Current Politics

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുവപ്പന്‍ പരവതാനി വിരിച്ച സിപിഎം നയങ്ങളിലും നിലപാടുകളിലും മാറുകയാണ്. പ്രത്യയശാസ്ത്രം വിട്ട് പ്രായോഗികതയിലേയ്ക്ക് ! എന്തായിരിക്കും സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍ ? പാര്‍ട്ടി വിടുന്നവരും വിടാനൊരുങ്ങുന്നവരും ധാരാളമുണ്ടെങ്കിലും കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തിന് ആശ്വസിക്കാന്‍ വകയുണ്ട്. അവര്‍ക്കൊപ്പം കൂടാന്‍ ധാരാളം പേര്‍ തിരക്കുകൂട്ടുന്നു – മാറുന്ന കേരള രാഷ്ട്രീയത്തെക്കുറിച്ച് മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Friday, September 17, 2021

കോണ്‍ഗ്രസില്‍ നിന്നു പിരിഞ്ഞുപോകുന്നവരെയും കാത്ത് ചുവന്ന പരവതാനി വിരിച്ച് എ.കെ.ജി സെന്‍റര്‍. മുമ്പൊരിക്കലുമുണ്ടായിട്ടില്ല ഇങ്ങനെയൊന്നും. പണ്ട് പി.ജെ ജോസഫ് യു.ഡി.എഫ് വിടാനൊരുങ്ങിയപ്പോള്‍ ഇ.എം.എസ് പറഞ്ഞു; “ജോസഫ് പള്ളിയെയും പട്ടക്കാരെയുമൊക്കെ കൈവിട്ടിട്ടു വരട്ടെ. അപ്പോഴാലോചിക്കാം”.

ഇന്നിപ്പോള്‍ അങ്ങനെ ആലോചനയൊന്നുമേ ഇല്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടുവെന്നു കേള്‍ക്കേണ്ട താമസം, എ.കെ.ജി സെന്‍റര്‍ സ്വീകരണമൊരുക്കി കാത്തിരുന്നു.

പത്രക്കാരുടെയും ക്യാമറകളുടെയും ഇടയിലൂടെ കടന്നു ചെന്ന അനില്‍കുമാറിനെ കൊടിയേരിയും മറ്റും എ.കെ.ജി സിന്‍ററിലേയ്ക്ക് സ്വീകരിച്ചാനയിച്ചു.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു കെ.പി അനില്‍കുമാര്‍. ആസ്ഥാന മന്ദിരത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാരനെന്നര്‍ത്ഥം.

പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍ ഒന്നിച്ചാണ് അനില്‍കുമാറിനെ എ.കെ.ജി സെന്‍ററിലേയ്ക്ക് വരവേറ്റത്. സി.പി.എമ്മിന് അനില്‍കുമാര്‍ വലിയൊരു ‘പ്രൈസ് കാച്ച് ‘ തന്നെ.

പിറ്റേന്നു വീണ്ടും വരുന്നു പാര്‍ട്ടി മാറ്റം. ഇത്തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍. കെ.സി വേണുഗോപാലിനെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ടായിരുന്നു രതികുമാറിന്‍റെ കൂടുമാറ്റം.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ വയനാട്ടില്‍ റോസക്കുട്ടി ടിച്ചര്‍ പാര്‍ട്ടിവിട്ടപ്പോഴും സി.പി.എം ആഘോഷത്തോടെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. സി.പി.എം നിലപാടു മാറ്റുകയായിരുന്നു. നയപരിപാടികളിലും നിലപാടിലുമെല്ലാം മാറ്റം വരുത്തുകയാണ് പാര്‍ട്ടി. ഇനി പ്രായോഗിക നിലപാടുകള്‍ മാത്രം. പ്രായോഗിക പരിപാടികള്‍ മാത്രം.

