Advertisment

ചില സ്വയം പ്രഖ്യാപിത കത്തോലിക്കാ പ്രമാണിമാർ 'നര്‍ക്കോട്ടിക്ക് ജിഹാദ് ' എന്ന ബിഷപ്പിന്‍റെ പ്രയോഗം ആയുധമാക്കി ക്രിസ്ത്യന്‍ പോരിനു നേതൃത്വം കൊടുക്കാനിറങ്ങിയിട്ടുണ്ട് ! ഇന്ത്യാ മഹാരാജ്യത്തെയും ലോകരാഷ്ട്രീയത്തെയും മനസിലാക്കാതെ വിവരക്കേടും ഭോഷത്വവുമായി തലമറന്ന് എണ്ണ തേക്കുകയാണവർ. ഗള്‍ഫ് നാടുകളില്‍ ജോലിക്കുപോയിരിക്കുന്ന മലയാളികളുടെ കാര്യം മാത്രം ഓര്‍ത്താല്‍ മതി ! ഇവിടെ നിന്നു ഭാഗ്യം തേടി പോയ മലയാളികളുടെ മുന്നില്‍ അറബി നാടുകള്‍ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും വലിയ വാതായനങ്ങളാണു തുറന്നിട്ടതെന്ന കാര്യം ഈ പ്രമാണിമാര്‍ ഓര്‍ക്കണം. ഇടയന്മാർ അറിയാൻ - ജേക്കബ് ജോർജിന്റെ മുഖപ്രസംഗം

New Update

publive-image

Advertisment

സമുദായ നേതാക്കള്‍ക്കായാലും സഭാ നേതാക്കള്‍ക്കായാലും രാഷ്ട്ര നേതാക്കള്‍ക്കായാലും സ്വന്തമായി വലിയ കാഴ്ചപ്പാടുണ്ടാവണം. വിശാലമായ അറിവും അതിലും വലിയ തിരിച്ചറിവും ഉണ്ടായിരിക്കണം. ഈ ഘടകങ്ങളാണ് ഒരു നേതാവിനെ മികച്ച നേതാവാക്കുന്നത്.

കോട്ടയം ജില്ലയിലെ മര്‍ത്താ മറിയം പള്ളിയില്‍ എട്ടു നോമ്പു ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം എന്തുപെട്ടെന്നാണു സമൂഹത്തില്‍ കത്തിപ്പടര്‍ന്നതെന്നു നോക്കുക.

തൊട്ടടുത്ത ഈരാറ്റുപേട്ടയില്‍ നിന്ന് പാലായില്‍ ബിഷപ്പിന്‍റെ അരമന ലക്ഷ്യമാക്കി നീങ്ങിയ മുസ്ലിം പ്രകടനം, അതിനെതിരെ പാലായില്‍ത്തന്നെ നടന്ന പ്രതിഷേധം, പ്രസ്താവനകള്‍, പ്രതിഷേധങ്ങള്‍, ചര്‍ച്ചകള്‍ എന്നിങ്ങനെ പടര്‍ന്നു വളര്‍ന്ന വികാരങ്ങള്‍.

നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന ബിഷപ്പിന്‍റെ പ്രയോഗമാണ് ഒരു വിഭാഗം ജനങ്ങളെ മുറിപ്പെടുത്തിയത്. ലൗ ജിഹാദിന്‍റെ പിന്നാലെ വന്ന പ്രയോഗമാണിത്.


പ്രേമം നടിച്ചു വഴിതെറ്റിക്കാനും അഫ്ഗാനിസ്ഥാനില്‍ ആടുമേയ്ക്കാന്‍ കൊണ്ടുപോകാനും വരുന്നവരെ സൂക്ഷിക്കണമെന്നു പറയാന്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കൊക്കെയും അവകാശമുണ്ട്

publive-image

ഇടവകക്കാരെ നല്ല വഴിക്കു നടത്താനുള്ള ചുമതല നല്ല ഇടയന്മാര്‍ക്കുണ്ട്. മയക്കു മരുന്ന് ഇന്നു സമൂഹമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തു തന്നെയാണ്.

