Editorial

കേരള സമൂഹത്തില്‍ വനിതകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി നേടിയ നേട്ടങ്ങള്‍ ചില്ലറയല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ വനിതകള്‍ എല്ലാത്തരം പ്രക്ഷോഭങ്ങളുടെയും മുന്‍ നിരയിലുണ്ട്. അക്കാമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍ എന്നിങ്ങനെ എത്രയെത്ര നേതാക്കള്‍ ! പൊതുസമൂഹത്തിലെ സ്ത്രീയുടെ വളര്‍ച്ചയും സ്വന്തം സമൂഹത്തില്‍ ശരിയായി പഠിച്ചു മുന്നേറുന്ന പെണ്‍കുട്ടികളുടെ വളര്‍ച്ചയും മുസ്ലിം ലീഗും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ്എഫും കണ്ട ഭാവമേയില്ല ! മുസ്ലിം ലീഗ് അറിയാന്‍ ; കേരളം സ്ത്രീവിരുദ്ധമല്ല – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Thursday, September 9, 2021

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാനക്കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. സംഘടനയുടെ വനിതാ വിഭാഗങ്ങളും വനിതാ നേതാക്കളും അത്രകണ്ട് മുന്നേറണ്ട എന്ന പിടിവാശി ഉറപ്പിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ് നേതൃത്വം.

ആരോപണം ഉന്നയിച്ച ‘ഹരിത’ നേതാക്കളെയല്ല സംരക്ഷിക്കേണ്ടത്, മറിച്ച് വനിതാ നേതാക്കള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ എം.എസ്.എഫ് നേതാക്കളാണ് സംരക്ഷണമര്‍ഹിക്കുന്നത് എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ലീഗ് നേതൃത്വം.

എം.എസ്.എഫ് നേതാക്കള്‍ തങ്ങളുടെ തന്നെ വനിതാ നേതാക്കള്‍ക്കു നേരേ നടത്തിയ ലൈംഗികാധിക്ഷേപത്തെപ്പറ്റി ‘ഹരിത’ ലീഗ് നേതൃത്വത്തിനു പരാതി നല്‍കിയതാണ്. നടപടിയുണ്ടാകാത്തതിനേതുടര്‍ന്ന് ‘ഹരിത’ നേതൃത്വം വനിതാ കമ്മീഷനു പരാതി നല്‍കി.

ഉടന്‍ തന്നെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പ്രാഥമികാന്വേഷണം നടത്തി. പരാതി സ്വീകരിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ലീഗ് നേതൃത്വവും ഒത്തുതീര്‍പ്പു ശ്രമം നടത്തിയവരുമൊക്കെ ശ്രമിച്ചുവെങ്കിലും വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കാന്‍ ‘ഹരിത’ നേതൃത്വം കൂട്ടാക്കിയില്ല. അത് വലിയ അച്ചടക്കപ്രശ്നമായി.

പരാതിക്കു കാരണക്കാരായ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കാര്യമായ നടപടിയൊന്നുമുണ്ടായതുമില്ല. ലൈംഗികച്ചുവയുള്ള അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞുവെന്ന ‘ഹരിത’യുടെ പരാതിയിന്മേല്‍ എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെയാണ് ‘ഹരിത’ പരാതി നല്‍കിയത്. ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി ലീഗ് നേതൃത്വം ഇവര്‍ക്കു നല്‍കിയ ശിക്ഷ – ഖേദ പ്രകടനം നടത്തുക, അതും ഫേസ്ബുക്കില്‍.

ഇതിനു പകരം ‘ഹരിത’ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും വേണം. ‘ഹരിത’യുടെ നേതാക്കളാരും ഇങ്ങനെയൊരു കുറ്റസമ്മതത്തിനു തയ്യാറായില്ല. ലീഗ് നേതൃത്വം കടുത്ത സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും ‘ഹരിത’ പിന്മാറാന്‍ തയ്യാറായില്ല.

വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്‍റെ വിദ്യാര്‍ത്ഥി നേതാക്കള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളോട് ഈ സമീപനമാണ് കാണിക്കുന്നതെങ്കില്‍ മുതിര്‍ന്ന സംഘടനയായ മുസ്ലിം ലീഗ് നേതാക്കളുടെ കാര്യം പറയാനുണ്ടോ ?

കേരളം പണ്ടുമുതല്‍ തന്നേ സ്ത്രീകള്‍ക്ക് വലിയ സ്ഥാനം നല്‍കിയിരുന്ന സമൂഹമാണ്. തിരുവിതാംകൂര്‍ രാജഭരണ കാലത്തുതന്നെ ഇവിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുന്തിയ സ്ഥാനം നല്‍കിയിരുന്നു. മഹാറാണിമാര്‍ രാജ്യം ഭരിച്ചിരുന്ന കാലഘട്ടങ്ങളുമുണ്ടായിരുന്നു. പല സമുദായങ്ങളിലും കുടുംബത്തില്‍ സ്ത്രീകള്‍ക്കു മേല്‍ക്കോയ്മയുമുണ്ടായിരുന്നു.