പാര്‍ട്ടിയുടെയും മുന്നണിയുടെയും അടിത്തറ ബലപ്പെടുത്തുക എന്നതു മാത്രമാണ് ഇനി സി.പി.എമ്മിന്‍റെ ലക്ഷ്യം. പാര്‍ട്ടിയുടെ മാത്രമല്ല, മുന്നണിയുടെയും അടിത്തറ ശക്തിപ്പെടുത്തണം. ഈയിടെ പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടപ്പോള്‍ നേരേ എന്‍.സി.പിയിലേയ്ക്കാണു പോയത്.

എന്‍.സി.പി നേതാവു ശരത് പവാറുമായും മറ്റും പണ്ടേ അടുത്ത ബന്ധമുള്ള നേതാവാണ് ചാക്കോ. എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കന്മാരോടൊപ്പം പ്രവര്‍ത്തിച്ചു വളര്‍ന്ന നേതാവ്. ദേശീയതലത്തിലും ഉന്നത നിലയിലെത്തി. മാണി കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പേ പോന്നു. റോഷി അഗസ്റ്റിന്‍ മന്ത്രിയുമായി.

മറ്റു സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ ബി.ജെപിയിലേയ്ക്കാണു ചേക്കേറുക. കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച നേതാക്കന്മാരാണ് നേരേ ബി.ജെ.പിയിലേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെ അങ്ങനെയൊരു ഒഴുക്കില്ല തന്നെ.

കേരളത്തില്‍ ബി.ജെ.പി തന്നെ വളരെയധികം ക്ഷയിച്ചിരിക്കുന്ന കാലവും. നേതൃത്വമാവട്ടെ, അങ്ങേയറ്റം ദുര്‍ബലമായ നിലയില്‍.

43 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്. കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഉന്നത പദവികളിലെത്തി. കോണ്‍ഗ്രസിലും. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ സ്വന്തം സ്ഥാനത്തെപ്പറ്റി ആശങ്ക തോന്നി.

പുതിയ നേതൃത്വത്തില്‍ ഒട്ടും വിശ്വാസമില്ലാതായി. അനില്‍കുമാറിനു പാര്‍ട്ടിവിടാതെ വേറേ വഴിയില്ലെന്നായി. പാര്‍ട്ടി വിട്ടു. അപ്പോഴതാ സി.പി.എം വാതിലുകള്‍ മലര്‍ക്കെ തുറന്ന് കാത്തിരിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഇതൊരു വലിയ മാറ്റമാണ്. എന്തായിരിക്കും സി.പി.എമ്മിന്‍റെ കണക്കുകൂട്ടല്‍ ? പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുക എന്ന കേവലമായ ലക്ഷ്യം മാത്രമേയുള്ളോ പിന്നില്‍ ?

2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പും കാണേണ്ടതുണ്ട്. ഇന്നത്തെ ലോക്സഭയില്‍ 19 എം.പി.മാരാണ് ഐക്യജനാധിപത്യ മുന്നണിയുടേതായുള്ളത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും വലിയൊരു നഷ്ടക്കച്ചവടമായിപ്പോയി. കിട്ടിയത് 20 -ല്‍ ഒരേയൊരു സീറ്റ് ! അവിടെനിന്നു പൊരുതിക്കയറിയാണ് പഞ്ചായത്തും പിന്നെ ഭരണത്തുടര്‍ച്ചയും കൈയിലൊതുക്കിയത്.

ലോക്സഭയില്‍ മാറ്റുരയ്ക്കാനിറങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയംകൂടി നോക്കണം. ബി.ജെ.പിക്കെതിരെ എല്ലാ കക്ഷികളും യോജിക്കാനൊരുങ്ങുകയാണ്. മമതാ ബാനര്‍ജിയും ശരത് പവാറും ലാലൂപ്രസാദ് യാദവും അഖിലേഷ് യാദവുമൊക്കെ മുന്‍നിരയിലുണ്ടാകും. സി.പി.എമ്മിനും നില്‍ക്കണം മുന്‍നിരയില്‍. അതിനു കൈയില്‍ കുറെ സീറ്റ് വേണം.