മുമ്പൊക്കെ പുകവലിയായിരുന്നു യുവാക്കള്‍ക്കു കമ്പം. പിന്നത് മദ്യപാനമായി. ഇപ്പോള്‍ മദ്യപാനം അത്രകണ്ട് ആകര്‍ഷകമല്ല. മയക്കുമരുന്നാണു താരം. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് സമൂഹമൊട്ടാകെയാണ്.

മയക്കുമരുന്നിനെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നുണ്ട്. മിക്കപ്പോഴും കേരളത്തിലെവിടെയെങ്കിലും പോലീസ് മയക്കുമരുന്നു പിടിക്കുന്നുമുണ്ട്. പലരും പിടിയിലാകുന്നുമുണ്ട്.

തിങ്കളാഴ്ചത്തെ (സെപ്റ്റംബര്‍ 13) 'മലയാള മനോരമ' ദിനപത്രത്തില്‍ 150 കിലോഗ്രാം കഞ്ചാവു പിടിച്ച വാര്‍ത്ത വന്നിട്ടുണ്ട്. സംഭവം ആലുവയിലാണ്. പിടിയിലായവരുടെ പേരുകള്‍ ഇപ്രകാരം: ആലുവാ സ്വദേശികളായ ഇടത്തലക്കര അജീഷ്, കടുങ്ങല്ലൂര്‍ സുരേന്ദ്രന്‍, ഏലൂര്‍ നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, സഞ്ജസ്. ഇക്കൂട്ടത്തില്‍ പല സമുദായക്കാരുമുണ്ടെന്ന് പേരില്‍ നിന്നു വ്യക്തം.

കേരളത്തില്‍ സ്വര്‍ണക്കടത്ത്, മയക്കുമരുന്നു കച്ചവടം എന്നിങ്ങനെയുള്ള നിരോധിത ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറെയുണ്ട്. അതില്‍ മുസ്ലിങ്ങള്‍ അധികമായിരിക്കാം.

പക്ഷെ അത് വര്‍ഗീയമായ ഒരു വലിയ ശ്രമത്തിന്‍റെ ഭാഗമാണെന്നും ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് മയക്കുമരുന്നു കച്ചവടം നടത്തുന്നവരാണെന്നും പള്ളിയില്‍ ഒരു പെരുന്നാള്‍ ദിവസം ബിഷപ്പ് തന്നെ പ്രസംഗിക്കുന്നതിന്‍റെ ഭംഗിയും അഭംഗിയും ഇന്ന് സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുന്നു. അതുണ്ടാക്കാവുന്ന സാമൂഹ്യപ്രത്യാഘാതങ്ങളും.

കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍ - മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ ഒരു അകല്‍ച്ചയുണ്ടാക്കാന്‍ കുറേ കാലമായി ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


ഹൈന്ദവ ഏകീകരണം എന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങ് വഴി ബിജെപിക്കു കേരളത്തില്‍ കിട്ടാവുന്ന നേട്ടത്തിന്‍റെ പരിധി ഇത്രയൊക്കെ മാത്രമേ ഉള്ളുവെന്ന് പാര്‍ട്ടി നേതൃത്വം മനസിലാക്കിയിരിക്കുന്നു. ഇനിയെന്ത് എന്നതാണു ബിജെപിയുടെ മുന്നിലെ ചോദ്യം


ക്രിസ്ത്യന്‍ സമുദായവുമായൊരു ബന്ധമുണ്ടാക്കാതെ ഇവിടെ ഇനി മുന്നോട്ടു പോകാനാവില്ലെന്നതാണ് ബിജെപിയുടെ മുന്നിലെ വില്ലുവിളി. അതത്ര എളുപ്പമല്ലെന്ന കാര്യവും ബിജിപെക്കു നന്നായി അറിയാം.

പല ശ്രമങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പലേടത്തും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി ചിഹ്നത്തില്‍ത്തന്നെ മത്സരിപ്പിച്ചു.

