Advertisment

പാര്‍ട്ടിയായാലും അണികളായാലും നേതൃത്വത്തോടൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അധികാരമുള്ളിടത്തേ അണികള്‍ നില്‍ക്കൂ. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍. എങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒരു നേതൃത്വത്തിനും അങ്ങിനെയങ്ങ് എഴുതിത്തള്ളാനാകില്ലെന്നതാണു വസ്തുത. ഈ തിരിച്ചറിവുതന്നെയാണ് കോണ്‍ഗ്രസില്‍ പെട്ടെന്നുണ്ടായ വെടിനിര്‍ത്തലിനു കാരണം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കീഴടങ്ങിയോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

നേതൃത്വം കൈയില്‍ കിട്ടിയതിന്‍റെ ബലത്തില്‍ പാര്‍ട്ടിയിലെ എതിരാളികളെ ചവുട്ടി വീഴ്ത്താമെന്നു കണക്കുകൂട്ടിയ കോണ്‍ഗ്രസിന്‍റെ പുതിയ നേതൃത്വം നിലപാടു മാറ്റിയിരിക്കുന്നു. പ്രതിപക്ഷ നേതാവു വി.ഡി സതീശന്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയെയും പിന്നെ ആലപ്പുഴയിലെത്തി രമേശ് ചെന്നിത്തലയെയും കണ്ടു സംസാരിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ്, ആര്‍.എസ്.പി എന്നിങ്ങനെ ഘടകകക്ഷികളുമായും സംസാരം തുടങ്ങിയിട്ടുണ്ട്. എല്ലാം പരിഹരിച്ചുവെന്ന് സുധാകരന്‍റെ പ്രസ്താവനയും.

ഹൈക്കമാന്‍റിന്‍റെ സമ്മര്‍ദമോ, ഘടകകക്ഷികളുടെ സമ്മര്‍ദമോ എന്തായാലും പുതിയ കോണ്‍ഗ്രസ് നേതൃത്വം വെടി നിര്‍ത്താന്‍ തീരുമാനിച്ചുവെന്നത് നല്ല ലക്ഷണം തന്നെ. നേരത്തേപ്പോലെ ആക്രോശങ്ങളില്ല, മുനവച്ച വര്‍ത്തമാനങ്ങളില്ല. കണ്ണൂരിലെ സൈബര്‍ പോരാളികളുടെ ഒളിഞ്ഞും തെളി‍ഞ്ഞുമുള്ള പരാക്രമങ്ങളില്ല.

പാര്‍ട്ടിയുടെ ജില്ലാ നേതൃത്വങ്ങളില്‍ നിന്നും താഴത്തെ അണികളില്‍ നിന്നുമൊക്കെ കിട്ടിയ സൂചനകളും നേതൃത്വത്തെ ആക്രമണത്തിന്‍റെ പാതയില്‍ നിന്നു മാറാന്‍ പ്രേരിപ്പിച്ചിരിക്കാം.

ആദ്യ ഘട്ടത്തില്‍ ആക്രമിച്ചു മുന്നേറുകയെന്ന തന്ത്രം തന്നെയാണ് സുധാകരനും സതീശനും സ്വീകരിച്ചത്. കൂട്ടിന് എഐസിസി ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചേര്‍ന്നു. തിരുവനന്തപുരത്ത് പി.എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത് വേണുഗോപാലിനെതിരെ പരാമര്‍ശമുണ്ടായതു കൊണ്ടാണെന്ന സംസാരവും പരന്നു.

പ്രശാന്തിനു തിരുവനന്തപുരത്ത് സിപിഎം ഓഫീസായ എകെജി സെന്‍ററില്‍ സ്വീകരണവും നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പിന്നെയും അസ്വാസ്ഥ്യമുണ്ടാക്കി. കോണ്‍ഗ്രസിലെ അനൈക്യവും തമ്മില്‍ തല്ലും സൂഷ്മമായി നിരീക്ഷിക്കുകയായിരുന്ന സിപിഎം വേണ്ടിവന്നാല്‍ ഇതുപോലെയൊക്കെ ഇടപെടാന്‍ മടിക്കുകയില്ലെന്ന സൂചനയായിരുന്നു അത്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി അനില്‍ കുമാറിനെയും ശിവദാസന്‍ നായരെയും ഉടനടി പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍റ് ചെയ്ത നടപടി നേതൃത്വം അച്ചടക്കം പാലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന പ്രതീതി ഉളവാക്കിയെങ്കിലും അത് സംഘര്‍ഷം കുറയ്ക്കാന്‍ അധികം സഹായിച്ചില്ലെന്നതാണു വസ്തുത.

പാര്‍ട്ടിയായാലും അണികളായാലും നേതൃത്വത്തോടൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അധികാരമുള്ളിടത്തേ അണികള്‍ നില്‍ക്കൂ. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍. എങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒരു നേതൃത്വത്തിനും അങ്ങിനെയങ്ങ് എഴുതിത്തള്ളാനാകില്ലെന്നതാണു വസ്തുത.

ഉമ്മന്‍ ചാണ്ടിയെ അവഗണിക്കാനും ഒറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും പുതിയ നേതൃത്വം നടത്തിയ നീക്കങ്ങളാണ് അവര്‍ക്കു വിനയായത്. സിദ്ദിഖിനെപ്പോലെ അധികാര സ്ഥാനങ്ങള്‍ കിട്ടിയപ്പോള്‍ ഇനി ഉമ്മന്‍ ചാണ്ടിയെ നമ്പിയില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതുന്ന നേതാക്കളുണ്ടായേക്കാം. പക്ഷെ അണികള്‍ അങ്ങനെയല്ല. പൊതു സമൂഹവും അങ്ങനെയല്ല.

വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടി കേരള സമൂഹത്തിന്‍റെ ഭാഗമാണ്. സ്ഥാനമുള്ളപ്പോഴും ഒരു സ്ഥാനവും കൈയിലില്ലാത്തപ്പോഴും ഉമ്മന്‍ ചാണ്ടി ജനങ്ങളോടൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് ഉമ്മന്‍ ചാണ്ടി. ഒരു ഹൈക്കമാന്‍റിന്‍റെയും ശുപാര്‍ശയിലോ നോമിനേഷനിലൂടെയോ നേതാവായ ആളല്ല അദ്ദേഹം. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഈ ജനപിന്തുണയാണ് ഉമ്മന്‍ ചാണ്ടിയെ ഉമ്മന്‍ ചാണ്ടിയാക്കുന്നത്.

ഇക്കാര്യം അവസാനം പുതിയ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ഹൈക്കമാന്‍റിനും സോണിയാ ഗാന്ധിക്കും ഇക്കാര്യം നേരത്തേയറിയാം. ഈ തിരിച്ചറിവുതന്നെയാണ് കോണ്‍ഗ്രസില്‍ പെട്ടെന്നുണ്ടായ വെടിനിര്‍ത്തലിനു കാരണം.

ഒരു കാര്യം മറക്കണ്ട, പാര്‍ട്ടിയായാലും ഗവണ്‍മെന്‍റായാലും സമാധാനമുണ്ടാകേണ്ടത് നേതൃത്വത്തിന്‍റെ ആവശ്യമാണ്. നാട്ടില്‍ സമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. പാര്‍ട്ടിയിലും അപ്രകാരം തന്നെ.

-ചീഫ് എഡിറ്റര്‍

editorial
Advertisment