വിദ്യാഭ്യാസരംഗത്തു വലിയ വളര്‍ച്ചയുണ്ടായതോടെ കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിച്ച് ഉദ്യോഗം നേടി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തും മലബാറിലൊക്കെയും വിദ്യാഭ്യാസരംഗം വളര്‍ന്നു വികസിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത് മുസ്ലിം പെണ്‍കുട്ടികളാണെന്നതും കാണാം.

2001 – 2004 കാലത്ത് എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുസ്ലിം സമുദായത്തിന്‍റെ വിദ്യാഭ്യാസ മുന്നേറ്റം സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെട്ടത്. നാലകത്തു സൂപ്പി എന്ന ലീഗ് നേതാവായിരുന്നു അന്നു മന്ത്രി.

മെഡിക്കല്‍, എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയില്‍ മുമ്പിലെത്തിക്കൊണ്ടായിരുന്നു അക്കാലത്ത് മലപ്പുറത്തും മറ്റും മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ മുന്നേറ്റം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുസ്ലിം പെണ്‍കുട്ടികളുടെ ആ മുന്നേറ്റത്തിന് ആക്കം കൂടുകയായിരുന്നു.

കേരള സമൂഹത്തില്‍ വനിതകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി നേടിയ നേട്ടങ്ങള്‍ ചില്ലറയല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ വനിതകള്‍ എല്ലാത്തരം പ്രക്ഷോഭങ്ങളുടെയും മുന്‍ നിരയിലുണ്ട്. അക്കാമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍ എന്നിങ്ങനെ എത്രയെത്ര നേതാക്കള്‍.

പക്ഷെ പൊതുസമൂഹത്തിലെ സ്ത്രീയുടെ വളര്‍ച്ചയും സ്വന്തം സമൂഹത്തില്‍ ശരിയായി പഠിച്ചു മുന്നേറുന്ന പെണ്‍കുട്ടികളുടെ വളര്‍ച്ചയും മുസ്ലിം ലീഗും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും കണ്ട ഭാവമേയില്ല.

പൊതുവേ സ്ത്രീസൗഹൃദമാണ് കേരള സമൂഹം. സ്ത്രീ വിരുദ്ധ പരമര്‍ശങ്ങള്‍ സഹിക്കാത്ത സമൂഹം. സ്ത്രീക്ക് വലിയ സ്ഥാനവും മാനവും കല്‍പ്പിക്കുന്ന സമൂഹം. പ്രാകൃതമായ തരത്തില്‍ പ്രകടമായ സ്ത്രീ വിരുദ്ധ നിലപാട് ഒരു കക്ഷിക്കും ഭൂഷണമല്ല തന്നെ. പ്രത്യേകിച്ച് എം.എസ്.എഫിന്.

എം.എസ്.എഫ് കേരളത്തിലെ ഒരു പ്രധാന വിദ്യാര്‍ത്ഥി സംഘടനയാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന. കെ.എസ്.യു, എസ്.എഫ്.ഐ എന്നിങ്ങനെ തികച്ചും മതേതര കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന സംഘടകളോടൊപ്പമാണ് എം.എസ്.എഫും പ്രവര്‍ത്തിക്കുന്നതെന്നോര്‍ക്കണം.

മതസംഘടനകളും വര്‍ഗീയസംഘടനകളുമെല്ലാം ഒപ്പം നില്‍ക്കുന്നുമുണ്ട്. ഇതില്‍ മതാധിഷിഠിതമായ പ്രവര്‍ത്തനവും മതപരമായ കാഴ്ചപ്പാടും ഉള്‍ക്കൊണ്ടു വേണം വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രവര്‍ത്തിക്കാനെന്ന് മാതൃസംഘടനകള്‍ കല്‍പ്പിച്ചാലോ ?

ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനാധിപത്യ മതേതര രീതിയില്‍ വേണം രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍. ഓരോ സംഘടനയും ഇന്ത്യയിലെ ജനാധിപത്യ, മതേതര രീതികളുടെ ഭാഗമാണ്. ഇന്ത്യയുടെയും കേരളത്തിന്‍റെയും സമൂഹത്തിന്‍റെ ഭാഗമാണ്.

ഈ സമൂഹം സ്ത്രീവിരുദ്ധമല്ലെന്ന് മുസ്ലിം ലീഗ് ഓര്‍ക്കണം. എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനയും.

×