ചിലേടത്തൊക്കെ ബിജെപിയുടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. യാക്കോബായ - ഓര്‍ത്തഡോക്സ് സംഘര്‍ഷത്തില്‍ ഇടപെടാനും മുതലെടുപ്പു നടത്താനും ബിജെപി ആവതു ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

കുറവിലങ്ങാട്ടു മാര്‍ത്ത മറിയം പള്ളിയിലെ പാലാ ബിഷപ്പിന്‍റെ പ്രസംഗം ബിജെപിക്കു നല്‍കിയ ഉത്സാഹം ചില്ലറയല്ല. നേതാക്കള്‍ പ്രസ്താവനയുമായി എടുത്തു ചാടി. ബിഷപ്പിനു സംരക്ഷണം കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടാനും ചിലര്‍ തയ്യാറായി. ആകെ വലിയ അത്യുത്സാഹം.


പാലായില്‍ ക്രിസ്ത്യാനികള്‍ പ്രതിഷേധയോഗം ചേര്‍ന്നപ്പോള്‍ ബിജെപി നേതാക്കള്‍ ആവേശത്തോടെ വന്നതുകണ്ട് ഇടവകക്കാരില്‍ ചില പ്രമുഖര്‍ സ്ഥലം വിട്ടെന്നതു മറ്റൊരു കാര്യം

publive-image

1982 -ല്‍ ശബരിമലയുടെ താഴ്വാരപ്രദേശമായ നിലയ്ക്കലില്‍ ഒരു പള്ളി പണിയാന്‍ ചില ക്രിസ്ത്യന്‍ നേതാക്കള്‍ നടത്തിയ നീക്കം വലിയ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങാന്‍ തുടങ്ങിയ കാര്യവും ഓര്‍ക്കണം.

കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലായിരുന്നു ആ ശ്രമം. എതിരെ വലിയ സന്നാഹവുമായി രംഗത്തു വന്നത് ഹിന്ദു മുന്നണി. നേതൃത്വത്തിലുണ്ടായിരുന്നത് കുമ്മനം രാജശേഖരന്‍.

ക്രിസ്ത്യന്‍ സമുദായത്തിനെതിരെ വര്‍ഗീയമായി പല മുദ്രാവാക്യങ്ങളും പത്തനംതിട്ട, വടശേരിക്കര, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടു. ശബരിമലയുടെ പൂങ്കാവനത്തില്‍ പെട്ട സ്ഥലമാണു നിലയ്ക്കലെന്നും അവിടെ പള്ളി പണിയാന്‍ സമ്മതിക്കില്ലെന്നുമാണ് അന്നു കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത്. 1982 -ല്‍.

1984 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ സ്വദേശി കേരളവര്‍മരാജാ തിരുവനന്തപുരത്തു മത്സരിക്കാനിറങ്ങിയപ്പോള്‍ രാഷ്ട്രീയ കേരളം ഞെട്ടിപ്പോയി. മൂന്നാം സ്ഥാനമേ കിട്ടിയുള്ളുവെങ്കിലും അതിനു വലിയ തിളക്കമുണ്ടായിരുന്നു.

ഒന്നാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.ചാള്‍സ്. രണ്ടാം സ്ഥാനത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നീലലോഹിതദാസന്‍ നാടാര്‍. കേരളവര്‍മ രാജയ്ക്ക് കിട്ടിയത് 17 ശതമാനത്തിലേറെ വോട്ട്.

തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം ചാള്‍സിനു താഴെ രണ്ടാം സ്ഥാനത്തുമെത്തി. ഒക്കെയും നിലയ്ക്കല്‍ പ്രക്ഷോഭത്തിന്‍റെ ഫലമായി. ഇന്നത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരനായിരുന്നു അന്ന് ഹിന്ദു മുന്നണിയെ നയിച്ചത്.

കത്തോലിക്കാ സമുദായത്തിലെ ചില യുവ പുരോഹിതന്മാരും സ്വയം സമുദായനേതാക്കളായി പ്രഖ്യാപിച്ചു മുന്നോട്ടുവരുന്ന പ്രമാണിമാരും നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന ബിഷപ്പിന്‍റെ പ്രയോഗം ആയുധമാക്കി ക്രിസ്ത്യന്‍ പോരിനു നേതൃത്വം കൊടുക്കാനിറങ്ങിയിട്ടുണ്ട്.