യു.പിയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി രംഗത്തിറങ്ങിക്കഴിഞ്ഞു. ഗുജറാത്തില്‍ മുഖ്യമന്ത്രിയെത്തന്നെ മാറ്റി പുതിയ തുടക്കവും കുറിച്ചു. ഇനിയും ഇതുപോലെ മാറ്റമുണ്ടായേക്കുമെന്നു കേള്‍ക്കുന്നു. ബി.ജെ.പി കാര്യമായ തുടക്കം കുറിച്ചിരിക്കുന്നുവെന്നര്‍ത്ഥം. കോണ്‍ഗ്രസോ ?

കോണ്‍ഗ്രസിനു പുതിയ നേതൃത്വം വേണമെന്നാവശ്യപ്പെട്ടു മാറിനിന്ന തലമൂത്ത കോണ്‍ഗ്രസുകാര്‍ ഇപ്പോഴും അകന്നുതന്നെ നില്‍ക്കുന്നു. 23 അംഗ ഗ്രൂപ്പിന്‍റെ കാര്യമാണു പറയുന്നത്. ശശി തരൂരും കപില്‍ സിബലുമൊക്കെയായി.

രോഗംകൊണ്ടും പ്രായംകൊണ്ടും തികച്ചും ക്ഷീണിതയായ സോണിയാ ഗാന്ധിതന്നെയാണ് കോണ്‍ഗ്രസിനെ പ്രസിഡന്‍റായിരുന്ന് ഇന്നും നയിക്കുന്നത്. പുതിയ പ്രസിഡന്‍റിനു വേണ്ടി ഒരു തെരഞ്ഞെടുപ്പു നടത്താനാവശ്യപ്പെട്ടിട്ട് ആരും കേട്ടമട്ടില്ല. കെ.സി. വേണുഗോപാലാണ് സംഘടനയുടെ ഏറ്റവും വലിയ ജനറല്‍ സെക്രട്ടറി ഇപ്പോള്‍.

കേരളത്തില്‍ പുതിയ നേതാക്കള്‍ക്ക് കിട്ടിയ കസേരകളില്‍ സ്വസ്ഥമായൊന്നിരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ. ആദ്യം ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പടലപ്പിണക്കമായിരുന്നു പ്രശ്നം. പിന്നെ രാജിയായി. പി.എസ് പ്രശാന്ത്, കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍ എന്നിങ്ങനെ. ഇനിയുമാരാണോ പുറത്തുപോകുക ? ഇനിയുമെന്താകുമോ സംഭവിക്കുക ?

സെമി കേഡര്‍ എന്ന മന്ത്രം കൂടെകൂടെ ഉരുവിട്ടുകൊണ്ടാണ് കെ. സുധാകരന്‍റെ നടപ്പ്. അതിനാദ്യം വേണ്ടത് പഴയ ഗ്രൂപ്പുകളെയൊക്കെ ഇല്ലാതാക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുന്നവരൊക്കെ പോകട്ടെ എന്നു തന്നെയാണ് പുതിയ നേതാക്കന്മാരുടെ നിലപാട്.

പുതിയ നേതാക്കളോടൊപ്പം കൂടാന്‍ ധാരാളം പേര്‍ തിരക്കുകൂട്ടുന്നുണ്ട്. അതാണ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്ന കാര്യം. പുതിയ സംവിധാനത്തില്‍ സ്ഥാനം കിട്ടില്ലെന്നറിയാവുന്നവര്‍ പുറത്തു ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നു.

പാര്‍ട്ടിവിടണോ വേണ്ടയോ ? രണ്ടിലൊന്നു തീരുമാനമാക്കാന്‍ ഒരുങ്ങുന്ന ധാരാളം നേതാക്കളുണ്ട് കോണ്‍ഗ്രസില്‍. നിരാശയില്‍ കഴിയുന്നവര്‍. ഭരണം കിട്ടാതായതോടെ കോണ്‍ഗ്രസിലുണ്ടാകുന്ന സ്വാഭാവിക നിരാശ.

ചുറ്റും വലവിരിച്ച് കാത്തിരിക്കുന്നു സി.പി.എം. വെറുതേ നോക്കിയിരിക്കാന്‍ ബി.ജെ.പിയും.

-ചീഫ് എഡിറ്റര്‍

×