊര്‍ജം പകരാനും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു പഠിക്കുന്നതും നന്നായിരിക്കും.

പ്രായത്തെ അവഗണിച്ച് ദുര്‍ഘടമായ മതികെട്ടാന്‍ മല കയറിയും രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചും കേസുകളില്‍ കുരുക്കിയും പാര്‍ട്ടിക്കുള്ളിലും രാഷ്ട്രീയം കളിച്ചും സ്വന്തമായി ഒരു പ്രതിഛായ വളര്‍ത്തിയ വി.എസ് നല്ലൊരു പ്രതിപക്ഷ നേതാവാകാനാഗ്രഹിക്കുന്നവര്‍ വായിച്ചു പഠിക്കേണ്ട പാഠപുസ്തകമാണ് പ്രിയപ്പെട്ട സതീശന്‍.

പ്രതിപക്ഷത്തിന്‍റെ നൂറാം ദിവസത്തിന് അഭിനന്ദനങ്ങള്‍. സതീശന്‍ കാര്യങ്ങള്‍ പഠിക്കുന്ന നേതാവായതുകൊണ്ടാണ് ഇത്രയും കുറിച്ചത്.

-ചിഫ് എഡിറ്റര്‍

editorial
Advertisment