ഇന്ത്യാ മഹാരാജ്യത്തെയും ഇവിടുത്തെ രാഷ്ട്രീയത്തെയും ലോകരാഷ്ട്രീയത്തെയും മനസിലാക്കാതെ വിവരക്കേടും ഭോഷത്വവും വിളമ്പുന്ന ഈ മഹാന്മാര്‍ തല മറന്ന് എണ്ണ തേക്കുകയാണെന്ന കാര്യം മറക്കരുത്


ഗള്‍ഫ് നാടുകളില്‍ ജോലിക്കുപോയിരിക്കുന്ന മലയാളികളുടെ കാര്യം മാത്രം ഓര്‍ത്താല്‍ മതി. അവിടെ ജോലി ചെയ്യുന്ന മലയാളികളില്‍ ഒരു വലിയ വിഭാഗമാണ് ക്രിസ്ത്യാനികള്‍. നഴ്‌സിങ്ങ് മുതല്‍ ഉയര്‍ന്ന വിവിധതരം കോഴ്സുകള്‍ പഠിച്ചിട്ടു ജോലിക്കു പോയവരാണവര്‍. സ്വന്തം കുടുംബത്തിനു മാത്രമല്ല, സ്വന്തം നാടിനും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട് ഈ മലയാളികള്‍.

തിരുവല്ല, കുമ്പനാട്, പുല്ലാട് എന്നു തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ഗള്‍ഫ് പോക്കറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളത്തിലൊക്കെയും ഈ പൊന്‍തിളക്കം കാണാം. കഴിഞ്ഞ അര നൂറ്റാണ്ടു കാലം കൊണ്ട് എത്ര ഏറെ വികസിച്ചിരിക്കുന്നു കേരളം. ഗള്‍ഫ് പണം മാത്രമാണു കാരണം.


ഇവിടെ നിന്നു ഭാഗ്യം തേടി പോയ മലയാളികളുടെ മുന്നില്‍ അറബി നാടുകള്‍ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും വലിയ വാതായനങ്ങളാണു തുറന്നിട്ടതെന്ന കാര്യം ഇനി ബിജെപിയുമായി കൂടിയാലെന്താ എന്നാക്രോശിക്കുന്ന ക്രിസ്ത്യന്‍ പ്രമാണിമാര്‍ ഓര്‍ക്കണം. പുതിയ സാധ്യതകള്‍ വെട്ടിപ്പിടിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കാനും ഗള്‍ഫിലെ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് കാലാകാലങ്ങളായി കഴിഞ്ഞുവെന്ന കാര്യവും ഇവിടെ രേഖപ്പെടുത്തേണ്ടതാണ്.


ഗള്‍ഫ് നാടുകളില്‍ മലയാളികളുടേതായി പ്രധാനമായും രണ്ടു സംഘടനകളാണുള്ളത്. ഒന്ന് മുസ്ലിം ലീഗിനോടാഭിമുഖ്യമുള്ള കെ.എം.സി.സി. രണ്ടാമത് എസ്.എം.സി.എ - സീറോ മലബാര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍. കേരളത്തിലെ പ്രബല കത്തോലിക്കാ സമുദായത്തിന്‍റെ സ്വന്തം സംഘടന.

മുന്‍ കേരളാ പോലീസ് ഡിജിപി ജേക്കബ് പുന്നൂസിന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ടതാണ്. "ഒരു സമുദായവും വര്‍ഗീയതയെയും മയക്കുമരുന്നു കടത്തിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊക്കെ ചെയ്യുന്നത് സമുദായത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്."

കത്തോലിക്കാ സമുദായത്തിലെ ഒരു ന്യൂനപക്ഷം പോലും വഴിവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭൂരിപക്ഷവും സഭയുടെ ഇടയന്മാരുമാണ്.

-ചീഫ് എഡിറ്റര്‍

editorial
Advertisment