പ്രണയത്തിന്‍റെ പേരില്‍ കൊലപാതകം അസാധാരണമാണു കേരളത്തില്‍. തികച്ചും അപരിഷ്കൃതവും. പക്ഷെ പാലാ സെന്‍റ് തോമസ് കോളേജില്‍ ഒരു വൊക്കേഷണല്‍ കോഴ്സ് ബിരുദ വിദ്യാര്‍ത്ഥി അഭിഷേക് അതേ ക്ലാസില്‍ പഠിക്കുന്ന നിഥിന എന്ന പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുന്നു. താന്‍ ഇത്രകാലം പ്രേമിച്ചിരുന്ന പെണ്‍കുട്ടിയെ കഴുത്തില്‍ കത്തിയിറക്കി കൊലപ്പെടുത്താനുള്ള മനോധൈര്യവും മാനസികാവസ്ഥയും നമ്മുടെയൊരു യുവാവിനുണ്ടായതെങ്ങനെ ?
പ്രണയത്തിനും പ്രണയനൈരാശ്യത്തിനുമൊക്കെ ഒരു പക്ഷെ മനുഷ്യരാശിയോളം പഴക്കമുണ്ടാകാം. കവികളും കലാകാരന്മാരും പ്രണയത്തെ എക്കാലവും വാഴ്ത്തിയിട്ടുണ്ട്. പ്രണയത്തിന്‍റെ മധുരത്തെക്കുറിച്ച് വിവിധ ഭാഷകളില്‍ എത്രയെത്ര കഥകളും കവിതകളുമുണ്ടായിട്ടുണ്ട് ! പ്രണയം പരാജയപ്പെട്ടതിന്‍റെ പേരില്‍ ഇത്ര ക്രൂരമായ രീതിയില്‍ പകരം വീട്ടാന്‍ ഒരു യുവാവിനെങ്ങനെ മനസുവരും ? തീര്‍ച്ചയായും മലയാളികളുടെയൊക്കെ മനസില്‍ ഉയരാവുന്ന സംശയം.
ഇത്രകാലം മനസില്‍ സ്നേഹത്തോടെ കൊണ്ടുനടന്നിരുന്ന ആത്മസഖിയെയാണ് അയാള്‍ ഒരു നിമിഷത്തെ വികാരത്തിനടിപ്പെട്ട് കൊലപ്പെടുത്തിയത്. കഴുത്തില്‍ നിന്നു രക്തം വാര്‍ന്ന് ആ പെണ്‍കുട്ടി വേദനയോടെ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു ആ കാമുകന്‍.
അടുത്ത കാലത്താണ് കോതമംഗലത്ത് ഒരു കാമുകന്‍ സ്വന്തം കാമുകിയെ വെടിവെച്ചുകൊന്നത്. തീന്‍മേശപ്പുറത്ത് കൂട്ടുകാരികളോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് യുവാവ് കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കൈത്തോക്കുമായി കടന്നുചെന്ന് പെണ്‍കുട്ടിയെ പിടിച്ചു വലിച്ച് അടുത്ത മുറിയിലേയ്ക്കു കൊണ്ടുപോയി തൊട്ടടുത്തുനിന്നു വെടിവെച്ചു കൊലപ്പെടുത്തിയത്.
കോതമംഗലത്ത് ഏതാനും മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി പുറത്തിറങ്ങേണ്ട പി.വി മാനസ എന്ന കുരുന്നു പെണ്‍കുട്ടിയാണ് അവിടെ അക്രമിയായി വന്ന കാമുകന്‍റെ ക്രൂരതയ്ക്കു മുമ്പില്‍ വീണു പിടഞ്ഞു മരിച്ചത്. ഒപ്പം രാഖില്‍ എന്ന യുവാവും സ്വയം വെടിവെച്ചു മരണത്തിനു കീഴടങ്ങി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറെ സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന മധ്യ കേരളത്തിലെ പ്രശസ്തമായ കോളേജുകളിലൊന്നാണ് പാലാ സെന്‍റ് തോമസ് കോളേജ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ സ്വാതന്ത്ര്യവും തുല്യാവകാശങ്ങളുമുണ്ട് കലാലയങ്ങളില്‍. അതുകൊണ്ടുതന്നെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ പ്രണയത്തിലേയ്ക്കെത്തുന്നതും പതിവാണ്. പ്രണയബന്ധങ്ങള്‍ പെട്ടെന്നു തന്നെ തകരുന്നതും സ്വാഭാവികം. അതൊന്നും ഒരിക്കലും പ്രശ്നമാവുകയുമില്ല.
പ്രണയത്തേക്കാളുപരി ആണ്‍-പെണ്‍ സൗഹൃദങ്ങളാണ് ഇന്നു കലാലയങ്ങളില്‍ സാധാരണം. പ്രണയം ഒരു പക്ഷെ അല്‍പ്പം പഴകിപ്പോയെന്നുതന്നെ പറയാം. പ്രവേശന പരീക്ഷകള്‍ക്കു കുട്ടികള്‍ തന്നെ വളരെ പ്രാധാന്യം നല്‍കുകയും അതിന് ഏറെ കഠിനാധ്വാനം വേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രേമിച്ചുനടക്കാനൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്കു നേരമില്ലെന്നതാണു വസ്തുത. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്.
