1904 ലായിരുന്നു ജെ.ആര്‍.ഡി റ്റാറ്റായുടെ ജനനം. അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ പറക്കുന്ന ഒരു യന്ത്രം - ആദ്യത്തെ വിമാനം എന്നു പറയാം - കണ്ടുപിടിച്ചിട്ട് അപ്പോള്‍ ഏഴു മാസം ആയിരുന്നു.
1929 ല്‍ റ്റാറ്റാ പൈലറ്റ് ലൈസന്‍സ് എടുത്തു. വിമാനം പറപ്പിക്കാനുള്ള ലൈസന്‍സെടുക്കുന്ന ആദ്യ ഇന്ത്യാക്കാരനായി റ്റാറ്റാ. തൊട്ടുപിന്നാലെ റ്റാറ്റാ എയര്‍ലൈന്‍സ് എന്നൊരു കമ്പനിയും രൂപീകരിച്ചു. സഹായത്തിനുണ്ടായിരുന്നത് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിലെ ഒരു വൈമാനികന്‍ നെവില്‍ വിന്‍സെന്‍റ്. റ്റാറ്റായുടെ അടുത്ത സുഹൃത്തായിരുന്നു നെവിന്‍. ആദ്യ മൂലധനം രണ്ടു ലക്ഷം രൂപാ.
1932 ഒക്ടാബര്‍ 15 ന് റ്റാറ്റാ എയര്‍ലൈന്‍സ് ആദ്യ വിമാന സര്‍വീസ് നടത്തി. കറാച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് തപാല്‍ ഉരുപ്പടികളുമായിട്ടായിരുന്നു ആദ്യ യാത്ര. ആ വാഹനത്തിന് 20,000 രൂപയായിരുന്നു വില. ഒരു യാത്രക്കാരനുള്ള സീറ്റ് മാത്രമേ അതിലുണ്ടായിരുന്നുള്ളു.
അന്നു പണക്കാരായ ബിസിനസുകാര്‍ വിമാനം വാടകയ്ക്കെടുത്തിരുന്നു. ഒരു യാത്രയ്ക്ക് 50 രൂപാ നിരക്ക്. ആദ്യ വര്‍ഷം 10,000 രൂപയായിരുന്നു റ്റാറ്റാ എയര്‍ലൈന്‍സിന്‍റെ ലാഭം. യാത്രക്കാര്‍ക്കു പുറമെ തപാലും കൈകാര്യം ചെയ്തിരുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശത്തേയ്ക്കു സര്‍വീസ് നടത്താന്‍ റ്റാറ്റാ എയര്‍ലൈന്‍സ് തീരുമാനിച്ചു. അതിലേയ്ക്ക് എയര്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി തുടങ്ങി. ആദ്യ യാത്ര മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്കായിരുന്നു. അതില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഒഹരി പങ്കാളിത്തമുണ്ടായിരുന്നു. ലോക്ക്ഹീഡ് കോണ്‍സ്റ്റേലേഷന്‍ നിര്‍മ്മിത 40 സീറ്റുള്ള ഈ വിമാനത്തിന് മലബാര്‍ പ്രിന്‍സസ് എന്നു പേരുമിട്ടു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മലബാര്‍ പ്രിന്‍സസ് ഫ്രാന്‍സില്‍ തകര്‍ന്നു വീണു.
1953 -ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുന്‍കൈ എടുത്ത് റ്റാറ്റാ എയര്‍ലൈന്‍സ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. റ്റാറ്റായുടെ എതിര്‍പ്പു മറികടന്ന് നെഹ്റു ദേശസാല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
പിന്നെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യയും ആഭ്യന്തര യാത്രകള്‍ക്കായി ഇന്ത്യന്‍ എയര്‍ലൈന്‍സും രൂപീകരിച്ചു. 1960 -ല്‍ എയര്‍ ഇന്ത്യ ആദ്യ ജെറ്റ് വിമാനം സ്വന്തമാക്കി - ബോയിങ്ങ് 707. 1971 ല്‍ ആദ്യത്തെ ബോയിങ്ങ് 747 ജെറ്റും സ്വന്തമാക്കി.
1978 -ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ ജെ.ആര്‍.ഡി. റ്റാറ്റായ്ക്ക് എയര്‍ ഇന്ത്യാ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി. അത്ര മാന്യമല്ലാത്ത പുറത്താക്കല്‍ തന്നെയായിരുന്നു അത്.
