Advertisment

കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച ജലീല്‍ സിപിഎമ്മില്‍ ചുവടുറപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നെ മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്‍ ജലീലിനെ നേതൃനിരയില്‍ എണ്ണപ്പെട്ട ഒരാളായി ഉയര്‍ത്തി ! ഇപ്പോഴിതാ ഒരൊറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത് കേരളത്തിലെ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയെ ക്ഷണിക്കുന്ന രീതിയിലുള്ള ജലീലിന്‍റെ നീക്കം ! ജലീലിന്‍റെ ആക്രമണത്തില്‍ ചുരുണ്ടുപോയ കുഞ്ഞാലിക്കുട്ടിക്ക് പുതുജീവന്‍ കിട്ടിയിരിക്കുന്നു, മുസ്ലിം ലീഗിനും. കെ ടി ജലീലിനെ പിണറായി കൈവിടുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പി.കെ കുഞ്ഞലിക്കുട്ടിയുടെ പേരില്‍ മുസ്ലിം ലീഗ് രാഷ്ട്രീയം കലുഷിതമായിക്കൊണ്ടിരുന്നപ്പോഴാണ് 2006 -ല്‍ മുസ്ലീം യൂത്ത് ലീഗ് നേതാവായിരുന്ന കെ.ടി ജലീലിനെ സിപിഎം സ്വാഗതം ചെയ്തത്. മുസ്ലിം ലീഗിന്‍റെ മുഖവും മുസ്ലിം സമുദായത്തിന്‍റെ ശബ്ദവുമുള്ള ജലീല്‍ സിപിഎമ്മിനു മുതല്‍ക്കുട്ടായി.

കുഞ്ഞാലിക്കുട്ടി ലീഗിലും യുഡിഎഫ് രാഷ്ട്രീയത്തിലും കേരളത്തിന്‍റെ പൊതുസമൂഹത്തിലും കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന സമയം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ച് ജലീല്‍ വന്‍ വിജയം നേടി. അത് സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ നേട്ടമുണ്ടാക്കിക്കൊടുത്തു.

കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച ജലീല്‍ സിപിഎമ്മില്‍ ചുവടുറപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നെ മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്‍ ജലീലിനെ നേതൃനിരയില്‍ എണ്ണപ്പെട്ട ഒരാളായി ഉയര്‍ത്തി.

2015 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ കേരള യാത്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ജലീലിനു പ്രധാന സ്ഥാനം നല്‍കി. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ജലീലും മന്ത്രിസഭയിലെത്തി.

ഇപ്പോഴിതാ ഒരൊറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ കുറെ ദിവസങ്ങളായി ഒറ്റയ്ക്ക് നടത്തിക്കൊണ്ടിരുന്ന ആക്രമണത്തിനെതിരെയാണ് പിണറായി തിരിഞ്ഞിരിക്കുന്നത്.

മലപ്പുറത്തെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നു കാണിച്ച് ഇഡിക്കു മുമ്പാകെ ജലീല്‍ പരാതിയും തെളിവും നല്‍കിയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ രൂക്ഷമായി വിമര്‍ശിച്ചത്.

തികച്ചും അപ്രതീക്ഷിതമായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. അതും കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ അത്യാവേശത്തോടെ കത്തിക്കയറിക്കൊണ്ടിരിക്കുമ്പോള്‍. ജലീലിന്‍റെ ആരോപണം ചില്ലറയൊന്നുമായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയും മകനും ആയിരം കോടിയിലേറെ രൂപാ ഈ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. ജലീല്‍ നേരിട്ട് ഇഡി ഓഫീസിലെത്തി തെളിവുകള്‍ നല്‍കുകയും ചെയ്തു.

കേരളത്തിലെ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയെ ക്ഷണിക്കുന്ന രീതിയിലുള്ള ജലീലിന്‍റെ നീക്കമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇഡി ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷിച്ച് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മുള്‍മുനയില്‍ നിര്‍ത്തിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അന്വേഷണമെത്തിക്കാന്‍ ഏജന്‍സികള്‍ ഏറെ ശ്രമിച്ചു.

ലൈഫ് വീടു പദ്ധതിയുടെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അരില്‍ അക്കരെ സിബിഐ മുമ്പാകെ പരാതി കൊടുത്തത് സംസ്ഥാന സര്‍ക്കാരിനെ വട്ടംകറക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊരു വിഷയവുമായി. തെരഞ്ഞെടുപ്പില്‍ സിപിഎം സമര്‍ഥമായി പക വീട്ടി. അനില്‍ അക്കരയെ തോല്‍പിച്ചുകളഞ്ഞു.

രാജ്യത്തെ സഹകരണ മേഖലയിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറാന്‍ ഒരുങ്ങുമ്പോഴാണ് ജലീല്‍ എ.ആര്‍ ബാങ്കിലെ കള്ളപ്പണക്കാര്യം സംബന്ധിച്ച് ഇഡി മുമ്പാകെ തെളിവുനല്‍കുന്നതെന്നോര്‍ക്കണം. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ തന്നെ എന്നതും ശ്രദ്ധിക്കണം.

ഇവിടെയിപ്പോള്‍ ശക്തവും തന്ത്രപരവുമായ ഒരു നീക്കവും നടത്തിയിരിക്കുന്നു പിണറായി. ജലീലിന്‍റെ ആക്രമണത്തില്‍ ചുരുണ്ടുപോയ കുഞ്ഞാലിക്കുട്ടിക്ക് പുതിയൊരു ജീവന്‍ കിട്ടിയിരിക്കുന്നു. മുസ്ലിം ലീഗിനും.

ഐക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്ലിം ലീഗ്. കരുണാകരനോടൊപ്പം നിന്ന് യുഡിഎഫ് രാഷ്ട്രീയം നിയന്ത്രിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. അന്ന് കെ.എം മാണിയുമുണ്ടായിരുന്നു കൂടെ.

കരുണാകരനെ താഴെയിറക്കി ആ സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി വന്നപ്പോഴും മാണിയും കുഞ്ഞാലിക്കുട്ടിയും തുടര്‍ന്നു. രാഷ്ട്രീയമായി കു‍ഞ്ഞാലിക്കുട്ടി ഏറെ ക്ഷീണിതനായങ്കിലും പാര്‍ട്ടിയിലും മുന്നണി മുന്നണിയിലും കുഞ്ഞാലിക്കുട്ടിക്കു നല്ല പ്രസക്തിയുണ്ട്. അവിടെയാണ് പിണറായി വിജയന്‍ കൈവച്ചിരിക്കുന്നത്. അതു ചില്ലറക്കാര്യമല്ല.

-ചീഫ് എഡിറ്റര്‍

editorial
Advertisment