നല്ലവണ്ണം പഠിച്ച് ഉയര്‍ന്ന സ്ഥാനങ്ങളിലെത്താനുള്ള ആഗ്രഹം ഇന്നു പെണ്‍കുട്ടികളിലാണ് ഏറെയുള്ളത്. മികച്ച തൊഴിലിലെത്താനും സ്വന്തം കാലില്‍ നില്‍ക്കാനും മിക്ക പെണ്‍കുട്ടികളും താല്‍പര്യപ്പെടുന്നു. പ്രേമിച്ചു നടന്നു സമയം കളയാനൊന്നും അവര്‍ക്കത്ര താല്‍പര്യമില്ലതന്നെ. പകരം വന്നത് അടുത്ത സൗഹൃദങ്ങള്‍. സുന്ദരമായ ബന്ധങ്ങള്‍.
മിക്ക കാമ്പസുകളിലും ഇന്ന് ഇങ്ങനെ വളരെയടുത്ത ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ കാണാം. തീവ്രമായ പ്രണയത്തോടു തൊട്ടടുത്തുനില്‍ക്കുന്ന ബന്ധങ്ങളാകാം അവ. അത്രമാത്രം. സൗഹൃദത്തിനപ്പുറത്തേയ്ക്കു നീളാത്ത ബന്ധങ്ങള്‍. പ്രണയത്തിന്‍റെ കെട്ടുപാടുകളൊന്നുമില്ലാത്ത ബന്ധങ്ങള്‍.
ഒരു കോഴ്സ് കഴിയുമ്പോഴോ ചിലപ്പോള്‍ അതിനു മുമ്പുതന്നെയോ അവസാനിക്കുന്ന ബന്ധങ്ങള്‍ മാത്രമാണിവയൊക്കെയും. പ്രണയത്തിനു വേണ്ടി അത്രയധികം സമയം കളയാനൊന്നും തയ്യാറല്ല ഇന്നത്തെ കുട്ടികള്‍. കോളേജ് പഠനകാലത്ത് ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ട ഒരു വിഷയമല്ലാതായിരിക്കുന്നു ക്യാമ്പസ് പ്രണയം എന്നു ചുരുക്കം.
പാലാ സെന്‍റ് തോമസ് കോളേജില്‍ രക്തം വാര്‍ന്നു മരിച്ച ആ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കാര്യമാണ് ദയനീയം. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയ മകളെയാണ് ആ മാതാവിനു നഷ്ടപ്പെട്ടത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം.
അതിലും ഭീകരമാണ് കൊല നടത്തിയ യുവാവിന്‍റെയും അയാളുടെ കുടുംബത്തിന്‍റെയും സ്ഥിതി. ഒരു കൊല നടന്നുകഴിഞ്ഞാല്‍ കൊല നടത്തുന്നവന്‍ സമൂഹത്തില്‍ ഒരു കൊലപാതകിയായി മാറുകയായി. ആ ദുഷ്പേരില്‍ നിന്ന് അയാള്‍ക്കൊരിക്കലും രക്ഷപെടാനാവില്ല. 20 -ാം വയസില്‍ത്തന്നെ കൊലപാതകിയെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണയാള്‍.
അതിലും ഭീകരമായിരിക്കും യുവാവായ അഭിഷേകിന്‍റെ മാതാപിതാക്കള്‍ നേരിടാന്‍ പോകുന്ന കടുത്ത പ്രയാസങ്ങള്‍. മകന്‍ 20 -ാം വയസില്‍ കൊലപാതകിയായതുതന്നെ ഒരു വലിയ ദുരന്തം. ഇനി അതിന്‍റെ കേസ്, പോലീസന്വേഷണം, വര്‍ഷങ്ങള്‍ നീളുന്ന വിചാരണ - കടുത്ത പീഡനങ്ങള്‍ അനന്തമായി നീളുമ്പോള്‍ തകരുന്നത് ആ കുടുംബമായിരിക്കും.
അഭിഷേകിനും ഇനി നേരിടേണ്ടിവരിക അതിക്രൂരമായ അനുഭവങ്ങളായിരിക്കും, ഇത്ര ചെറുപ്പത്തിലേ പോലീസിന്‍റെ കടുത്ത ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റും വിധേയനാവുക അത്ര എളുപ്പമായിരിക്കില്ല. പിന്നെ പോലീസ് കസ്റ്റഡിയും അതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയും. തുടര്‍ന്ന് ജയില്‍വാസം. അനന്തമായി നീളുന്ന നടപടികളാണിവയൊക്കെ. ഒന്നില്‍ നിന്നും രക്ഷപെടാനുമാവില്ല. നിഥിന എന്ന പെണ്‍കുട്ടിക്കു ജീവന്‍ നഷ്ടപ്പെടാന്‍ കുറെ നിമിഷങ്ങളേ വേണ്ടിവന്നുള്ളു. ആ ജീവിതം തന്നെ അതോടെ തീര്‍ന്നു.
അഭിഷേക് എന്ന 20 കാരന്‍ ഇനി ജീവിച്ചിരിക്കുന്നത് കടുത്ത പീഡനങ്ങളിലൂടെ കടന്നു പോകാന്‍ മാത്രം. അയാളുടെ കുടുംബവും ഈ പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നുവെന്നതാണ് സങ്കടകരം.
-ചീഫ് എഡിറ്റര്‍