1991 - 92 ല്‍ എയര്‍ ഇന്ത്യയുടെ ലാഭം 333 കോടി രൂപയായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടു വിമാനക്കമ്പനികളും വലിയ വളര്‍ച്ചയിലേയ്ക്കു കുതിക്കുകയായിരുന്നു. 1991 -ല്‍ പി.വി നരസിംഹറാവു പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വലിയ വഴിത്തിരിവായ കാര്യം കൂടി ഓര്‍ക്കണം. പില്‍ക്കാലത്തു പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിങ്ങ് ആയിരുന്നു ആ സമയത്തെ ധനകാര്യമന്ത്രി. ഇന്ത്യന്‍ ധനകാര്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ തുടങ്ങിയ കാലഘട്ടം.
1990 കളുടെ മധ്യത്തോടെയാണ് എയര്‍ ഇിന്ത്യയുടെ കഷ്ടകാലം തുടങ്ങിയത്. വിമാനം വാടകയ്ക്കെടുക്കുന്നതുള്‍പ്പെടെ പല കാര്യങ്ങളിലും അഴിമതി ആരോപണം ഉയര്‍ന്നു. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനച്ചെലവ് വളരെ ഉയര്‍ന്നു. ധൂര്‍ത്തും കെടുകാര്യസ്ഥതയും പതിവായി.
പുതിയ സ്വകാര്യ വിമാന കമ്പനികള്‍ വന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മത്സരം രൂക്ഷമായി. ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. വരുമാനം പെട്ടെന്ന് ഇടിഞ്ഞു താണു. 11 ബില്യണ്‍ ഡോളര്‍ മുടക്കി 111 വിമാനം വാങ്ങാനുള്ള തീരുമാനം ദുരന്തമായി. 2005, 2006 വര്‍ഷങ്ങളിലായിരുന്നു ഈ നീക്കം. തീരുമാനം വളരെ താമസിച്ചതായിരുന്നു ഒരു കാരണം. അതുകൊണ്ടുതന്നെ വില വളരെ കൂടുകയും ചെയ്തു.
2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും പരസ്പരം ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കിയത് മറ്റൊരു വലിയ ദുരന്തമായി. രണ്ട് പൊതുമേഖലാ വിമാനക്കമ്പനികളെയും തകര്‍ച്ചയിലേയ്ക്കു നയിക്കുന്ന നടപടിയായിപ്പോയി അത്.
ഇന്നിപ്പോള്‍ എയര്‍ ഇന്ത്യ വീണ്ടും റ്റാറ്റായുടെ കൈയിലെത്തുന്നു. അതിന്‍റെ അമരത്ത് ചെയര്‍മാന്‍ എമിറിറ്റസ് രത്തന്‍ റ്റാറ്റായും. ആകെ 70,820 കോടിയുടെ കടബാധ്യതയുള്ള സ്ഥാപനമാണ് റ്റാറ്റാ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ പ്രതിവര്‍ഷം 10,000 കോടി രൂപയാണ് എയര്‍ ഇന്ത്യ വരുത്തുവെയ്ക്കുന്ന നഷ്ടം. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെള്ളാന.
റ്റാറ്റാ ഗ്രൂപ്പിന് ഇപ്പോള്‍ ആകെ രണ്ട് വിമാനക്കമ്പനികളുണ്ട് - എയര്‍ ഏഷ്യയുമായി ചേര്‍ന്നു നടത്തുന്ന എയര്‍ ഏഷ്യാ ഇന്ത്യയും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നു നടത്തുന്ന വിസ്താരയും. മൂന്നാമതൊരു വിമാനക്കമ്പനികൂടി റ്റാറ്റായുടെ കൈയിലെത്തുന്നു - ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്ന എയര്‍ ഇന്ത്യ.
എന്തായാലും എയര്‍ ഇന്ത്യയ്ക്ക് റ്റാറ്റാ നല്ല കാലം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. ഒരുകാലത്ത് കേരളത്തില്‍ നിന്ന് ഭാഗ്യം തേടി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു പൊയ്ക്കൊണ്ടിരുന്ന മലയാളി യുവാക്കളെ തുണച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. ഏതു ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നു.
ഇന്ന് കോവിഡ് മഹാമാരിക്കു ശേഷം ലോകം മുഴുവന്‍ മാറാന്‍ തുടങ്ങുകയാണ്. പുതിയ ഒരു വളര്‍ച്ചയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് തുണയാകാന്‍, റ്റാറ്റായുടെ കൈയിലെത്തുന്ന എയര്‍ ഇന്ത്യയ്ക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.
-ചീഫ് എഡിറ്റര്‍